കളമശ്ശേരി: മനുഷ്യരുടെ തൊലിപ്പുറത്ത് ചൊറിച്ചിലുണ്ടാക്കുന്ന ‘സ്വിമ്മേഴ്സ് ഇച്ച്’ എന്ന രോഗാവസ്ഥ പടർത്തുന്ന ‘ട്രിമാറ്റോഡ്’ വിരകളെ വ്യാപിപ്പിക്കുന്ന ഒച്ചുകളെ ഇടപ്പള്ളിത്തോട്ടിൽ കണ്ടെത്തി.

ലോകമെങ്ങും അധിനിവേശ ജീവികളിൽ പ്രധാനപ്പെട്ടതാണ് ഈ ഒച്ചുകൾ. വടക്കെ അമേരിക്കക്കാരാണ് ഇവ. ശാസ്ത്രീയനാമം ‘ഫിസെല്ല അക്യുട്ട’. ദ്രുതഗതിയിലാണ് വളർച്ച. ഉയർന്ന പുനരുത്പാദന നിരക്കും. അക്വേറിയങ്ങളിൽ വളർത്തുന്ന ചെടികളിൽ പറ്റിപ്പിടിച്ച് വളരുന്നവയാണിവ.

ഇളംമഞ്ഞ നിറത്തിൽ കറുത്ത കുത്തുകളോടുകൂടിയ ഇടംപിരി ശംഖുകളാണ് ഈ ഒച്ചുകളുടെ സവിശേഷത. 16 മില്ലിമീറ്റർ വരെ നീളത്തിൽ വളരും.

ഓക്സിജൻ കുറവുള്ള, മാലിന്യംനിറഞ്ഞ ജലത്തിൽ ഇവയ്ക്ക്‌ ജീവിക്കാനാവും. വെള്ളത്തിനു മുകളിൽ വന്ന് വായു വലിച്ചെടുക്കും.

നാടൻ ജന്തുജാലങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിച്ച് അവയുടെ ആവാസവ്യവസ്ഥ നശിപ്പിക്കും. അക്വേറിയം ചെടികളുടെ ഇറക്കുമതിയിലൂടെയാകാം ഈ ഒച്ചുകൾ ഇന്ത്യയിലെത്തിയതെന്ന് കരുതുന്നു.

കൊച്ചി വാട്ടർ മെട്രോയുമായി ചേർന്ന് കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസ് ഡീൻ ഡോ. എസ്. ബിജോയ് നന്ദന്റെ നേതൃത്വത്തിൽ ഗവേഷകരായ ഡോ. പി.ആർ. ജയചന്ദ്രൻ, ഡോ. ആർ. രാധിക, ഡോ. ബി.പി. അനീഷ്, ഡോ. കെ.എസ്. സന്റു, എം. ജിമ എന്നിവരടങ്ങുന്ന സംഘം കൊച്ചിയിലെ കായലിലും തോടുകളിലും ജൈവ വൈവിധ്യത്തെപ്പറ്റി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.

ഇവയെ കണ്ടെത്തിയ വിവരം പ്രശസ്ത ശാസ്ത്രമാസികയായ ‘പ്രോസീഡിങ്സ ഓഫ് സുവോളജിക്കൽ സൊസൈറ്റി’ യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ ജീവികളുമായി ഇടപഴകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം, അക്വേറിയങ്ങളിൽ ഇവയെ വളർത്തരുതെന്നും ഡോ. ജയചന്ദ്രൻ പറഞ്ഞു.

Content Highlights: swimmers itch, physella acuta,  physella acuta worms, swimmers itch treatment