കൊച്ചി: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതില്‍ ആശങ്ക. രണ്ടാം തരംഗ മുന്നറിയിപ്പ് തള്ളിക്കളയരുതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

രോഗികളുടെ എണ്ണം കൂടുന്നതോടൊപ്പം രോഗം പകരുന്നതിന്റെ വേഗവും കൂടുന്നതനുസരിച്ചാണ് രണ്ടാംതരംഗം കണക്കാക്കുന്നത്. നിലവില്‍ പ്രതിദിനം 2000 മുതല്‍ 2800 വരെ പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇത് 1500-നും രണ്ടായിരത്തിനും ഇടയിലായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അല്ലാതെയും പ്രതിരോധ മാര്‍ഗങ്ങളില്ലാതെ പൊതു ഇടങ്ങളില്‍ ജനം കൂട്ടംകൂടുന്നതാണ് കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാര്‍ച്ച് ആദ്യവാരം 4.5 ശതമാനത്തോടടുത്തായിരുന്നു. മാസത്തിന്റെ മധ്യത്തില്‍ 3.6 ആകുകയും പിന്നീട് 2.74 വരെ താഴുകയും ചെയ്തു.

ഏപ്രിലിലെ ആദ്യ വ്യാഴാഴ്ച നിരക്ക് 5.15-ല്‍ എത്തി. വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം കൂടാനാണു സാധ്യത. കോവിഡ് പ്രതിരോധ മരുന്ന് ജനസംഖ്യയുടെ 10-15 ശതമാനം വരെ പേര്‍ക്കു മാത്രമേ ലഭ്യമായിട്ടുള്ളൂ.

നാലായിരത്തില്‍ കൂടിയാല്‍ രണ്ടാംതരംഗ സൂചന

പ്രതിദിനം നാലായിരംമുതല്‍ അയ്യായിരം കേസുകളുണ്ടായാല്‍ അതിനെ രണ്ടാംതരംഗത്തിന്റെ സൂചനയായി കണക്കാക്കാം. ഈ സാഹചര്യത്തില്‍ രോഗം പകരുന്നതിന്റെ തോതും കൂടുതലായിരിക്കും. ജനങ്ങള്‍ കൂട്ടംകൂടാതിരിക്കേണ്ടത് അത്യാവശ്യമാണ്..

-ഡോ. എസ്.എസ്. സന്തോഷ് കുമാര്‍,
ഡെപ്യൂട്ടി സൂപ്രണ്ട്, തിരുവനന്തപുരം മെഡി. കോളേജ്

45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് പ്രതിരോധമരുന്ന് നല്‍കിത്തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് പ്രതിരോധമരുന്ന് നല്‍കിത്തുടങ്ങി. 52,097 പേര്‍ക്ക് ആദ്യഡോസ് നല്‍കി. 791 സര്‍ക്കാര്‍ ആശുപത്രികളും 361 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 1152 കേന്ദ്രങ്ങളിലാണ് സൗകര്യമൊരുക്കിയത്.

കോവിന്‍ പോര്‍ട്ടല്‍വഴി രജിസ്റ്റര്‍ചെയ്തും ആശുപത്രിയില്‍ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. വരുംദിവസങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. സംസ്ഥാനത്ത് 9,51,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിനുകള്‍കൂടി എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 4,40,500 ഡോസും എറണാകുളത്ത് 5,11,000 ഡോസുമാണ് എത്തിയത്.

Content Highlights: Test positivity rate increases; Health experts with Covid19 second-wave warning, Health, Covid19