പ്രതീകാത്മക ചിത്രം | വര: ബിനോജ് പി.പി.
വൈക്കം: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിവസവും കൂടുന്നു. കോവിഡ് കൂടുന്നുണ്ടെങ്കിലും പനി ബാധിതരെ ആശുപത്രികളില്‍ കോവിഡ് ടെസ്റ്റിനു നിര്‍ബന്ധിക്കുന്നില്ല. കോവിഡ് ലക്ഷണങ്ങളോടെ എത്തുന്നവര്‍ക്കു മാത്രമാണ് ടെസ്റ്റ് നടത്തുന്നത്. എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ അവഗണിക്കുന്നവര്‍ ഏറെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഡെങ്കിപ്പനി, എലിപ്പനി എന്നിവയും സ്ഥിരീകരിക്കുന്നുണ്ട്. സമാന ലക്ഷണങ്ങളാണ് പനി ബാധിച്ച മിക്കവര്‍ക്കും. വിദഗ്ധ പരിശോധനയിലൂടെയേ ഏത് പനിയാണെന്ന് സ്ഥിരീകരിക്കാനാവൂ. സ്വയം ചികിത്സ നടത്തെരുതെന്ന് ഡോകടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്.
രോഗത്തെ തിരിച്ചറിയാം
ഇപ്പോള്‍ പടരുന്ന പനികള്‍ക്കും കോവിഡിനുമെല്ലാം സമാന ലക്ഷണങ്ങളാണ് കാണുന്നതെന്ന് കോട്ടയം ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ പി.എന്‍. വിദ്യാധരന്‍ പറഞ്ഞു. രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നത്. കോവിഡ് ആണെന്ന് സംശയം തോന്നിയാല്‍ ടെസ്റ്റ് നടത്തി ഉറപ്പാക്കും. അതുപോലെ തന്നെയാണ് മറ്റ് പനികളും.
കോവിഡ്
പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടല്‍.
വൈറല്‍ പനി
തൊണ്ടവേദനയോടു കൂടിയ ശക്തമായ പനി. മൂന്നുദിവസംവരെ പനി ഉണ്ടാകാം. ഒപ്പം ശക്തമായ തലവേദന, മൂക്കടപ്പ്, ക്ഷീണം, ചുമ.
ഡെങ്കിപ്പനി
ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയല്‍, ശക്തമായ തലവേദന
എലിപ്പനി
ശക്തമായ വിറയല്‍, പനി, തളര്‍ച്ച, കുളിര്, ശരീരവേദന, ഛര്‍ദി, മനംപുരട്ടല്‍, കണ്ണിന് ചുവപ്പ്, വെളിച്ചത്ത് നോക്കാന്‍ പ്രയാസം, കണങ്കാലില്‍ വേദന
എച്ച്1എന്‍1
പനി, ശരീരവേദന, ഛര്‍ദി, തൊണ്ടവേദന, വിറയല്‍, ക്ഷീണം
മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കോവിഡില്‍നിന്നു മാത്രമല്ല, വൈറല്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളില്‍നിന്നും രക്ഷനേടാന്‍ ഉപകരിക്കും. പനി ഉണ്ടെന്നുതോന്നിയാല്‍ ഡോക്ടറുടെ സഹായം തേടണം.
വ്യക്തി ശുചിത്വം പാലിക്കുന്നതും പ്രധാനം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം
കോട്ടയം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ മരുന്ന് ക്ഷാമത്തിലേക്ക്. ഏറെ രോഗികള്‍ക്ക് ആവശ്യമുള്ള 25 മരുന്നുകള്‍ പുറത്തേക്ക് എഴുതി നല്‍കുകയാണ്. ഏറ്റവും കൂടുതല്‍ വേണ്ടിവരുന്ന ആന്റിബയോട്ടിക്കുകള്‍, പാരാസെറ്റമോള്‍, അണുബാധ ഒഴിവാക്കാനുള്ള ടി.ടി. കുത്തിവെപ്പ് എന്നിവപോലും വേണ്ടത്ര ശേഖരത്തിലില്ല.
ജീവിതശൈലീ ക്ലിനിക്കുകള്‍ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിന്റെ മരുന്നുകളും കുറവുണ്ട്. മിക്ക ജനറല്‍ ആശുപത്രികളിലും പേപ്പട്ടിവിഷത്തിനുള്ള മരുന്ന് തീരെ ലഭ്യമല്ല.
മരുന്നിന്റെ പട്ടിക തയ്യാറാക്കുന്നതിലും വാങ്ങാനുള്ള തുടര്‍നടപടികളിലും വന്ന കാലതാമസമാണ് മരുന്ന് ക്ഷാമത്തിന് കാരണം. ഒക്ടോബറിലാണ് വേണ്ട മരുന്നുകളുടെ കണക്കെടുക്കുക. ജനുവരി പാതിയോടെ കന്പനികളുടെ പട്ടിക തയ്യാറാക്കും. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവയെ ഒഴിവാക്കിവേണം ഇത് ചെയ്യേണ്ടത്. ഇതെല്ലാം ഏകോപിപ്പിച്ച് മരുന്ന് വാങ്ങുന്നത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ്.
പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി മരുന്ന് സംഭരിച്ച് ഏപ്രിലില്‍ ആശുപത്രികള്‍ക്ക് വിതരണം ചെയ്യുകയുംചെയ്യും. ഇക്കുറി ഈ നടപടി വൈകി. മേയ് പാതിയോടെയാണ് നടപടികള്‍ തുടങ്ങിയത്. ജൂണില്‍ മരുന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. കോവിഡ് കാലത്ത് കരുതിവെച്ച മരുന്നുകളാണ് മിക്ക ആശുപത്രികള്‍ക്കും ആശ്രയം. ചിലയിടത്ത് തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശികമായി മരുന്ന് വാങ്ങിനല്‍കിയതുകൊണ്ടാണ് പിടിച്ചുനില്‍ക്കുന്നത്.
കോട്ടയം ജനറല്‍ ആശുപത്രിയില്‍ പാരസെറ്റമോള്‍ സിറപ്പ് തീര്‍ന്നതിനാല്‍ മെഡിക്കല്‍ കോളേജില്‍നിന്ന് കൊണ്ടുവരേണ്ടിവന്നു. കഴിഞ്ഞദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി സന്ദര്‍ശനം നടത്തിയപ്പോള്‍ പാരസെറ്റമോള്‍ കുത്തിവെപ്പിനുള്ള മരുന്ന് പുറത്തേക്ക് എഴുതിക്കൊടുത്തത് കണ്ടെത്തിയിരുന്നു. മരുന്ന് ശേഖരം ഉണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിച്ചെങ്കിലും പുറത്തേക്കെഴുതിയത് എന്തുകൊണ്ടെന്ന് അന്വേഷിക്കാന്‍ മന്ത്രി ഉത്തരവിട്ടിരുന്നു.
മരുന്നിന് ക്ഷാമം ഇല്ലെന്നും ചില മരുന്നുകള്‍ കുറവുണ്ടെന്നുമാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം. അവശ്യമരുന്നുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ തന്നെ ഉറപ്പാക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.
Content Highlights: types of fever, need care and treatment, health, symptoms of different feveres
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..