Representative Image
കോഴിക്കോട് മെഡിക്കൽ കോളേജിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ നവജാത ശിശു വിഭാഗത്തോടനുബന്ധിച്ച് ഒരു എം.എൻ.സി.യു(മദർ-ന്യൂബോൺ കെയർ യൂണിറ്റ്) ആരംഭിച്ച വാർത്ത പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി എം.എൻ.സി.യു(എം.എന്‍.സി.യു) ആരംഭിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ആണ് പ്രസ്തുത സംരംഭം ഉദ്ഘാടനം ചെയ്തത്. നാഷണൽ ഹെൽത്ത് മിഷനും കോഴിക്കോട് ഗവ. മെഡി.കോളേജ് നവജാത ശിശു വിഭാഗവും ചേർന്നാണ് എം.എൻ.സി.യുവിന് തുടക്കം കുറിച്ചത്. മദർ ആൻഡ് ന്യൂബോൺ കെയർ യൂണിറ്റിനെക്കുറിച്ച് കൂടുതലറിയാം.
മദർ ആൻഡ് ന്യൂബോൺ കെയർ യൂണിറ്റ്
ജനിക്കുന്നത് വരെ കുഞ്ഞ് അമ്മയുടെ ശരീരത്തിന്റെ ഭാഗമാണ്. കുഞ്ഞിന് വേണ്ട പോഷകങ്ങളും പ്രാണവായുവും ലഭിക്കുന്നത് അമ്മയിലൂടെയാണ്. കുഞ്ഞിന്റെ ഓരോ അവയത്തിന്റെയും വളർച്ചയിൽ അമ്മയുടെ പ്രാധാന്യം എന്ത് എന്നറിയണമെങ്കിൽ മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾ കടന്നുപോകുന്ന പ്രതിസന്ധികൾ എന്തൊക്കെ എന്നറിഞ്ഞാൽ മാത്രം മതി. ലോകത്തിലെ ഏറ്റവും മികച്ച നവജാത ശിശുപരിചരണ യൂണിറ്റിനു പോലും അമ്മയുടെ ഗർഭപാത്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ കുഞ്ഞിന് പകർന്നു നൽകാൻ സാധിക്കുന്നില്ല. കുറച്ചെങ്കിലും സാധിക്കുന്നുണ്ടെങ്കിൽ പോലും അതിന് വേണ്ടി വരുന്ന സാമ്പത്തിക ബാധ്യത എത്രയോ കൂടുതലാണ് താനും.
ജനിച്ചു കഴിഞ്ഞാലുള്ള കാര്യം നോക്കിയാൽ, കുഞ്ഞിനും അമ്മയ്ക്കും കുഴപ്പമൊന്നുമില്ലെങ്കിൽ രണ്ടു പേരും ഒന്നിച്ച് പ്രസവാനന്തര വാർഡിൽ ആയിരിക്കും. എന്നാൽ മാസം തികഞ്ഞില്ല എങ്കിലോ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് എങ്കിലോ കുഞ്ഞ് നവജാത ശിശു വിഭാഗത്തിലും അമ്മ പ്രസവാനന്തര വാർഡിലുമായിരിക്കും. അമ്മയുടെ സാന്നിധ്യം കുഞ്ഞിന് (തിരിച്ചും) ഏറ്റവും ആവശ്യമുള്ള ഒരു ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. അമ്മയുടെ സാന്നിധ്യം ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള നവജാത ശിശുക്കൾ രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത കൂടുതലാണ് എന്ന് ധാരാളം പഠനങ്ങൾ വഴി തെളിയിക്കപ്പെട്ടതാണ്. അതിനുളള സാധ്യതയാണ് മദർ ആൻഡ് ന്യൂബോൺ കെയർ യൂണിറ്റ് വഴി തുറക്കപ്പെടുന്നത്.
അമ്മയുടെ സാന്നിധ്യം കുഞ്ഞിന് എങ്ങനെയൊക്കെയാണ് ഉപകാരപ്പെടുക?
സ്വന്തം അമ്മയുടെ മുലപ്പാലിന്റെ ലഭ്യത ഉറപ്പു വരുത്തുന്നു
ഒരു കുഞ്ഞിന്റെ ആരോഗ്യത്തോടെയുള്ള വളർച്ചക്ക് ഏറ്റവും ആവശ്യം സ്വന്തം അമ്മയുടെ പാലാണ്. പൊടിപ്പാലോ, മൃഗങ്ങളുടെ പാലോ, എന്തിന്, മറ്റ് അമ്മമാരുടെ പാലു പോലും അതിനോടൊപ്പമെത്തില്ല. അമ്മയും കുഞ്ഞും വേർപിരിഞ്ഞിരുന്നാൽ പാൽ ചുരത്തപ്പെടുന്നത് കുറയും, ഉള്ള പാൽ പോലും പിഴിഞ്ഞ് എടുത്ത് കൊടുക്കുന്നത് പറയുന്ന പോലെ എളുപ്പവുമല്ല.
ശരീരോഷ്മാവ് നിലനിർത്താൻ സഹായകമാകുന്നു
സ്വന്തം ശരീരോഷ്മാവ് നിലനിർത്താൻ പറ്റാത്തതാണ് നവജാത ശിശുക്കളുടെ (പ്രത്യേകിച്ചും തൂക്കക്കുറവുള്ള കുഞ്ഞുങ്ങളുടെ) മരണത്തിന് പ്രധാന കാരണം. അമ്മയും കുഞ്ഞും തൊട്ടുതൊട്ടിരിക്കുന്ന അവസരത്തിൽ (Skin to skin contact) അമ്മയുടെ ശരീരത്തിന്റെ ചൂട് കുഞ്ഞിന് ലഭിക്കുന്നു. അതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് കങ്കാരു പരിചരണം. അത് ജനിച്ച് എത്രത്തോളം വേഗത്തിൽ പ്രാവർത്തികമാക്കുന്നുവോ അത്രയും നല്ലത്. പ്രസവ മുറിയിൽ വച്ചു തന്നെ തുടങ്ങുന്ന രീതിയാണ് ഇന്നുള്ളത്. പിറന്ന ഉടനെ കുഞ്ഞിനെ അമ്മയുടെ വയറ്റത്താണ് കിടത്തുന്നത്. കുഞ്ഞിന്റെ ദേഹം തുടച്ചയുടനെ മുലയൂട്ടാനും തുടങ്ങും. പൊക്കിൾകൊടി മുറിച്ച് വേർപെടുത്തുന്നത് പോലും രണ്ടോ മൂന്നോ മിനിറ്റ് കഴിഞ്ഞ് ആകുന്നതാണ് നല്ലത്.
നവജാത ശിശു വിഭാഗത്തിൽ കുഞ്ഞിന്റെ ദേഹം തുടക്കുക, പാൽ കൊടുക്കുക, ഡയപ്പർ മാറ്റുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യുന്നത് നഴ്സുമാരാണ്. മിക്കയിടങ്ങളിലും ആവശ്യത്തിന് നഴ്സുമാരില്ല. മാത്രമല്ല ഇത്തരം കാര്യങ്ങൾ അമ്മയ്ക്ക് കുറച്ചു കൂടി നന്നായി ചെയ്യാൻ കഴിയും. നഴ്സുമാർക്ക് മറ്റു പരിചരണങ്ങളിൽ മുഴുകാൻ കൂടുതൽ സമയം ലഭിക്കും. അമ്മക്ക് കുഞ്ഞിനെ പരിചരിക്കുന്ന കാര്യത്തിൽ വേഗത്തിൽ ആത്മവിശ്വാസം നേടാൻ കഴിയും. ഇങ്ങനെ ചെയ്യുമ്പോൾ കുഞ്ഞുങ്ങൾ വേഗത്തിൽ തൂക്കം കൂടുന്നതായും, കുറച്ചു കൂടി നേരത്തെ ഡിസ്ചാർജ് ചെയ്യാൻ സാധിക്കുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
അമ്മ വേറൊരു വാർഡിലാണെങ്കിൽ ദിവസം രണ്ടുമൂന്ന് തവണ കുഞ്ഞിനെക്കാണാൻ വരേണ്ടിവരും. പ്രസവത്തിനോ സിസേറിയനോ ശേഷമുള്ള ആദ്യ ദിവസങ്ങളിൽ ഇത് ദുഷ്കരമാണ്. വേദനാജനകവുമാണ്. ഈ സാഹചര്യം ഒഴിവാക്കാൻ സാധിക്കുന്നത് തന്നെ വലിയ കാര്യമാണ്. അമ്മയെ ചികിൽസിക്കുന്ന ഡോക്ടർമാർക്ക് MNCU വിൽ വന്ന് പരിശോധിക്കാൻ സാധിക്കും. ഇൻജക്ഷനോ ഡ്രിപ്പോ ഉണ്ടെങ്കിൽ അതും അവിടെ വെച്ചു തന്നെ നൽകാം.
അമ്മയും കുഞ്ഞും വേർപിരിഞ്ഞിരിക്കുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന (കുഞ്ഞിനും ഉണ്ടാകുമായിരിക്കും ) മാനസിക സംഘർഷം ഒഴിവാക്കാൻ പറ്റും. കൂടുതൽ മുലപ്പാൽ ചുരത്തപ്പെടും. കുഞ്ഞിന് ഡ്രിപ്പിന്റെയും പൊടിപ്പാലിന്റേയും ആവശ്യം കുറഞ്ഞു വരും. ഇത് കുഞ്ഞിന് അണുബാധക്കുള്ള സാധ്യത കുറക്കും.
ഇപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെ മദർ ആൻഡ് ന്യൂ ബോൺ കെയർ യൂനിറ്റ് എന്ന ആശയം കൂടുതൽ കൂടുതൽ ആശുപത്രികൾ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതുണ്ട്. അമ്മയ്ക്ക് കിടക്കാനും ആവശ്യമെങ്കിൽ ചാരി ഇരിക്കാനും കഴിയുന്ന രീതിയിലുള്ള കട്ടിലും കുഞ്ഞിന് ആവശ്യമായ പരിചരണങ്ങൾ നൽകാൻ വേണ്ട സജ്ജീകരണങ്ങളും ഇവിടെ ഒരുക്കേണ്ടതുണ്ട്.
Content Highlights: things to know about mother and newborn care unit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..