കൊല്ലം: കോവിഡ് മൂന്നാംതരംഗം മുന്നില്‍ക്കണ്ട് കുട്ടികളിലെ പനി, ചുമ, വയറിളക്കരോഗങ്ങള്‍ ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ കുട്ടികളുടെ ഒ.പി.യില്‍ എത്തുന്ന കേസുകളാണ് നിരീക്ഷിക്കുക. കോവിഡ് പോസിറ്റീവാകുന്ന 18 വയസ്സിനു താഴെയുള്ളവരുടെ വിവരങ്ങളും ശേഖരിക്കും. അഞ്ചുവയസ്സില്‍ താഴെയുള്ളവര്‍, അഞ്ചുമുതല്‍ 10 വരെ പ്രായമുള്ളവര്‍, 11-18 വയസ്സിനിടയിലുള്ളവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് വിവരശേഖരണം.

കുട്ടികളില്‍ വയറിളക്കരോഗം കഴിഞ്ഞ രണ്ടാഴ്ചയായി നേരിയതോതില്‍ കൂടിയിട്ടുണ്ട്. മുമ്പ് ജലജന്യരോഗമായോ അതിസാരം, ടൈഫോയ്ഡ് തുടങ്ങിയവയുടെ ലക്ഷണമായോ ആണ് വയറിളക്കത്തെ കണക്കാക്കിയിരുന്നത്. ഇപ്പോള്‍ മറ്റു ലക്ഷണങ്ങള്‍ ഇല്ലാതെ വയറിളക്കം മാത്രമായി കുട്ടികള്‍ക്ക് കോവിഡ് പ്രത്യക്ഷപ്പെടാനുള്ള സാധ്യത ആരോഗ്യവകുപ്പ് കാണുന്നുണ്ട്.

അതുകൊണ്ട് വയറിളക്കമുള്ള കുട്ടികളില്‍, കോവിഡ് പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കമുള്ളവരെയും കണ്‍ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവരെയും നിര്‍ബന്ധമായും സ്രവപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

പനി, ചുമ ലക്ഷണങ്ങളുമായെത്തുന്ന കുട്ടികളെയും പരിശോധിക്കും. വയറിളക്കത്തെ കോവിഡിന്റെ മുന്നറിയിപ്പ് സൂചനയായി കണക്കാക്കണമെന്നും പറഞ്ഞിട്ടുണ്ട്. ഇക്കൊല്ലം പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് ആരോഗ്യവകുപ്പ് ശേഖരിച്ച വിവരമനുസരിച്ച് വയറിളക്കമുണ്ടായവരില്‍ 98 ശതമാനവും കുട്ടികളാണ്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതവേണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

പനി, ചുമ, വയറിളക്കരോഗങ്ങളാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുക

Content Highlights:  The Department of Health is monitoring children ahead of the covid Third wave