കണ്ണൂര്‍: കോഴിക്കോട്ട് 2018-ല്‍ ഉണ്ടായ നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തിയോയെന്ന് സംസ്ഥാന ആരോഗ്യവകുപ്പിന് ഇനിയും അറിയില്ല. ഉറവിടം കണ്ടെത്താനുള്ള പഠനത്തിന് ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി സംഘത്തെ നിയോഗിച്ചെങ്കിലും മൂന്നുവര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിലില്ല. പുണെ ദേശീയ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാംപിള്‍ അയച്ചിരുന്നെങ്കിലും അതിന്റെ റിപ്പോര്‍ട്ടുകിട്ടിയതായും വകുപ്പില്‍ വിവരമില്ല.

'മാതൃഭൂമി' വിവരാവകാശപ്രകാരം തിരക്കിയപ്പോള്‍ കിട്ടിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ഈവര്‍ഷം നിപ ബാധിച്ച് കോഴിക്കോട്ട് ഒരുമരണം സംഭവിച്ചിരുന്നു. അതിന്റെ ഉറവിടം വവ്വാലാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന ആരോഗ്യ ഡയറക്ടര്‍ക്കും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കുമാണ് വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയിരുന്നത്. സംസ്ഥാന ഡയറക്ടര്‍ നല്‍കിയ മറുപടിയില്‍ വിവരങ്ങള്‍ സെക്ഷന്‍ പൊതു അധികാരിയുടെ പക്കല്‍ ലഭ്യമല്ലെന്നും വിവരങ്ങള്‍ ലഭ്യമാക്കാന്‍ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു മറുപടി. ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് അയച്ച മറുപടിയിലാണ് രോഗബാധയുടെ ഉറവിടം കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ലെന്ന് അറിയിച്ചത്.

ഉറവിടം കണ്ടെത്താനുള്ള ചുമതല ആരെയെങ്കിലും ഏല്‍പ്പിച്ചിരുന്നോ എന്ന ചോദ്യത്തിന് ചെന്നൈയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ഓഫീസില്‍ ലഭ്യമല്ലെന്നുമായിരുന്നു മറുപടി. പുണെ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഏല്‍പ്പിച്ചിരുന്നോയെന്ന ചോദ്യത്തിന് ഉണ്ടെന്നും റിപ്പോര്‍ട്ട് ലഭ്യമല്ലെന്നുമായിരുന്നു മറുപടി.

Content Highlights: The source of the Nipah virus is not known to the health department as per RTI document