ന്യൂഡല്‍ഹി: പണം നല്‍കി ഗര്‍ഭപാത്രം ഉപയോഗിക്കുന്ന ഇടപാടിന് സമ്പൂര്‍ണ വിലക്ക് വ്യവസ്ഥ ചെയ്യുന്ന സറോഗസി (വാടക ഗര്‍ഭപാത്ര) നിയന്ത്രണ ബില്‍ ലോക്‌സഭയില്‍. ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയാണ് ബില്‍ അവതരിപ്പിച്ചത്.

വാടകയ്ക്ക് ഗര്‍ഭപാത്രം ഉപയോഗിക്കുന്ന ഇടപാടിലെ ചൂഷണങ്ങളും കച്ചവട താത്പര്യങ്ങളും തടയുന്നതിനാണ് കര്‍ശന നിയമം കൊണ്ടുവരുന്നത്. വിദേശികള്‍ക്ക് വാടകയ്ക്ക് ഗര്‍ഭപാത്രം ലഭിക്കുന്ന കേന്ദ്രമായി ഇന്ത്യ മാറുന്നെന്ന ആക്ഷേപവും കണക്കിലെടുത്തിട്ടുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്ക് ചുരുങ്ങിയത് പത്തുവര്‍ഷം തടവും പത്തുലക്ഷം രൂപ വരെ പിഴയും ശിക്ഷ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാത്തതും ഒത്തുതീര്‍പ്പില്ലാത്തതുമാക്കി.

കുട്ടികളില്ലാത്ത ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് പണമിടപാടില്ലാതെ അടുത്ത ബന്ധുക്കളുടെ ഗര്‍ഭപാത്രം ഉപയോഗിക്കാം. വിദേശികള്‍, എന്‍.ആര്‍.ഐ.കള്‍, വിദേശത്ത് താമസിക്കുന്ന ഒ.ഐ.സി.കാര്‍ഡുള്ള ഇന്ത്യന്‍ വംശജന്‍ എന്നിവര്‍ക്ക് പക്ഷേ, ഇക്കാര്യത്തിലും അനുമതിയില്ല.

വാടക ഗര്‍ഭധാരണം തടയുന്നതിനും നിസ്വാര്‍ഥ ലക്ഷ്യത്തോടെ പകരം ഗര്‍ഭപാത്രമെന്ന നടപടിക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ദേശീയ തലത്തിലും സംസ്ഥാനതലത്തിലും സറോഗസി ബോര്‍ഡുകള്‍ക്ക് രൂപംനല്‍കും. കേന്ദ്രസംസ്ഥാന ആരോഗ്യമന്ത്രിമാരായിരിക്കും ബോര്‍ഡുകളുടെ അധ്യക്ഷന്മാര്‍.

ബില്ലിലെ പ്രധാന വ്യവസ്ഥകള്‍

 • പണമിടപാടില്ലാത്ത പകരം ഗര്‍ഭധാരണം (എത്തിക്കല്‍ സറോഗസി) പ്രത്യേക നിബന്ധന പ്രകാരം അനുവദിക്കും. കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്ന, ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യക്കാരായ ദമ്പതിമാര്‍ക്കായിരിക്കും അര്‍ഹത. അടുത്ത ബന്ധുക്കളില്‍നിന്നുമാത്രമേ ഗര്‍ഭപാത്രം സ്വീകരിക്കാനാവൂ. ഭര്‍ത്താവിന്റെ സഹോദരി, ഭാര്യയുടെ സഹോദരി തുടങ്ങിയവരെയാണ് അടുത്ത ബന്ധുക്കളായി പരിഗണിക്കുന്നത്.
 • ദമ്പതിമാരിലൊരാള്‍ക്കെങ്കിലും വന്ധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. ദമ്പതിമാര്‍ക്കായിരിക്കും കുട്ടിയുടെ രക്ഷാകര്‍തൃത്വ അവകാശം എന്നുറപ്പാക്കുന്ന മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഹാജരാക്കണം.
 • പകരം ഗര്‍ഭധാരണം നടത്തുന്ന സ്ത്രീയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം.
 • വിവാഹിതരായി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കുമാത്രമേ എത്തിക്കല്‍ സറോഗസിക്ക് അനുമതിയുള്ളൂ. ദമ്പതിമാരില്‍ സ്ത്രീകള്‍ക്ക് 23 വയസ്സുമുതല്‍ 50 വയസ്സുവരെയും പുരുഷന്മാര്‍ക്ക് 26 വയസ്സുമുതല്‍ 55 വയസ്സുവരെയുമുള്ള പ്രായപരിധിയിലാണ് പകരം ഗര്‍ഭധാരണ ഏര്‍പ്പാടിന് അനുവാദം.
 • വിവാഹിതര്‍ക്ക് മാത്രമായിരിക്കും പകരം ഗര്‍ഭധാരണസൗകര്യം നല്‍കുന്നത്. അവിവാഹിതര്‍, ഏക രക്ഷിതാവ് (സിംഗിള്‍ പേരന്റ്), സ്വവര്‍ഗാനുരാഗികള്‍, വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവര്‍ എന്നിവര്‍ക്ക് പണമിടപാടില്ലാത്ത പകരം ഗര്‍ഭധാരണം (എത്തിക്കല്‍ സറോഗസി) അനുവദിക്കില്ല.നേരത്തെ സ്വാഭാവികമായ രീതിയില്‍ കുട്ടികളുണ്ടായവര്‍ക്ക് പിന്നീട് പകരം ഗര്‍ഭധാരണ മാര്‍ഗം അനുവദിക്കില്ല.
 • പകരം ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീയ്ക്ക് ജീവിതത്തില്‍ ഒരു പ്രാവശ്യംമാത്രമേ ഈ രീതിയില്‍ ഗര്‍ഭിണിയാകാന്‍ അനുമതിയുള്ളൂ. ഇവര്‍ നേരത്തെ ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കിയവരായിരിക്കണം. 25നും 35നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
 • പകരം ഗര്‍ഭം ധരിക്കുന്നവരില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. പാര്‍ശ്വഫലങ്ങള്‍ ഇവരെ ധരിപ്പിച്ചിരിക്കണം.
 • സ്വാഭാവികമായി ജനിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന മുഴുവന്‍ അവകാശങ്ങളും സ്വത്തുക്കളും ഈ മാര്‍ഗത്തിലുണ്ടാകുന്ന കുട്ടികള്‍ക്കും നല്‍കണം. കുട്ടിയെ ആവശ്യമുള്ള സ്ത്രീയായിരിക്കും നിയമപ്രകാരം മാതാവ്.
 • വ്യക്തമായ കരാറുകള്‍ ഉണ്ടായിരിക്കണം. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആസ്?പത്രികള്‍ 25 വര്‍ഷം സൂക്ഷിക്കണം.
 • പകരം ഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെ ജന്മനാ വൈകല്യമുണ്ടെങ്കിലും ഉപേക്ഷിക്കരുത്. ഏതെങ്കിലും ഘട്ടത്തില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കരുത്.
 • സറോഗസി ക്ലിനിക്കുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. നിയമലംഘനമുണ്ടായാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും. നിയമം ലംഘിക്കുന്ന ക്ലിനിക് ഉടമകള്‍ക്ക് അല്ലെങ്കില്‍, ഡോക്ടര്‍മാര്‍ക്ക് അഞ്ചുവര്‍ഷംവരെ തടവും 10 ലക്ഷം വരെ പിഴയും ശിക്ഷ.