Representative Image| Photo: Canva.com
കോവിഡ് മാറി ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും ശാരീരിക പ്രശ്നങ്ങൾ വിട്ടുമാറാതിരിക്കുന്നവർ നിരവധിയാണ്. ഇത്തരത്തിലുള്ള കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളിൽ മിക്കവരിലും കാണപ്പെടുന്ന ഒന്നാണ് മണം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടൽ. കോവിഡ് വരുന്നതിനൊപ്പം കാണപ്പെടുന്ന ഈ ലക്ഷണം പലരിലും മാസങ്ങളോളം നിലനിൽക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഇതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.
കോവിഡ് വൈറസ്, ഓൽഫാക്റ്ററി നെർവ് സെല്ലുകളെ (ഘ്രാണനാഡീ കോശങ്ങളെ) ബാധിക്കുന്നതിനാലാണ് ഗന്ധം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത് എന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഇതുവഴി കോശങ്ങളുടെ എണ്ണത്തിൽ കുറവു വരുന്നതായി കണ്ടെത്തിയെന്നും അതാണ് മണം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നത് എന്നുമാണ് ഗവേഷകർ പറയുന്നത്. ഓൽഫാക്റ്ററി നെർവ് സെല്ലുകളാണ് ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്നത്.
ഹാർവാർഡ്, ഡ്യൂക്, കാലിഫോർണിയ സർവകലാശാലകളിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 24 ബയോപ്സികളിൽ നിന്നുള്ള ഓൽഫാക്റ്ററി എപ്പിത്തെലിയൽ സാമ്പിളുകൾ പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്. കോവിഡിനു പിന്നാലെ മണം നഷ്ടപ്പെട്ടവരെയും പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഓൽഫാക്റ്ററി സെൻസറി ന്യൂറോണുകളുടെ എണ്ണവും കോവിഡ് ബാധയോടെ കുറഞ്ഞതായി കണ്ടെത്തി. ഈ കണ്ടെത്തൽ വരും നാളുകളിൽ സമാന പ്രശ്നം നേരിടുന്നവർക്ക് അനുയോജ്യമായ ചികിത്സ ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്. ശരീരത്തിന്റെ ഏതെല്ലാം ഭാഗത്തെയും കോശങ്ങളെയുമാണ് വൈറസ് ബാധിച്ചിരിക്കുന്നതെന്ന് തിരിച്ചറിയുന്നതിന് അനുസരിച്ച് ചികിത്സാരീതിയിലും മാറ്റംവരുത്താൻ കഴിയുമെന്നാണ് ഗവേഷകരുടെ വാദം.
കോവിഡുമായി ബന്ധപ്പെട്ട് പ്രധാനമായും കണ്ടിരുന്ന ലക്ഷണങ്ങളിലൊന്ന് മണം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടലാണ്. പക്ഷേ പലർക്കും ഒന്നോ രണ്ടോ ആഴ്ച്ചയ്ക്കുള്ളിൽ അത് തിരികെ ലഭിക്കുകയും ചെയ്തു. എന്നാൽ ചിലർക്ക് അതിനു കഴിഞ്ഞില്ല. കോവിഡ് വന്നുമാറി മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും ശരിയായ രീതിയിൽ മണം തിരിച്ചറിയാനുള്ള കഴിവ് ലഭിക്കാത്തതിനെക്കുറിച്ച് മനസ്സിലാക്കലായിരുന്നു പഠനത്തിലൂടെ ഉദ്ദേശിച്ചത്- ഡ്യൂക് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ബ്രാഡ്ലീ ഗോൾഡ്സ്റ്റീൻ പറഞ്ഞു.
ദീർഘനാളായി നിൽക്കുന്ന മറ്റുകോവിഡാനന്തര പ്രശ്നങ്ങളെക്കുറിച്ചും പഠനത്തിൽ പറയുന്നുണ്ട്. ക്ഷീണം, ശ്വാസതടസ്സം, ബ്രെയിൻ ഫോഗ് തുടങ്ങിയവയാണ് അവ. സയൻസ് ട്രാൻസ്ലേഷണൽ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എന്താണ് ബ്രെയിൻ ഫോഗ്
കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ ഒരു മെഡിക്കൽ അവസ്ഥയാണ് ബ്രെയിൻ ഫോഗ്. ഇത് നമ്മുടെ കൊഗ്നിറ്റീവ് കഴിവുകളെ തടസ്സപ്പെടുത്തും. മാനസികമായ ക്ഷീണം, ആശയക്കുഴപ്പം എന്നിവയൊക്കെയാണ് ഇതുമൂലമുണ്ടാവുക. ഇതുമാത്രമല്ല, ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, ഏകാഗ്രത, ഓർമപ്രശ്നങ്ങൾ, വ്യക്തമല്ലാത്ത ചിന്തകൾ എന്നിവയ്ക്കും ബ്രെയിൻ ഫോഗ് ഇടയാക്കും. കോവിഡ് ബാധിച്ച് പിന്നീട് സുഖപ്പെട്ട ആളുകളിൽ രോഗം ബാധിക്കുന്നതിന് മുൻപ് ഇല്ലാത്ത ആശയക്കുഴപ്പം, ഹ്രസ്വകാല ഓർമക്കുറവ്, ഏകാഗ്രതയില്ലായ്മ, അസ്വസ്ഥത എന്നിവ റിപ്പാർട്ട് ചെയ്തിരുന്നു.
Content Highlights: study shows why loss of smell continues even after covid recovery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..