പരിയാരം: കോവിഡ് ചികിത്സാരംഗത്ത് അഭിമാനമായി 104-കാരി കോവിഡ് രോഗമുക്തി നേടി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയായ എന്‍.ടി. ജാനകിയമ്മയാണ് വെള്ളിയാഴ്ച കോവിഡില്‍നിന്ന് മുക്തയായി ആസ്പത്രി വിട്ടത്. 12 ദിവസത്തോളമായി ഇവര്‍ മെഡിക്കല്‍ കോളേജ് ഐ.സി.യുവിലായിരുന്നു. ജില്ലയില്‍നിന്ന് കോവിഡ് മുക്തയാകുന്ന ഏറ്റവും പ്രായം ചെന്നയാളാണ് ഇവര്‍.

മേയ് 31-നാണ് തളിപ്പറമ്പ് കോവിഡ് കെയര്‍ സെന്ററില്‍നിന്ന് ഓക്‌സിജന്‍ കുറഞ്ഞ അവസ്ഥയില്‍ ജാനകിയമ്മയെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പ്രമോദിന്റെ നേതൃത്വത്തില്‍ മെഡിസിന്‍, അനസ്‌തേഷ്യ, പള്‍മണറി മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് ചികിത്സ ഏകോപിപ്പിച്ചത്. 65 വയസ്സിന് മുകളിലുള്ളവര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെടുമ്പോഴാണ് 104 വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെകൊണ്ടു വന്നത്.

ജൂണ്‍ അഞ്ചിന് നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവായി. തുടര്‍ന്ന് ഏഴുദിവസത്തെ ചികിത്സ കൂടി കഴിഞ്ഞാണ് ആസ്പത്രി വിട്ടത്. കോവിഡ് രണ്ടാംതരംഗ അതിവ്യാപനഘട്ടത്തില്‍ രോഗമുക്തി നേടുന്ന സംസ്ഥാനത്തെ പ്രായംകൂടിയ ആളാണ് ജാനകിയമ്മ.

ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നല്‍കിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

Content Highlights: The 104-year-old lady recovered from covid 19