തൃശ്ശൂര്‍: രക്തം കട്ടപിടിക്കുന്നതിനെതിരേ ഉപയോഗിക്കുന്ന ഹെപ്പാരിന്‍ കുത്തിവെപ്പ് മരുന്നുകളുടെ നിയന്ത്രിതവിലയില്‍ അന്‍പതു ശതമാനം കൂട്ടിയ നടപടി വരുന്ന മാര്‍ച്ചുവരെ തുടരും. കൂടിയ വില ഡിസംബറോടെ അവസാനിക്കേണ്ടതായിരുന്നു. വൃക്ക, ഹൃദയം തുടങ്ങിയ മേജര്‍ ശസ്ത്രക്രിയാവേളകളില്‍ വ്യാപകമായി ഉപയോഗിക്കുന്നതാണീ മരുന്ന്. മഹാമാരി പടരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു അവശ്യമരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ഏറെ പ്രാധാന്യമുള്ള മരുന്നായതിനാല്‍ കുറേക്കാലംകൊണ്ടുതന്നെ ഇത് അവശ്യമരുന്നു പട്ടികയിലുള്ളതാണ്. മറ്റു മിക്ക മരുന്നുകളെപ്പോലെ ഹെപ്പാരിന്റെയും നിര്‍മാണഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍നിന്നാണ്. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ അവിടെനിന്നുള്ള ഇറക്കുമതി കഷ്ടത്തിലായി. ഔഷധഘടകങ്ങളുടെ വില വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പറയുന്ന വിലയില്‍ മരുന്ന് വില്‍ക്കുക സാധ്യമല്ലായെന്ന നിലപാട് നിര്‍മാതാക്കള്‍ കൈക്കൊണ്ടു. നിര്‍മാണം കുറയുന്നതോടെ മരുന്നിന് ക്ഷാമമുണ്ടാകാനുള്ള സാധ്യത വിവരിച്ച് കമ്പനികള്‍ ദേശീയ ഔഷധ വിലനിയന്ത്രണസമിതിക്ക് കത്തും നല്‍കി. വിഷയം പരിഗണിച്ച സമിതിക്ക് ഔഷധഘടകങ്ങളുടെ വിലയിലെ വ്യത്യാസം യാഥാര്‍ഥ്യമാണെന്ന വസ്തുത ബോധ്യപ്പെട്ടു. ഒപ്പംതന്നെ പകര്‍ച്ചവ്യാധിഭീഷണിയുള്ള കാലത്ത് ഇത്തരമൊരു മരുന്ന് കിട്ടാതെവരുന്നത് വലിയ ഭവിഷ്യത്തുണ്ടാക്കുമെന്നും വിലയിരുത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് ആറുമാസത്തേക്ക് വിലയില്‍ വര്‍ധന അനുവദിക്കാന്‍ തീരുമാനിച്ചത്.
രണ്ടിനം മരുന്നുകള്‍ക്കാണ് ആനുകൂല്യം നല്‍കിയത്. മില്ലിലിറ്ററിന് ആയിരം ഐ.യു. ഉള്ളതിന് എം.എല്ലിന് 16.26 രൂപയായിരുന്നു. അയ്യായിരം ഐ.യു. അടങ്ങിയതിന് 40.36 രൂപയും. ഇവ യഥാക്രമം 24.39 രൂപയും 60.54 രൂപയുമായാണ് കൂട്ടിയത്. ചരക്കുസേവന നികുതി പുറമേയാണ്. മാര്‍ച്ച് 31 വരെയാണ് കൂടിയ വില നിലനില്‍ക്കുക.
എന്നാല്‍ ഇതുപോലെ പ്രശ്നത്തിലായ ഒട്ടേറെ മരുന്നുകളുടെ നിയന്ത്രിതവില കൂട്ടണമെന്ന ആവശ്യം പല കോണുകളില്‍നിന്ന് ഉയരുമ്പോഴും ഒരെണ്ണത്തെ മാത്രം പരിഗണിച്ചത് എന്തുകൊണ്ടാണെന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.
Content Highlights: The high price of the heparin injection drug will continue till March, Health, Medicines