പ്രതീകാത്മക ചിത്രം | Photo: Mathrubhumi
കോഴിക്കോട്: മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ കോഴിക്കോട് അവയവമാറ്റ ആശുപത്രിക്കുള്ള നടപടിക്രമങ്ങള്‍ മുന്നോട്ടേക്ക്. ചേവായൂര്‍ ത്വഗ്രോഗാശുപത്രി വളപ്പിലാണ് ആശുപത്രി ഉയരുക. എന്നാല്‍, അതിനുമുമ്പേതന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ താത്കാലിക സംവിധാനമൊരുക്കുന്ന കാര്യവും ആലോചനയിലുണ്ട്.
രാജ്യത്തുതന്നെ സര്‍ക്കാരിനുകീഴിലുള്ള ആദ്യത്തെ അവയവമാറ്റ ആശുപത്രിയാണ് ചേവായൂരില്‍ ഒരുങ്ങുക. കഴിഞ്ഞ ജൂലായില്‍ത്തന്നെ ഇതിനുള്ള ധാരണയായിരുന്നു. പോണ്ടിച്ചേരി ജിപ്മെര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം പ്രൊഫസറായ ഡോ. ബിജു പൊറ്റെക്കാട്ടിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങുമെന്നാണ് കരുതുന്നത്. അതിനുശേഷം തുടര്‍ചര്‍ച്ചകള്‍ നടത്തി വൈകാതെതന്നെ നടപടികളിലേക്ക് കടക്കാനാണ് ആലോചന.
അഞ്ഞൂറുകോടി ചെലവില്‍ 20 ഏക്കറിലാണ് ആശുപത്രി ഒരുങ്ങുക. അമേരിക്കയിലെ മയാമി ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മാതൃകയില്‍ ഉന്നതനിലവാരമുള്ള ആധുനികചികിത്സയാണ് ഉണ്ടാവുക.
നൂറ്റമ്പതോളം ഡോക്ടര്‍മാര്‍, എണ്ണൂറിലേറെ നഴ്സുമാര്‍, ടെക്നിക്കല്‍ സ്റ്റാഫ്, 500 കിടക്ക എന്നിവയെല്ലാം ഉണ്ടാകും. ആശുപത്രിക്കുപുറമേ ഗവേഷണത്തിനും പരിശീലനത്തിനുമുള്ള കേന്ദ്രംകൂടിയായി മാറ്റാനാണ് ആലോചിക്കുന്നത്.
നിലവില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ ഏറെയും നടക്കുന്നത് സ്വകാര്യ ആശുപത്രികളിലാണ്. ഇത്തരം ശസ്ത്രക്രിയകള്ക്കുമാത്രമായി സര്‍ക്കാര്‍മേഖലയില്‍ ആശുപത്രി തുടങ്ങുമ്പോള്‍ ചെലവിലും കുറവുവരും. സ്പെഷ്യല്‍ ഓഫീസര്‍ ചുമതലയേറ്റെടുത്തശേഷമായിരിക്കും ഏതുരീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്ന തീരുമാനത്തിലേക്കെത്തുക. ചേവായൂര്‍ ത്വഗ്രോഗാശുപത്രി വളപ്പിലുള്ള സ്ഥലത്തിനൊപ്പം സമീപത്തുള്ള സര്ക്കാര്ഭൂമികൂടി ആശുപത്രിയാവശ്യത്തിനായി പ്രയോജനപ്പെടുത്തിയേക്കും.
Content Highlights: first organ transplant hospital in the government sector, set up in kozhikode, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..