ചെന്നൈ: വില്ലിവാക്കത്ത് താമസിക്കുന്ന ഒറ്റപ്പാലം സ്വദേശി പി.സുരേഷ് ഒരോ തവണയും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത് ഇച്ഛാശക്തിയുടെ കരുത്ത് സമ്മാനിച്ച വിജയങ്ങളെ ഓര്‍മിച്ചാണ്. മരണം അടുത്ത് നില്‍ക്കുന്നുവെന്ന് ഭീതിയില്‍ കഴിഞ്ഞ പുതുവത്സരമുണ്ടായിരുന്നു. അത് 17 വര്‍ഷം മുമ്പായിരുന്നു. അതിനെ അതിജീവിച്ചത്തോടെ ജീവിതം പ്രതീക്ഷയുടെ പാഠങ്ങള്‍ പഠിപ്പിച്ചു. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഉലച്ച രക്താര്‍ബുദത്തെയും എല്ലാ തകര്‍ത്ത പ്രളയത്തെയും അതിന് ശേഷമെത്തിയ ഹൃദ്രോഗത്തെയും ഇച്ഛാശക്തിയും പ്രതീക്ഷയും കൊണ്ട് വിജയച്ച സുരേഷ് നിറഞ്ഞ പുഞ്ചിരിയോടെ ഇത്തവണയും പുതുവത്സരത്തെ വരവേല്‍ക്കുന്നു.

ജോലിതേടി 1994 ലാണ് സുരേഷ് ചെന്നൈയിലെത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലി ലഭിച്ചു. അസി. മാനേജര്‍ പദവിലെത്തിയ സുരേഷ് നഗരത്തില്‍ സ്വന്തമായി ഫ്‌ളാറ്റ് വാങ്ങി. കാറും വാങ്ങി. ജീവിതം സുരക്ഷിതമെന്ന് കരുതുമ്പോഴാണ് 2002ല്‍ ജീവിതം മുഴുവന്‍ ഇരുട്ടിലാക്കി രോഗമെത്തിയത്. പനിയെത്തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് രക്താര്‍ബുദം സ്ഥിരീകരിച്ചത്.

ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമ വി.എസ്. പ്രദീപ് ചികിത്സ ച്ചെലവ് വഹിക്കാമെന്നേറ്റു. അദ്ദേഹത്തില്‍നിന്ന് ലഭിച്ച പ്രചോദനത്തില്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഭയം അകന്നിരുന്നില്ല. സ്വന്തം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ചാര്‍ജ് വരെ ചോദിച്ചറിഞ്ഞത് സുരേഷ് ഓര്‍ക്കുന്നു. എന്നാല്‍ ക്രമേണ രോഗത്തെ നേരിടാനുള്ള മനഃശക്തിയാര്‍ജ്ജിച്ചു. കടുത്ത വേദനയുടെ സമയത്തും ശുഭാപ്തിവിശ്വാസത്തോടെ പിടിച്ചു നിന്നു. രണ്ട് വര്‍ഷം കൊണ്ട് രോഗംപൂര്‍ണമായും ഭേദമായി. ഇതോടെ ആത്മവിശ്വാസം ഉയര്‍ന്നു.

വിവാഹാലോചനകള്‍ ആരംഭിച്ചുവെങ്കിലും രോഗം ഭേദമായെന്ന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കണ്ടിട്ടും പലര്‍ക്കും സംശയമായിരുന്നു. ഒടുവില്‍ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ പാലക്കാട് നിന്നുള്ള കുടുംബത്തിലെ സൗമിനി ജീവിത സഖിയായി.

എല്ലാ പ്രതിസന്ധികളെയും നിര്‍ഭയം നേരിടുന്ന സുരേഷിന്റെ ആത്മവിശ്വാസമാണ് ആകര്‍ഷിച്ചതെന്ന് സൗമിനി പറയുന്നു. ഒരോ വെല്ലുവിളി നേരിടുമ്പോഴും വിജയത്തിന് വേണ്ടിയുള്ള നിശ്ചയദാര്‍ഢ്യം സുരേഷിന്റെ മുഖത്ത് കാണാമെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

2015ലെ പ്രളയത്തില്‍ വീട്ടിലെ സകലസാധനങ്ങളും നഷ്ടമായി. അപ്പോഴും തെല്ലും കൂസാക്കാതെ മുന്നോട്ട് പോയി. മൂന്ന് വര്‍ഷം മുമ്പ് വീണ്ടും രോഗത്തിന്റെ രൂപത്തില്‍ വിധി തോല്‍പ്പിക്കാന്‍ എത്തി. നടക്കുന്നതിനിടെയില്‍ കുഴഞ്ഞ് വീണു. ഹൃദയത്തിലെ ബ്ലോക്ക് മാറ്റാന്‍ ശസ്ത്രക്രിയ വേണ്ടി വന്നു. 

സെയില്‍സ് മേഖലയിലെ ജോലി തുടരാന്‍ കഴിയാതെ വന്നപ്പോഴും തകര്‍ന്നില്ല. ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്‍സി ആരംഭിച്ചു. പലരും 10-15 വര്‍ഷം കൊണ്ട് താണ്ടുന്ന നാഴികക്കല്ലുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ പിന്നിട്ടുകഴിഞ്ഞു. ഒന്നിനും തോല്‍പിക്കാനാകില്ലെന്ന് സ്വയം തീരുമാനിച്ചാല്‍ വിജയം നമ്മുടെ വഴിയ്ക്ക് വരുമെന്നാണ് സുരേഷ് തന്റെ ജീവിതത്തെ ചൂണ്ടിപ്പറയുന്നത്. മൂന്നാം ക്ലാസുകാരി ദീപികാദേവി ഏകമകളാണ്.

Content Highlights:  battle with cancer and heart disease