സുസ്മിത സെൻ | Photos: instagram.com/sushmitasen47/
ന്യൂഡൽഹി: ബോളിവുഡ് താരം സുസ്മിത സെൻ ഹൃദയാഘാതത്തെ അതിജീവിച്ച വിവരം സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. പ്രധാന രക്തധമനിയിൽ 95 ശതമാനവും ബ്ലോക് ആയിരുന്നുവെന്നും അതിതീവ്രമായ ഹൃദയാഘാതത്തെയാണ് അതിജീവിച്ചതെന്നും സുസ്മിത വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സുസ്മിതയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമാക്കുകയാണ് താരത്തെ ചികിത്സിച്ച ഹൃദ്രോഗവിദഗ്ധനായ ഡോ. രാജീവ് ഭഗവത്.
ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേയാണ് ഡോ. രാജീവ് സുസ്മിതയ്ക്ക് ചെയ്ത സർജറിയെക്കുറിച്ചും മറ്റും പങ്കുവെച്ചത്. ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് സുസ്മിത എത്തിയതാണ് രക്ഷയാതെന്ന് അദ്ദേഹം പറയുന്നു. വ്യായാമത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത സുസ്മിതയുടെ ജീവിതശൈലി അതിജീവനത്തിന് ഗുണം ചെയ്തുവെന്നും അദ്ദേഹം പറയുന്നു.
വ്യായാമം ചെയ്യുന്നതുകൊണ്ടാണ് നില വഷളാകാതിരുന്നത്. എന്നാൽ വ്യായാമം ചെയ്യുമ്പോഴും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസത്തിൽ കൂടുതൽ വ്യായാമം ചെയ്യേണ്ടതില്ല എന്നാണ് അദ്ദേഹം പറയുന്നത്. വ്യായാമത്തിൽ നിന്നുള്ള സമ്മർദത്തിൽ നിന്ന് ശരീരത്തിന് വീണ്ടെടുക്കാനുള്ള സമയം നൽകാനാണിത്. മതിയായ ഉറക്കമോ വിശ്രമോ ഇല്ലാതെ തുടർച്ചയായി വ്യായാമം ചെയ്യുന്നത് അപകട സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുക എന്നും അദ്ദേഹം പറയുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഹൃദയാഘാതത്തെ അതിജീവിച്ചതിനെക്കുറിച്ച് സുസ്മിത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. തനിക്ക് സംഭവിച്ചത് മാസീവ് ഹാർട്ട് അറ്റാക്ക് ആണെന്നും പ്രധാന രക്തധമനിയിൽ 95 ശതമാനവും ബ്ലോക് ആയിരുന്നുവെന്നും സുസ്മിത പറയുകയുണ്ടായി. വർക്കൗട്ടും തന്നെ സഹായിച്ചില്ല എന്നു പറഞ്ഞ് ജിമ്മിൽ പോകുന്നത് നിർത്തുന്നവർ നിരവധിയുണ്ടാകും, എന്നാൽ അതു ശരിയല്ല എന്നും വ്യായാമം തനിക്ക് ഗുണം ചെയ്തുവെന്നും സുസ്മിത പറയുകയുണ്ടായി. താൻ അതിജീവിച്ചത് തീവ്രമായൊരു ഹൃദയാഘാതത്തെയാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതുകൊണ്ട് മാത്രമാണ് തനിക്ക് അതിജീവിക്കാനായതെന്നും സുസ്മിത വിശദമാക്കി.
ഹൃദയാഘാതം പുരുഷന്മാർക്ക് മാത്രം വരുന്നതാണെന്ന് കരുതുന്നവരെക്കുറിച്ചും സുസ്മിതയ്ക്ക് പറഞ്ഞിരുന്നു. ഹൃദയാഘാതം പുരുഷന്മാരുടെ മാത്രം കാര്യമല്ലെന്ന് സ്ത്രീകൾ മനസ്സിലാക്കണം എന്നാണ് സുസ്മിത പറഞ്ഞത്. എന്നുകരുതി അത് ഭയപ്പെടേണ്ട കാര്യവുമല്ല, മറിച്ച് ജാഗ്രത പുലർത്തുക എന്നതാണ് പ്രധാനം എന്നും ഇരുപതുകളിൽ ആണെങ്കിൽപ്പോലും ലക്ഷണങ്ങളെ അവഗണിക്കുകയോ ചെക്കപ്പുകൾ ഒഴിവാക്കുകയോ ചെയ്യരുതെന്നും സുസ്മിത വീഡിയോയിൽ പറഞ്ഞു.
ആൻജിയോപ്ലാസ്റ്റി ചെയ്തുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പങ്കുവെച്ച സുസ്മിത പിന്നാലെ വർക്കൗട്ടിലേക്ക് തിരികെ പ്രവേശിച്ചതിന്റെ ചിത്രവും പങ്കുവെച്ചിരുന്നു. സ്ട്രെച്ചിങ് ചെയ്യുന്നതിന്റെ ചിത്രമാണ് നാൽപ്പത്തിയേഴുകാരിയായ സുസ്മിത പങ്കുവെച്ചത്. സ്ട്രെച്ചിങ് ആരംഭിച്ചു, എന്തൊരു അനുഭവം എന്നും പറഞ്ഞാണ് സുസ്മിത ഫോട്ടോ പങ്കുവെച്ചത്.
ശരീരത്തെ അറിയാം
- ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്‌നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ.
- എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
- ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം വേണ്ടത്.
- ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കാവൂ.
- പ്രഷർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകാം. സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്‌നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോതെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.
- നടുവേദന, മുട്ടുവേദന ഒക്കെ ഉള്ളവർ ഭാരമെടുക്കുന്നതുപോലുള്ള വ്യായാമങ്ങളിലേക്ക് കടക്കരുത്.
- വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം.
- വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം.
- മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
- ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.
- അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വര്‍ക്ക്ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്.
- വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.
Content Highlights: sushmita sens cardiologist says her fitness level helped limit heart attack
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..