Representative Image | Photo: Canva.com
പൊണ്ണത്തടി കുറയ്ക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ കൗമാരക്കാര്‍ക്കിടയിൽ ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയകളുടെ എണ്ണം പെരുകിവരുന്നതായി പഠനം. 'JAMA പീഡിയാട്രിക്‌സ്' എന്ന ജേർണലിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്. 2016 മുതല്‍ 10 നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെയിടയില്‍ മെറ്റബോളിക് സര്‍ജറികളുടേയും ബാരിയാട്രിക് സര്‍ജറികളുടേയും എണ്ണം കൂടുന്നതായാണ് പഠനത്തില്‍ പറയുന്നത്.
2020 നും 2021നുമിടയ്ക്കുള്ള കാലഘട്ടത്തിൽ ചെറുപ്പക്കാർക്കിടയിലുള്ള ഭാരം കുറയ്ക്കല്‍ സര്‍ജറികളുടെ എണ്ണം 19 ശതമാനം കൂടി എന്നാണ് കണ്ടെത്തൽ. കൗമാരക്കാരും അവരുടെ മാതാപിതാക്കളും പൊണ്ണത്തടി കുറയ്ക്കാനായി ഏറ്റവും കൂടുതല്‍ ആഭിമുഖ്യം പ്രകടിപ്പിക്കുന്നത് സര്‍ജറികളോടാണെന്നാണ് ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് പീഡിയാട്രിക് ഒബീസിറ്റി റിസര്‍ച്ചറായ സാറാ മെസിയ സിഎന്‍എന്‍ ഹെല്‍ത്തിനോട് പറഞ്ഞു. ചെറുപ്പകാലം മുതല്‍ പ്രായപൂര്‍ത്തിയാകുന്നതുവരെയുള്ള കാലയളവില്‍ കാര്‍ഡിയോമെറ്റബോളിക് അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പല പഠനങ്ങളും പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ വിലയിരുത്തല്‍പ്രകാരം, അമേരിക്കയില്‍ കുട്ടികളിലെ പൊണ്ണത്തടി വളരെ ഗൗരവമുള്ള വിഷയമാണ്. രണ്ടുമുതല്‍ 19 വയസ്സുവരെയുള്ള അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഏകദേശം 1.5 കോടി ആളുകള്‍ക്കാണ് പൊണ്ണത്തടിയുള്ളത്.
ഗ്യാസ്ട്രിക് ബൈപാസ്സും ശരീരഭാരം കുറയ്ക്കുന്ന മറ്റ് ബാരിയാട്രിക് സര്‍ജറികളും ചെയ്യുന്നത് ഒരു വ്യക്തിയുടെ ദഹനവ്യവസ്ഥയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ്. ഡയറ്റോ മറ്റ് വ്യായമങ്ങളോ ഫലിക്കാത്ത സാഹചര്യങ്ങളിലോ, അമിതവണ്ണം മൂലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള സാഹചര്യത്തിലോ ആണ് ബാരിയാട്രിക് സര്‍ജറി ചെയ്യുക. എന്നാല്‍, അത്ര എളുപ്പത്തില്‍ ആര്‍ക്കും ചെയ്യാവുന്നതല്ല ഈ സര്‍ജറികള്‍.
പൊണ്ണത്തടിയുടെ ചികിത്സാരീതികളെപ്പറ്റി ഈ വര്‍ഷം തുടക്കത്തില്‍ അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് ഏതാനും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പൊണ്ണത്തടിയുള്ളവര്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും ബിഹേവിയര്‍ തെറപ്പി പരീക്ഷിക്കണമെന്നും പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നു. മാത്രമല്ല, അതിയായ പൊണ്ണത്തടിയുള്ള കൗമാരക്കാരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.
Content Highlights: study says weight loss surgeries are increasing among american teenagers


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..