കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ അമ്മമാരുടെ ഏറ്റവും വലിയ ടെന്‍ഷന്‍ തനിക്കു കൊറോണയുണ്ടെങ്കില്‍ മുലപ്പാലിലൂടെ കുഞ്ഞിന് പകരുമോ എന്നതായിരുന്നു. മുലപ്പാലിലൂടെ കൊറോണ പടരുമെന്നതിന് തെളിവൊന്നും ഇല്ലെങ്കിലും അമ്മമാരുടെ ടെന്‍ഷനകറ്റാന്‍ ഇതാ ഒരു ആശ്വാസ വാര്‍ത്ത. പാസ്ചറൈസ് ചെയ്താല്‍, അഥവാ ശുദ്ധീകരിച്ചാല്‍ മുലപ്പാലിലെ കൊറോണവൈറസിനെ നശിപ്പിക്കാനാവും എന്നതാണത്. 

കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനമനുസരിച്ച് മുലപ്പാല്‍ 62.5 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ 30 മിനിറ്റ് ശുദ്ധീകരിച്ചാല്‍ കൊറോണ വൈറസ് നശിക്കും. കൊറോണ ബാധിച്ച അമ്മമാരില്‍ നിന്ന് ശേഖരിക്കുന്ന പാല്‍ ഇത്തരത്തില്‍ ശുദ്ധീകരിച്ചശേഷം കുഞ്ഞുങ്ങള്‍ക്ക് നല്‍കിയാല്‍ മതി. അമ്മ അരികില്‍ ഇല്ലെങ്കിലും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ലഭിക്കുകയും ചെയ്യും, അവര്‍ കൊറോണയില്‍ നിന്ന് സുരക്ഷിതരാവുകയും ചെയ്യും. മാത്രമല്ല മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കാനഡപോലുള്ള രാജ്യങ്ങളിലെ ആശുപത്രികളില്‍ ഡോണര്‍മാര്‍ വഴിയുള്ള മുലപ്പാല്‍ നല്‍കാറുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന പാലിന്റെ സുരക്ഷിതത്വവും ശുദ്ധീകരിക്കുന്നതിലൂടെ ഉറപ്പാക്കാനാവും എന്ന് പഠനം പറയുന്നു. 

ഡബ്ല്യു.എച്ച്. ഒയുടെ പഠനമനുസരിച്ച് മുലപ്പാലിലൂടെ രോഗം പകരുമെന്നതിന് തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ പാല്‍ നല്‍കുമ്പോള്‍ അമ്മയുമായി കുഞ്ഞിന് സമ്പര്‍ക്കം ഉണ്ടാവുന്നതിലൂടെ രോഗം പകരാം. 

ഇനി വൈറസ് മുലപ്പാലിലൂടെ പകരാന്‍ ഏതെങ്കിലും തരത്തിലുള്ള സാഹചര്യമുണ്ടായാല്‍ അത് തടയാന്‍ ഇത്തരത്തില്‍ പാസ്ച്യുറൈസ് ചെയ്യുന്നതിലൂടെ സാധിക്കും. കൊറോണ പോലുള്ള വൈറസ് മാത്രമല്ല, മുലപ്പാലിലൂടെ പകരാന്‍ സാധ്യതയുള്ള ഹെപ്പറ്റൈറ്റീസ് പോലുള്ള വൈറസുകളെയും ഇത്തരത്തില്‍ പാല്‍ ശുദ്ധീകരിക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് പഠനം പറയുന്നു.

(കടപ്പാട്: കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേര്‍ണല്‍)

Content Highlights: Study says that pasteurising breast milk can inactivate corona virus