പ്രതീകാത്മക ചിത്രം | Getty Images
ന്യൂഡല്‍ഹി: ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നവര്‍ക്ക് മൂന്നുവര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. വാടകഗര്‍ഭധാരണച്ചട്ടങ്ങള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് നിര്‍ദേശം.
വാടകഗര്‍ഭധാരണമാര്‍ഗത്തിലൂടെ അച്ഛനമ്മമാരാകാന്‍ ആഗ്രഹിക്കുന്ന ദമ്പതിമാര്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന സ്ത്രീക്ക് 36 മാസത്തേക്കാണ് ആരോഗ്യ പരിരക്ഷ ഉറപ്പാക്കേണ്ടത്. ഗര്‍ഭാവസ്ഥയിലും പ്രസവാനന്തര ആരോഗ്യസങ്കീര്‍ണതകള്‍ക്കുമുള്ള ചെലവുകള്‍ വഹിക്കാന്‍ ഉതകുന്നതായിരിക്കണം ഇന്‍ഷുറന്‍സ് തുക. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐ.ആര്‍.ഡി.എ.ഐ.) അംഗീകാരമുള്ള സ്ഥാപനത്തിന്റെ ഇന്‍ഷുറന്‍സാണ് ഉറപ്പാക്കേണ്ടത്.
വാടകഗര്‍ഭപാത്രം ആവശ്യമുള്ളവര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോ കളക്ടര്‍ക്കോ സത്യവാങ്മൂലം നല്‍കണം. ഒരുസമയത്ത് ഒരു ഭ്രൂണം മാത്രമേ ഗൈനക്കോളജിസ്റ്റ് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാവൂ. പ്രത്യേക സാഹചര്യങ്ങളില്‍മാത്രം മൂന്നുഭ്രൂണങ്ങള്‍വരെ ആവാം.
ഒരുസ്ത്രീ മൂന്നുതവണ മാത്രമേ വാടകഗര്‍ഭധാരണം നടത്താവൂ.
സ്ത്രീയുടെയോ ശിശുവിന്റെയോ ആരോഗ്യത്തിന് ഏതെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടായാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ 1971-ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി നിയമം അനുവാദം നല്‍കുന്നുണ്ട്.
എല്ലാ സ്വകാര്യ സറോഗസി ക്ലിനിക്കും രജിസ്‌ട്രേഷനായി രണ്ടുലക്ഷംരൂപ ഫീസ് കെട്ടിവെച്ച് അപേക്ഷിക്കണം. ഈ പണം തിരികെലഭിക്കില്ല. അപേക്ഷ തള്ളിയാല്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ ഫീസ് വേണ്ട.
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സ്വകാര്യ സറോഗസി ക്ലിനിക്കുകളില്‍ വ്യക്തമായി കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. ഈ ക്ലിനിക്കുകളില്‍ കുറഞ്ഞത് ഒരു ഗൈനക്കോളജിസ്റ്റും ഒരു അനസ്തറ്റിസ്റ്റും ഒരു ഭ്രൂണവിദഗ്ധനും ഒരു കൗണ്‍സലറും ഉണ്ടായിരിക്കണം.
Content Highlights: surrogacy, three year annual insurace, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..