കോഴിക്കോട്: പതിമ്മൂന്നുകാരന്റെ ആമാശയത്തില്‍ തറച്ച നിലയിലുള്ള സൂചി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് ഗവ. മെഡിക്കല്‍കോളേജ് ആശുപത്രിയിലെ സര്‍ജറി വിഭാഗം. ഒരാഴ്ച മുമ്പാണ് മലപ്പുറം സ്വദേശിയായ കുട്ടി സൂചി വിഴുങ്ങിയത്. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ എക്‌സ്റേയിലും സി.ടി. സ്‌കാനിങ്ങിലും ആമാശയത്തില്‍ തറച്ചുകിടക്കുന്ന നിലയില്‍ സൂചി കണ്ടെത്തുകയായിരുന്നു.
സാധാരണ നിലയില്‍ ശസ്ത്രക്രിയയാണ് ഇത്തരം കേസുകള്‍ക്ക് പരിഹാരം. എന്നാല്‍ സര്‍ജറി വിഭാഗത്തില്‍ പുതുതായി സ്ഥാപിച്ച അപ്പര്‍ ജി.ഐ. എന്‍ഡോസ്‌കോപ്പി സംവിധാനത്തിലൂടെ മുക്കാല്‍ മണിക്കൂറിനുള്ളില്‍ സൂചി പുറത്തെടുക്കുകയായിരുന്നു.

സര്‍ജറി വിഭാഗം മേധാവി ഡോ. ഇ.വി. ഗോപിയുടെ നേതൃത്വത്തില്‍ ഡോ. ജയന്‍, ഡോ. ചന്ദ്രശേഖരന്‍ എന്നിവരടങ്ങുന്ന സംഘമാണ് പുതിയ ഈസോഫാഗോ ഗാസ്‌ട്രോ ഡുവോഡിനോ സ്‌കോപ്പി രീതിയില്‍ ചികിത്സ നടത്തിയത്. കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. പുതിയ സംവിധാനം ഏര്‍പ്പെടുത്തി ആദ്യദിവസം തന്നെയാണ് വിജയകരമായ പ്രവര്‍ത്തനം നടത്തിയത്.
38 ലക്ഷത്തിന്റെ സംവിധാനം
സര്‍ജറി ഒ.പി. 64-ല്‍ സ്ഥാപിച്ച എന്‍ഡോസ്‌കോപ്പി മെഷീനിന് 38 ലക്ഷം രൂപ വിലവരും. ആരോഗ്യവകുപ്പിന്റെ ഫണ്ടായതിനാല്‍ വിദഗ്ധ ചികിത്സ സൗജന്യമായി നല്‍കാനാവും.

പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
എന്‍ഡോസ്‌കോപ്പി മെഷീന്‍ മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജന്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പി. വിജയന്‍, ആര്‍.എം.ഒ. ഡോ. രഞ്ജിനി, മുന്‍ സൂപ്രണ്ട് ഡോ. കെ.ജി. സജിത്ത്കുമാര്‍, ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി പ്രൊഫ.രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
സര്‍ജറി വിഭാഗത്തിലെത്തുന്ന കേസുകള്‍ക്ക് വളരെ വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനും അന്നനാളം, ആമാശയം എന്നിവിടങ്ങളിലെ കാന്‍സര്‍ കണ്ടെത്താന്‍ ബയോപ്‌സി സാംപിള്‍ ശേഖരിക്കാനും, ആമാശയത്തിലെ രക്തസ്രാവം തുടങ്ങിയവ വേഗത്തില്‍ കണ്ടെത്തി ചികിത്സ നല്‍കാനും ഇതുവഴി കഴിയുമെന്ന് സര്‍ജറി വിഭാഗം മേധാവി പറഞ്ഞു.
Content Highlights: The needle stuck in the stomach was removed without surgery at Kozhikode medical college, Health