കോവിഷീൽഡ് വാക്സിൻ ലോകമെങ്ങും ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടനയുടെ അനുമതി. ലോകാരോഗ്യസംഘടനയുടെ എമർജൻസി യൂസ് ലിസ്റ്റിങ് (ഇ.യു.എൽ.) അനുമതിയാണ് കോവിഷീൽഡിന് ലഭിച്ചത്. നാലു മുതൽ 12 ആഴ്ച വരെയുള്ള ഇടവേളകളിൽ കോവിഷീൽഡിന്റെ രണ്ടുഡോസ് വീതം വാക്സിൻ സ്വീകരിക്കാനാണ് ഇ.യു.എൽ. അനുമതി. കോവിഡ് 19 ലക്ഷണങ്ങളെ പ്രതിരോധിക്കാൻ വാക്സിൻ സുരക്ഷിതവും ഗുണകരവുമാണെന്ന് ക്ലിനിക്കൽ ട്രയലുകളിൽ വ്യക്തമായിരുന്നു. രണ്ടാമത്തെ ഡോസ് വാക്സിനെടുത്ത് 14 ദിവസത്തിന് ശേഷവും ഗുരുതരമായ പ്രശ്നങ്ങളോ ആശുപത്രിവാസമോ ഉണ്ടായില്ലെന്നും അനുമതിയിൽ വ്യക്തമാക്കുന്നു.

പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് കോവിഷീൽഡിന്റെ ഉത്‌പാദകർ. ഓക്സ്ഫോർഡ് സർവകലാശാലും ആസ്ട്രാനെക്കയും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. വിലക്കുറവും സൂക്ഷിക്കാൻ എളുപ്പമുള്ളതുമാണ് കോവിഷീൽഡ് വാക്സിൻ. അതിനാൽ തന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വാക്സിനാണ് കോവിഷീൽഡ് എന്ന് ലോകാരോഗ്യസംഘടന വിലയിരുത്തി. കോവിഡിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദത്തെ ചെറുക്കാനും കോവിഷീൽഡ് വാക്സിന് സാധിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ സ്ട്രാറ്റെജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്സ്പെർട്ട്സ് ഓൺ ഇമ്മ്യൂണൈസേഷൻ പറയുന്നു.

കോവിഷീൽഡ് വാക്സിന് ലോകമെങ്ങും അനുമതി ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദാർ പൂനാവാല പ്രതികരിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലും പെട്ടെന്ന് വാക്സിൻ വിതരണം ആരംഭിക്കാൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlights:The World Health Organization has approved the use of the COVISHIELD vaccine worldwide, Covid19, Corona Virus, Health