ന്യൂഡൽഹി: കോവിഡ് ആശങ്കയൊഴിയാത്ത ലോകത്ത് എല്ലാവർക്കും പ്രതിരോധകുത്തിവെപ്പ് നൽകുക എന്ന വെല്ലുവിളിയാണ് 2021നെ കാത്തിരിക്കുന്നത്. പലരാജ്യങ്ങളും ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ലോകത്തെ ദരിദ്രരാജ്യങ്ങളിൽ ഏറെയുമുള്ള സബ്സഹാറൻ ആഫ്രിക്കയിൽ (സഹാറ മരുഭൂമിക്കു തെക്കുള്ള പ്രദേശം) ആസൂത്രണങ്ങളൊന്നും നടന്നിട്ടില്ല. യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയിലും സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന മറ്റുപല രാജ്യങ്ങളിലും 2021ഓടെ വാക്സിൻ എത്തുമെങ്കിൽ, ദരിദ്രരാജ്യങ്ങൾ 2023 വരെ കാത്തിരിക്കേണ്ടിവരും.

വാക്സിൻ വിതരണം

  • യു.എസ്., യു.കെ., ജപ്പാൻ എന്നിവയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും മുൻഗണനപ്പട്ടികയിലുള്ളവർക്ക് അടുത്തവർഷം ആദ്യപകുതിയിലും മറ്റുള്ളവർക്ക് രണ്ടാം പകുതിയിലും വാക്സിൻ നൽകും
  • ചൈന, ഇന്ത്യ, ബ്രസീൽ, റഷ്യ അടുത്തവർഷം വിപുലമായി കുത്തിവെപ്പ് തുടങ്ങുമെങ്കിലും 2022ലും അതു തുടരാനാണു സാധ്യത.
  • ദരിദ്രരാജ്യങ്ങളിൽ 2022ൽ മാത്രമേ കുത്തിവെപ്പുതുടങ്ങൂ. ഇത് അടുത്ത രണ്ടുവർഷങ്ങളിലേക്കു നീളാനും സാധ്യതയുണ്ട്.
  • ലോകത്തെ എല്ലാ രാജ്യങ്ങളിലെയും 20 ശതമാനംപേർക്ക് 2021ൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുകയാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം.

വാക്സിന് വൈവിധ്യം

  • പ്രതിരോധമരുന്നിന്റെ ലഭ്യതയിലെ അന്തരം കണക്കിൽ മാത്രമല്ല, വാങ്ങുന്ന വാക്സിനുകളുടെ വൈവിധ്യത്തിലുമുണ്ട്. യു.എസ്., യു.കെ., യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവ ഒന്നിലേറെ കമ്പനികളുടെ വാക്സിൻ വാങ്ങുന്നുണ്ട്.
  • ലോകത്തിന്റെ വാക്സിൻ നിർമാണകേന്ദ്രമായ ഇന്ത്യ, നൊവാവാക്സ്, അസ്ട്രസെനക എന്നിവയുമായാണ് കരാറുണ്ടാക്കിയിരിക്കുന്നത്.
  • പല വികസ്വരരാജ്യങ്ങളും ഒരൊറ്റ കമ്പനിയുമായേ വാക്സിന് കരാറുണ്ടാക്കിയിട്ടുള്ളൂ. അവയിൽപലതും റഷ്യയുടെയോ ചൈനയുടെയോ വാക്സിനാണ് വാങ്ങുന്നത്.

കണക്കുകൾ കഥപറയുന്നു

  • ധനസ്ഥിതിയുള്ള രാജ്യങ്ങളെല്ലാം ചേർന്ന് 770 കോടി ഡോസ് വാക്സിൻ വാങ്ങിക്കഴിഞ്ഞു. കരുതലായിവെക്കാൻ 390 കോടി ഡോസ് വാക്സിന് ഓർഡർ കൊടുത്തിട്ടുമുണ്ടെന്നാണ് അമേരിക്കയിലെ നോർത്ത് കരോലൈനയിലുള്ള ഡ്യൂക്ക് സർവകലാശാലയുടെ കണക്ക്.
  • സബ്സഹാറൻ ആഫ്രിക്കയിലെ ഒരുരാജ്യംപോലും വാക്സിൻ വാങ്ങാൻ കരാറുണ്ടാക്കിയിട്ടില്ല.

ഓക്സ്‌ഫഡ് വാക്സിൻ 95 ശതമാനം ഫലപ്രദം

ആസ്ട്രസെനക്കയും ഓക്സ്‌ഫഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ 95 ശതമാനവും ഫലപ്രദമാണ്. ഞങ്ങളുടെ വാക്സിന് ഫൈസർ, മോഡേണ വാക്സിനുകളെപ്പോലെ ഫലപ്രാപ്തിയുണ്ട്. വാക്സിന് വിജയഫോർമുലയുണ്ട്.
- പാസ്കൽ സോറിയറ്റ്, സി.ഇ.ഒ. ആസ്ട്രസെനക്ക

Content Highlights:The world has to wait until 2023 for the full vaccination coverage, Health, Covid19, Corona Virus