പാലക്കാട്: ശിശുമരണങ്ങള്‍ ഉണ്ടാകുന്ന ദിവസങ്ങളിലെ വിവാദങ്ങളും തീരുമാനങ്ങളും പരിഹാര നിര്‍ദേശങ്ങളും അട്ടപ്പാടിക്കാര്‍ കേള്‍ക്കുന്നത് ഇതാദ്യമല്ല. 2013 മുതല്‍ ഈ ശനിയാഴ്ചവരെ ഇതുതന്നെയാണ് അട്ടപ്പാടിക്കാര്‍ കാണുന്നത്. കുട്ടികള്‍ മരിച്ചതിന്റെ ഉത്തരവാദിത്വം ആരുടെയെങ്കിലും ചുമലില്‍ ഏല്‍പ്പിച്ചതുകൊണ്ട് മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണീരുണക്കാനാവില്ല. ഇനി ഒരുമരണംപോലും ഉണ്ടാകാന്‍ പാടില്ലെന്ന് നിശ്ചയിച്ച് യഥാര്‍ഥ പരിഹാരമാണ് അട്ടപ്പാടി ആദിവാസിജനതയുടെ ആവശ്യം.

അട്ടപ്പാടി ആരോഗ്യമേഖലയുടെ പ്രധാന ആശ്രയമാണ് കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി. ആദിവാസി അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനമാണ് ലക്ഷ്യം. എന്നാല്‍, ആശുപത്രി പരിമിതികള്‍ക്ക് നടുവിലാണ്.

ഒരുവര്‍ഷം ശരാശരി 10,000 ഗര്‍ഭിണികള്‍ അട്ടപ്പാടിയില്‍ രജിസ്റ്റര്‍ചെയ്യുന്നുണ്ട്. നിലവില്‍ ഗര്‍ഭണികള്‍ക്ക് സ്‌കാന്‍ ചെയ്യാനുള്ള സൗകര്യം ഞായറാഴ്ചമാത്രമാണ്. ലക്ഷങ്ങള്‍മുടക്കി സ്‌കാനിങ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റേഡിയോളജിസ്റ്റിനെ നിയമിച്ചിട്ടില്ല. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് സ്‌കാന്‍ ചെയ്യണമെങ്കില്‍ മണ്ണാര്‍ക്കാട്ടോ കോയമ്പത്തൂരോ എത്തണം. അതിന് രണ്ടുമണിക്കൂറെങ്കിലും വേണ്ടിവരും. നിലവില്‍ മെഡിക്കല്‍കോളേജുകളില്‍ മാത്രമേ എം.ഡി. റേഡിയോളജിസ്റ്റ് തസ്തികയുള്ളൂ. എന്നാല്‍, അട്ടപ്പാടിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് നിയമനിര്‍മാണത്തിലൂടെ നിയമനം നടത്തണം. അതുമല്ലെങ്കില്‍ കരാറടിസ്ഥാനത്തിലോ ജോലിക്രമീകരണത്തിലോ നിയമനം നടത്തണമെന്ന് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു.

വിദഗ്ധചികിത്സ വേണോ... ചുരമിറങ്ങണം

പോഷകക്കുറവ്, അരിവാള്‍രോഗം തുടങ്ങിയ അസുഖമുള്ള ഗര്‍ഭിണികള്‍ ചികിത്സ തേടിയെത്തിയാല്‍ ഗുരുതരസാഹചര്യം കണക്കിലെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് അയയ്ക്കുകയാണ് പതിവ്. അട്ടപ്പാടി ചുരംകടന്ന് കിലോമീറ്ററുകള്‍ യാത്രചെയ്യണം വിദഗ്ധ ചികിത്സലഭിക്കാന്‍. സ്പെഷ്യാലിറ്റി വിഭാഗത്തില്‍ 10 മുതല്‍ 15 വര്‍ഷംവരെ പരിചയമുള്ള ഡോക്ടര്‍മാരുടെ സേവനം അട്ടപ്പാടി ആരോഗ്യമേഖലയില്‍ അത്യാവശ്യമാണ്. മെഡിസിന്‍, ശസ്ത്രക്രിയാവിഭാഗം, ശിശുരോഗവിഭാഗം, ഗൈനക്കോളജി വിഭാഗം എന്നിവയ്ക്ക് കണ്‍സള്‍ട്ടന്റ് തസ്തിക സൃഷ്ടിച്ച് നിയമനംനടത്തിയാല്‍ രോഗികളെ മറ്റാശുപത്രികളിലേക്ക് അയയ്ക്കുന്നത് 90ശതമാനംവരെ ഒഴിവാക്കാനാവും.

Content highlights: the health sector of attappady, in the midst of limitations, Infant death in Attapadi