ന്യൂഡൽഹി: കോവിഡിന്റെ രണ്ടാംതരംഗം അവസാനിച്ചുവെന്ന മിഥ്യാധാരണയിൽ നടത്തുന്ന വലിയ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാളും നീതി ആയോഗ് അംഗം ഡോ. വി.കെ. പോളും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ചന്തകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരുത്തരവാദപരമായി ആളുകൾ തിങ്ങിനിറയുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. വൈറസ് വ്യാപനത്തിന് വേഗംകൂട്ടുന്ന നടപടിയാണത്. വളരെ ബുദ്ധിമുട്ടിയാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറച്ച് ഈ ഘട്ടത്തിലെത്തിയത്. ഇനി ഈ നിലയിൽനിന്നുള്ള വർധന അനുവദിക്കരുത്.

ജീവിതവും സമ്പദ്‌വ്യവസ്ഥയും മുന്നോട്ടു പോകേണ്ടതുണ്ട്. അതേസമയം, കോവിഡ് വ്യാപനം തടയുകയും വേണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു മാത്രമേ അത് സാധ്യമാകൂ. കേസുകൾ നന്നായി കുറഞ്ഞ യു.കെ., റഷ്യ, ബംഗ്ലാദേശ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെല്ലാം ഇപ്പോൾ കൂടിവരുന്നതും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

രണ്ടാഴ്ചയ്ക്കുള്ളിൽ ടി.പി.ആർ. കുറഞ്ഞില്ലെങ്കിൽ
സ്ഥിതി സങ്കീർണമായേക്കും -മന്ത്രി വീണാ ജോർജ്‌

പത്തനംതിട്ട: കോവിഡ് രണ്ടാംതരംഗം കഴിഞ്ഞെന്ന് കരുതരുതെന്നും ജാഗ്രത തുടരണമെന്നും മന്ത്രി വീണാ ജോർജ്. കോവിഡ് സ്ഥിരീകരണനിരക്കിന് രണ്ടാഴ്ചയ്ക്കുള്ളിൽ കുറവ് വരുമെന്നാണ് വിലയിരുത്തൽ. നിലവിലെ സ്ഥിതിയിൽനിന്ന്‌ ടി.പി.ആർ. താഴ്‌ന്നില്ലെങ്കിൽ സ്ഥിതി സങ്കീർണമാകും. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും മൂന്നുമാസത്തിനുള്ളിൽ രണ്ടുേഡാസ് വാക്സിൻ ലഭ്യമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിന്റെ ലഭ്യതക്കുറവുണ്ടെന്നും മന്ത്രി പറഞ്ഞു. എങ്കിലും 45 വയസ്സിന് മുകളിലുള്ളവർക്ക് ഈ മാസംതന്നെ വാക്സിനേഷൻ പൂർണമാക്കാനായേക്കും.

കോവിഡ് മരണക്കണക്ക് ഒളിച്ചുവെച്ചിട്ടിെല്ലന്നും പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. പട്ടികയിൽ ഉൾപ്പെടുത്താൻ വിട്ടുപോയ പേരുകളും ചേർക്കണമെന്നതാണ് സംസ്ഥാന സർക്കാർ നിലപാട്. ജില്ലാ മെഡിക്കൽ ഓഫീസർമാർ ആവശ്യപ്പെട്ടപ്രകാരം നാലുദിവസംകൂടി ഇതിന് സാവകാശം അനുവദിച്ചിട്ടുണ്ട്.

കുട്ടികൾക്ക് വാക്സിൻ കിട്ടാത്തതിനാൽ, കോവിഡ് മൂന്നാംതരംഗത്തിൽ രോഗം വരാനുള്ള സാധ്യത പരിഗണിച്ച് ചികിത്സാസംവിധാനങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. പ്രത്യേക ഐ.സി.യു. സജ്ജമാക്കിയതിനുപുറമേ ആരോഗ്യപ്രവർത്തകർക്ക് പരിശീലനവും നൽകുന്നു.

ജീവിതശൈലീരോഗങ്ങൾ കുറയ്ക്കാൻ വരുന്ന അഞ്ചുവർഷം പ്രയത്നം നടത്തും. കോവിഡ് മരണങ്ങളിൽ പ്രമേഹരോഗികളുമേറെയാണെന്നും മന്ത്രി പറഞ്ഞു. 

Content Highlights: The second wave of Covid19 is not over says centre, Health, Covid19