Representative Image| Photo: AP
ബീജിങ്: കോവിഡ് പ്രതിരോധത്തിനായി നടപ്പിലാക്കിയ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിരിക്കുകയാണ് ചൈന. മൂന്നുവർഷത്തിനുശേഷമാണ് കര, വ്യോമ, ജലഗാതഗത മാർഗങ്ങൾ ഞായറാഴ്ച ചൈന പൂർണമായി തുറന്നത്. ചൈനയിൽ എത്തുന്ന യാത്രക്കാർക്ക് നിർബന്ധിതമാക്കിയിരുന്ന ക്വാറന്റീർ എടുത്തുകളയുകയും ചെയ്തു. കോവിഡ് ഭീതിയെത്തുടർന്ന് നടപ്പാക്കിയ കർക്കശ ‘സീറോ കോവിഡ് നയം’ ഇതോടെ പൂർണമായി അവസാനിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങൾ നീക്കി വീണ്ടും തുറക്കാൻ ഇതിലും നല്ലൊരു സമയം വേറെയില്ലെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്.
വാക്സിനേഷനും പ്രതിരോധശേഷിയും പരിഗണിച്ചാണ് ഇപ്പോൾ തന്നെ തുറക്കാൻ തീരുമാനമായതെന്ന് നാഷണൽ ഹെൽത്ത് മിഷന്റെ കീഴിലുള്ള കോവിഡ് വിദഗ്ധ സമിതിയുടെ മേധാവി ലിയാങ് വാനിയാൻ പറഞ്ഞു. ഇപ്പോഴുള്ള തുറക്കൽ മുതിർന്ന പൗരന്മാരെ പ്രതികൂലമായി ബാധിക്കുകയും രോഗനിരക്കും മരണനിരക്കും വർധിപ്പിക്കുകയും ചെയ്തെങ്കിലും മറ്റു പല സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ഇതാണ് തുറക്കാനുള്ള മികച്ച സമയമെന്നും അദ്ദേഹം പറയുന്നു.
മഞ്ഞുകാലത്ത് രാജ്യം വീണ്ടും പഴയപടി തുറന്നു പ്രവർത്തിക്കുക എന്നതാണ് വേനൽക്കാലത്ത് തുറക്കാതിരുന്നതിനേക്കാൾ നല്ല തീരുമാനം. കാരണം കഴിഞ്ഞ വേനലിൽ വാക്സിനിൽ നിന്നു ലഭിച്ച സുരക്ഷ മതിയായിരുന്നില്ല, എന്നാൽ അടുത്ത വേനൽ എത്തും വരെ തുറക്കുന്നത് വൈകിച്ചിരുന്നെങ്കിൽ പ്രതിരോധശേഷി വീണ്ടും കുറയുകയും ചെയ്യും.- ലിയാങ് പറയുന്നു.
കഴിഞ്ഞ വേനലിൽ മുതിർന്ന പൗരന്മാർക്ക് വിചാരിച്ചിരുന്ന സുരക്ഷ ഒരുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വിഭാഗത്തിനിടയിൽ വാക്സിനേഷൻ നിരക്കും താരതമ്യേന കുറവായിരുന്നു. തുടർന്ന് വാക്സിനേഷൻ ഇക്കൂട്ടരിൽ ശക്തിപ്പെടുത്തുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കുറയുന്ന ജൂൺ, ജൂലൈ മാസങ്ങളായിരുന്നു തുറക്കാൻ ഏറ്റവും മികച്ചത്. പക്ഷേ അപ്പോഴേക്കും വാക്സിനേഷനിൽ നിന്നുള്ള പ്രതിരോധശേഷി മുതിർന്ന പൗരന്മാർക്കിടയിൽ കുറഞ്ഞുവരും. ചൈനയുടെ പ്രതിരോധശേഷി കൂടുകയും മുതിർന്നവർക്കിടയിൽ വാക്സിനേഷൻ നിരക്ക് കൂടുകയും ചെയ്ത ഈ സമയം തന്നെയാണ് തുറക്കാൻ നല്ലതെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. ഗുരുതര സാഹചര്യങ്ങളെ നേരിടാൻ മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ ഉറപ്പാക്കാനുള്ള നടപടികൾ സജ്ജമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കോവിഡ് ബാധിതർ അനിയന്ത്രിതമായി പെരുകുന്നതിനിടെ തുറക്കാനുള്ള തീരുമാനം വിമർശനങ്ങൾക്കും വഴിവെക്കുന്നുണ്ട്. ജനുവരി 22-ന് ചൈനീസ് പുതുവത്സരം പിറക്കാനിരിക്കെയുള്ള നയംമാറ്റം പരിഭ്രാന്തിയുയർത്തിയിരിക്കുകയാണ്. ചൈനക്കാർ കൂട്ടത്തോടെ വിനോദസഞ്ചാരത്തിനായി മറുനാടുകളിലേക്കു പോകുന്ന സമയമാണിതെന്നതാണു കാരണം. ഇന്ത്യയും അമേരിക്കയും കാനഡയുമുൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ ചൈനയിൽനിന്നെത്തുന്നവർക്ക് 48 മണിക്കൂറിനു മുമ്പുനടത്തിയ കോവിഡ് നെഗറ്റീവ് പരിശോധനാഫലം നിർബന്ധമാക്കിയിട്ടുണ്ട്.
ശക്തമായ സർക്കാർവിരുദ്ധ പ്രതിഷേധത്തെത്തുടർന്ന് ഡിസംബറിലാണ് ‘സീറോ കോവിഡ് നയം’ അവസാനിപ്പിക്കാൻ ചൈന തീരുമാനിച്ചത്.
Content Highlights: there was no better time to reopen China says top adviser
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..