ആലപ്പുഴ: കുറഞ്ഞവിലയ്ക്ക് മരുന്നുകള്‍ നല്‍കേണ്ട ജനൗഷധി കേന്ദ്രങ്ങളിലും പള്‍സ് ഓക്‌സിമീറ്ററിനും സര്‍ജിക്കല്‍ മാസ്‌കിനും വന്‍വിലക്കയറ്റം. പള്‍സ് ഓക്‌സിമീറ്ററിന് വില നാലിരട്ടിവരെയാണു കൂടിയത്. പലയിടങ്ങളിലും സ്റ്റോക്കുമില്ല.

രണ്ടാം കോവിഡ് വ്യാപനത്തിനുമുന്‍പ് 500 മുതല്‍ 550 വരെ രൂപയ്ക്കാണ് ജനൗഷധികള്‍ പള്‍സ് ഓക്‌സിമീറ്റര്‍ വിറ്റിരുന്നത്. ഇപ്പോള്‍ 2,200 മുതല്‍ 2,600 വരെയായി.

മൂന്നുമുതല്‍ നാലുവരെ രൂപയ്ക്കു വിറ്റിരുന്ന സര്‍ജിക്കല്‍ മാസ്‌കിന്റെ വില ആറുമുതല്‍ ഏഴുവരെ രൂപയായി. പുതിയ സ്റ്റോക്കിന് മൊത്ത വിതരണക്കാര്‍ കുത്തനെ വിലയുയര്‍ത്തിയതാണ് വിലകൂട്ടാന്‍ ജനൗഷധികളെയും നിര്‍ബന്ധിതരാക്കിയത്. രണ്ടാംതരംഗം തീവ്രമായതോടെ ഓക്‌സിമീറ്ററിനും സര്‍ജിക്കല്‍ മാസ്‌കിനും ആവശ്യക്കാരേറി. കോവിഡ് പിടിപെടുന്നവരുടെ ഓക്‌സിജന്‍നില ക്രമാതീതമായി താഴ്ന്നതോടെയാണു പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് ഓക്‌സിമീറ്റര്‍ നിര്‍ദേശിച്ചത്. അതോടെ നിലവിലെ സ്റ്റോക്ക് മതിയാകാതെവന്നു. വിലക്കയറ്റത്തിനും കാരണമായി.

വില കുത്തനെ കൂട്ടിയതോടെ ചില ജനൗഷധികള്‍ ഓക്‌സിമീറ്ററിന്റെ പുതിയ സ്റ്റോക്കെടുത്തില്ല. കൂടിയവിലയ്ക്കും വാങ്ങാന്‍ ആളുള്ളതിനാല്‍ ചിലര്‍ പുതിയ സ്റ്റോക്കെടുക്കാനും തയ്യാറായി. എന്നാല്‍, ഓര്‍ഡര്‍ നല്‍കി ആഴ്ചകള്‍ കഴിഞ്ഞാലേ സ്റ്റോക്ക് ലഭിക്കൂവെന്ന അവസ്ഥയാണിപ്പോള്‍. വില കൂടിയതോടെ മെഡിക്കല്‍ സ്റ്റോറുകള്‍ പലതും ഓക്‌സിമീറ്റര്‍ വില്പന നിര്‍ത്തി.

ഓണ്‍ലൈനില്‍ വിലക്കുറവ്

പള്‍സ് ഓക്‌സിമീറ്ററും സര്‍ജിക്കല്‍ മാസ്‌കും വിവിധ ഓണ്‍ലൈന്‍ ചന്തകളില്‍ വിലക്കുറവില്‍ ലഭിക്കും. ഓക്‌സിമീറ്ററിന് 1,800 രൂപ മുതലാണ് വില. പക്ഷേ, വില കുറഞ്ഞതിന് വാറന്റിയില്ല. 100 സര്‍ജിക്കല്‍ മാസ്‌കിന്റെ പാക്കറ്റ് 250 രൂപ മുതലും ലഭിക്കും.

Content Highlights: Surgical Mask, Pulse Oximeter price increased, Health, Covid19