കോഴിക്കോട്: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം ഹാജരാക്കാത്ത കോവിഡ് രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരമുള്ള സൗജന്യചികിത്സ നല്‍കേണ്ടതില്ലെന്ന് ഗവ. മെഡിക്കല്‍ കോളേജുകള്‍ക്ക് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ഇത്തരം രോഗികള്‍ ചികിത്സ സ്വന്തംചെലവില്‍ നിര്‍വഹിക്കണമെന്നാണ് നിര്‍ദേശം. രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്ത ഇരുന്നൂറോളം രോഗികള്‍ ഇപ്പോള്‍ വിവിധ മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയിലുണ്ട്.

അലര്‍ജി, മറ്റുരോഗങ്ങള്‍ എന്നിവ കാരണം കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്ത രോഗികള്‍ അക്കാര്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ചികിത്സ സൗജന്യമായി നല്‍കും. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചയ്ക്കകം ഹാജരാക്കാമെന്ന സത്യവാങ്മൂലം എഴുതിനല്‍കുന്ന രോഗിക്ക് അതിന്റെ അടിസ്ഥാനത്തില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രകാരമുള്ള സൗജന്യചികിത്സ നല്‍കും. രോഗി തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത സാഹചര്യമുണ്ടായാല്‍ ആ രോഗിയുടെ ചികിത്സയ്ക്കായി ചെലവഴിച്ച തുക ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. രോഗികളെയും ഡോക്ടര്‍മാരെയും ആശുപത്രി അധികൃതരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഈ ഉത്തരവ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം പ്രവേശിപ്പിച്ച കൊയിലാണ്ടിയില്‍നിന്നുള്ള വൃദ്ധയായ കോവിഡ് രോഗിയുടെ ബന്ധുക്കള്‍ കാരുണ്യ പദ്ധതിപ്രകാരമുള്ള സൗജന്യചികിത്സ ലഭിക്കില്ലെന്നറിഞ്ഞതോടെ നെട്ടോട്ടമായി. സ്ഥലത്തില്ലാതിരുന്നതുകൊണ്ടും പിന്നെ വാക്‌സിന്‍ക്ഷാമം കാരണവുമാണ് ഇവര്‍ക്ക് നേരത്തെ വാക്‌സിനെടുക്കാന്‍ കഴിയാതിരുന്നത്. എങ്കിലും ഇത് സാക്ഷ്യപ്പെടുത്തി നല്‍കാന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ തയ്യാറാവുന്നില്ല. രോഗികളോ അവരുടെ ബന്ധുക്കളോ പറയുന്ന കാരണം ശരിയാണോ എന്ന് ഉറപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഇങ്ങനയൊരു സാക്ഷ്യപത്രം നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവില്ല. ഫലത്തില്‍ അര്‍ഹതപ്പെട്ട സൗജന്യചികിത്സ നിഷേധിക്കപ്പെടുകയാണെന്ന് രോഗികളും ബന്ധുക്കളും പറയുന്നു.

നടപടി കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍

കോവിഡ് പ്രതിരോധവാക്‌സിന്‍ സ്വീകരിക്കുന്നതിന് ചുരുക്കം ചിലരെങ്കിലും വിമുഖത കാണിക്കുന്നതിനാല്‍ സംസ്ഥാനത്തെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നത് തടയാനാണ് ഈ നടപടിയെന്ന് ആരോഗ്യ കുടുംബക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ നാംദേവ് ഖൊബ്രഗഡെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് വാക്‌സിന്‍ എടുക്കാത്ത കോവിഡ് രോഗികളുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ ചിലര്‍ വാക്‌സിന്‍ എടുക്കാതിരിക്കുന്നത് മറ്റുള്ളവര്‍ക്കുകൂടി പ്രയാസമാവുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശനനിയന്ത്രണത്തിന് നിര്‍ബന്ധിതമായത്.

Content Highlights: There is no free treatment for a Covid19 patient who has not been vaccinated