ന്യൂഡൽഹി: റഷ്യൻ നിർമിത കോവിഡ് പ്രതിരോധമരുന്ന് സ്പുട്നിക് രാജ്യത്ത് അടിയന്തരാവശ്യത്തിന് ഉപയോഗിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നൽകി. ഡ്രഗ് കൺട്രോളർ ജനറലിന്‌ (ഡി.സി.ജി.ഐ.) കീഴിലുള്ള വിദഗ്‌ധസമിതി തിങ്കളാഴ്ച നൽകിയ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് തീരുമാനം.

റഷ്യയിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണഫലങ്ങളും ഇന്ത്യയിൽ നടത്തുന്ന മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലവും വിലയിരുത്തിയാണ് അനുമതി. 91.6 ശതമാനമാണ് ഈ വാക്സിന്റെ ഫലപ്രാപ്തി. ഇന്ത്യ അനുമതി നൽകുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്‌നിക്. പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്ക് ജനുവരിയിലാണ് അംഗീകാരം നൽകിയത്.

ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ് സ്പുട്നിക് ഇന്ത്യയിലെത്തിക്കുന്നത്. ആദ്യഘട്ടത്തിൽ റഷ്യയിൽനിന്ന് ഇറക്കുമതിചെയ്യും. ഈ മാസംതന്നെ വിതരണം തുടങ്ങും.

ഇന്ത്യയിൽ ഡോ. റെഡ്ഡീസ് നിർമിക്കുന്ന സ്പുട്‌നിക് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കയാണ്. സ്പുട്‌നിക് ഉപയോഗത്തിന് അനുമതിനൽകുന്ന അറുപതാമത്തെ രാജ്യവും ഏറ്റവും ജനസംഖ്യയുള്ള രാജ്യവുമാണ് ഇന്ത്യ.

അടുത്തുതന്നെ സ്പുട്‌നിക് ഇന്ത്യയിലെ അഞ്ച് ഫാർമകമ്പനികളിൽ നിർമിക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് ഫണ്ട് പ്രസ്താവനയിൽ അറിയിച്ചു. ഗ്ലാൻഡ് ഫാർമ, ഹെതെറോ ബയോഫാർമ, പനസീ ബയോടെക്, സ്റ്റെലിസ് ബയോഫാർമ, വിർകോവ് ബയോടെക് എന്നീ അഞ്ച് ഇന്ത്യൻ ഫാർമകളുമായാണ് ആർ.ഡി.ഐ.എഫ്. കരാറിലേർപ്പെട്ടിരിക്കുന്നത്.

സ്പുട്‌നിക്: അറിയേണ്ടതെല്ലാം

സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ആദ്യ ബഹിരാകാശ ഉപഗ്രഹത്തിന്റെ ഓർമയ്ക്കായാണ് സ്പുട്നിക് വി എന്ന പേര് നൽകിയിരിക്കുന്നത്. അഞ്ചിനെ സൂചിപ്പിക്കുന്ന റോമൻ അക്കമല്ല, വാക്സിന്റെ ആദ്യ അക്ഷരമായ ‘വി’യാണ് പേരിനൊപ്പമുള്ളത്.

മോസ്കോയിലെ ഗമേലയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പി‍ഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് സ്പുട്നിക് വികസിപ്പിച്ചത്. ആഗോളതലത്തിൽ വിതരണംചെയ്യുന്നത് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട്(ആർ.ഡി. ഐ.എഫ്.)

സ്വീകരിക്കേണ്ടത് വ്യത്യസ്തഘടകങ്ങളടങ്ങിയ രണ്ടുഡോസ് വാക്സിൻ. 21 ദിവസത്തെ ഇടവേളയിൽ. ഡോസുകൾ മാറ്റി ഉപയോഗിക്കാം

സമാനമായ ഘടകങ്ങളടങ്ങിയ ഡോസുകളെക്കാൾ ദീർഘകാല പരിരക്ഷയും സുരക്ഷിതത്വവും ഉറപ്പാണെന്ന് അവകാശവാദം.

ബ്രിട്ടീഷ് വകഭേദം വന്ന വൈറസുകൾക്കെതിരേ ഫലപ്രദം

ഫലപ്രാപ്തി

ഫൈസർ, മൊഡേണ വാക്സിനുകൾക്കുപിന്നിൽ ഫലപ്രാപ്തിയിൽ ലോകത്ത് മൂന്നാംസ്ഥാനത്ത്. ഇന്ത്യയിൽ അനുമതിനൽകിയ വാക്സിനുകളിൽ ഒന്നാംസ്ഥാനത്ത് (91.6 ശതമാനം) കോവാക്സിൻ-81 ശതമാനം ഫലപ്രദം. കോവിഷീൽഡ്-53 ശതമാനം മുതൽ 79 വരെ

Content Highlights: Central government Approval Of Sputnik Covid vaccine, Distributed this month itself, Health