ന്യൂഡൽഹി: വാക്സിനെടുത്തശേഷം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ഐ.സി.എം.ആർ. കോവിഷീൽഡിന്റെയോ കോവാക്സിന്റെയോ രണ്ടുഡോസും സ്വീകരിച്ചവരിൽ ആകെ 5709 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിനെടുത്തവരുടെ ആകെ എണ്ണവുമായി താരതമ്യംചെയ്യുമ്പോൾ ഇത് നിസ്സാരമാണെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വാർത്താസമ്മേളനത്തിൽ പറഞ്ഞു

കോവാക്സിന്റെ രണ്ടുഡോസുകളും സ്വീകരിച്ച 17,37,178 പേരിൽ 0.04 ശതമാനത്തിനും കോവിഷീൽഡ് സ്വീകരിച്ച 1,57,32,754 പേരിൽ 0.03 ശതമാനത്തിനും ആണ് പിന്നീട് കോവിഡ് ബാധിച്ചത്. കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ച 21,000-ത്തിലധികം ആളുകൾക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചു.

വാക്സിൻ സ്വീകരിച്ചാൽ കോവിഡിന്റെ അപകടം കുറയുകയും മരണത്തിൽനിന്ന് രക്ഷപ്പെടുകയും ചെയ്യുമെന്ന് ഡോ. ഭാർഗവ വിശദീകരിച്ചു. കുത്തിവെപ്പിനുശേഷം രോഗം വരുന്നതിനെ ‘ബ്രെയ്ക്ക് ത്രൂ ഇൻഫെക്‌ഷൻ' എന്നാണ് പറയുക. പതിനായിരത്തിൽ രണ്ടുമുതൽ നാലുവരെ ആളുകൾക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. വാക്സിന്റെ രണ്ടുഡോസുകൾ സ്വീകരിച്ചാലും അപകടം ഒഴിഞ്ഞതായി കണക്കാക്കരുതെന്നും കോവിഡ് മാർഗനിർദേശം കർശനമായി പാലിക്കണമെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.

Content Highlights: The number of people suffering from covid19 after vaccination is very low, Health, Covid19