Representative Image| Photo: Canva.com
ഉപ്പുതറ: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്നുവിതരണം രണ്ടുമാസമായിട്ടും പുനഃസ്ഥാപിക്കാന്‍ നടപടിയില്ല. ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ നിയമപ്രകാരമുള്ള കാലാവധി കഴിഞ്ഞതാണ് ജില്ലാ കേന്ദ്രങ്ങളില്‍നിന്നു ആശുപത്രികളിലേക്കുള്ള മരുന്നുവിതരണം നിലയ്ക്കാനിടയാക്കിയത്. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷമായി. ഒന്നരമാസം കഴിഞ്ഞിട്ടും പകരം സംവിധാനം ഒരുക്കാന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല.
കൈമലര്‍ത്തി ആശുപത്രികള്‍
അത്യാവശ്യമുള്ള ജീവന്‍രക്ഷാ മരുന്നുകളും രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുമുള്ള മരുന്നുകളും സര്‍ക്കാര്‍ ആശുപത്രികളിലില്ല. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍നിന്നു ജില്ലാ കേന്ദ്രങ്ങളില്‍ മരുന്ന് എത്തുന്നുണ്ട്. എന്നാല്‍ അവിടെനിന്നും ആശുപത്രികളില്‍ മരുന്ന് എത്തിക്കുന്നതിലാണ് വീഴ്ചയുണ്ടായിരിക്കുന്നത്.
നിയമം കുരുക്കായി
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെയാണ് ആരോഗ്യ വകുപ്പിന്റെ വാഹനങ്ങള്‍ കട്ടപ്പുറത്തായത്. താലൂക്ക് ആശുപത്രികളിലും, സി.എച്ച്.സി.കളിലും ഉണ്ടായിരുന്ന മിക്കവാഹനങ്ങളും നിയമപ്രകാരം കാലഹരണപ്പെട്ടതാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ സ്വന്തം വാഹനത്തില്‍ കയറ്റിക്കൊണ്ടു പോരുന്ന മരുന്നുകള്‍ മാത്രമാണ് രോഗികള്‍ക്ക് നേരിയ ആശ്വാസമാകുന്നത്. എന്നാലിത് ഏതാനും ദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ. ഇതിനു ശേഷം രോഗികള്‍ക്ക് മരുന്നുകള്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലേക്ക് കുറിച്ചു നല്‍കുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. ഇത്തരത്തിലുള്ള പല മരുന്നുകളുടെയും വില സാധാരണക്കാരായ രോഗികള്‍ക്ക് താങ്ങാവുന്നതല്ല.
പാവങ്ങളാണ് സാറേ...
ഉള്‍പ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെയും, സബ് സെന്ററുകളെയും മരുന്നിന് ആശ്രയിക്കുന്ന ആദിവാസി, തോട്ടം മേഖലകളില്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ടവരാണ് ഏറെ കഷ്ടത്തിലായിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ വാഹനങ്ങള്‍ ഓടാതായതോടെ കിടപ്പുരോഗികളുടെ പരിചരണവും മുടങ്ങിയിരിക്കുകയാണ്. ആശുപത്രികളില്‍ മരുന്ന് എത്തിക്കാന്‍ പകരം സംവിധാനം ഉണ്ടാകുന്നതുവരെ രോഗികള്‍ സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കുകയോ, മരുന്നില്ലാതെ കഴിയുകയോ ചെയ്യേണ്ട അവസ്ഥയാണ്.ഈ മരുന്നും പുറത്തുപോയി വാങ്ങണം
ആലോചനതീരുമ്പോ ജീവന്‍ കാണുമോ?
വാഹനത്തിന്റെ അപര്യാപ്തതമൂലം ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കുന്നതിനു തടസ്സമുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇക്കരുതെന്ന കേന്ദ്ര നിയമം നിഷേധിക്കാന്‍ കഴിയില്ല. കാലാവധി നീട്ടിക്കിട്ടുന്നതിനുവേണ്ടി ആരോഗ്യ വകുപ്പ് സര്‍ക്കാരുമായി കൂടിയാലോചന നടത്തുന്നുണ്ട്. പകരം സംവിധാനവും പരിഗണിക്കുന്നുണ്ടെന്നും ഡി.എം.ഒ. അറിയിച്ചു.
Content Highlights: supply of medicines to idukki govt hospitals have been blocked for 2 months led to medicine shortage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..