പ്രതീകാത്മക ചിത്രം | AFP
വാഷിങ്ടണ്‍ : പരിപൂര്‍ണ നിശബ്ദത മാത്രം നിഴലിക്കുന്ന ഓഫീസ് അന്തരീക്ഷത്തില്‍ ഇരുന്നുകൊണ്ട് ജീവനക്കാര്‍ക്ക് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ലെന്ന് പഠനം. പരസ്പര സംസാരവും പശ്ചാത്തലശബ്ദവുമുള്ള ചുറ്റുപാടിലിരിക്കുമ്പോഴാണ് ആരോഗ്യപ്രദമായി ജോലിചെയ്യാന്‍ സാധിക്കുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് അരിസോണ, യൂണിവേഴ്സിറ്റി ഓഫ് കാന്‍സാസ് എന്നിവിടങ്ങളില്‍നിന്നുള്ള സംഘമാണ് 'നേച്ചര്‍ ഡിജിറ്റല്‍ മെഡിസിന്‍' ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പരിധിയില്‍ കവിഞ്ഞ ശബ്ദം ജോലിയെ ബാധിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ പരിപൂര്‍ണ നിശ്ശബ്ദതയും ആരോഗ്യകരമായി ജേലിചെയ്യുന്നതിനെ തടസ്സപ്പെടുത്തുമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. 50 ഡെസിബലില്‍ താഴെയുള്ള ശബ്ദമാണ് ശ്രദ്ധയോടെയും ആരോഗ്യത്തോടെയും ജോലി ചെയ്യാന്‍ വേണ്ടത് എന്നാണ് ഇവരുടെ അഭിപ്രായം. ചാറ്റൽ മഴയുടെ ശബ്ദവും പക്ഷികള്‍ പാടുന്നതുമെല്ലാം ഉത്തമമായ ജോലിസ്ഥലത്തിന് ആവശ്യമായ പശ്ചാത്തലശബ്ദങ്ങളാണ്.
ജോലിസ്ഥലത്തുള്ള അമിതമായ ശബ്ദം ജീവനക്കാരുടെ സമ്മര്‍ദം കൂട്ടും. പരിധിയില്‍ കവിഞ്ഞ ഒച്ച ചെവിയ്ക്ക് ഹാനികരവുമാണ്. എന്നാല്‍, 50 ഡെസിബെലില്‍ താഴെ ശബ്ദം കേള്‍ക്കുന്നത് ഇവരുടെ ജോലിയിലെ പ്രതികരണം കൂട്ടുമെന്നാണ് ഗവേഷക പ്രൊഫ. എസ്തര്‍ സ്റ്റേണ്‍ബെര്‍ഗ് പറയുന്നത്. ഓഫീസ് അന്തരീക്ഷങ്ങള്‍ അധികം ഒച്ചയുള്ളതോ അല്ലെങ്കില്‍ തീരെ ശബ്ദമില്ലാത്തതോ ആകാന്‍ പാടില്ല എന്നാണ് എസ്തറിന്റെ അഭിപ്രായം.
ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സുസ്ഥിതിയും ലക്ഷ്യമാക്കി ഓഫീസ് കെട്ടിടങ്ങള്‍ പശ്ചാത്തലത്തില്‍ ആവശ്യമായ ശബ്ദത്തിന്റെ കൃത്യമായ അളവ് നിശ്ചയിച്ച് അതനുസരിച്ച് പണികഴിക്കണമെന്നാണ് പ്രൊഫ. എസ്തര്‍ പറയുന്നത്. മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് പ്രൊഫസര്‍ സുധ റാമാണ് ഈ പ്രബന്ധത്തിന്റെ സീനിയര്‍ ഗവേഷക. യൂണിവേഴ്‌സിറ്റി ഓഫ് കാന്‍സസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കാര്‍ത്തിക് ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം മുഖ്യമായും നടന്നത്.
2018 ല്‍ പ്രൊഫ. എസ്തര്‍ നടത്തിയ മറ്റൊരു പരീക്ഷണത്തില്‍ തെളിഞ്ഞത് ഓരോ ക്യുബിക്കുളുകളായി തരംതിരിക്കാതെ പൊതുവായ ഡെസ്‌ക്കില്‍ ജോലിചെയ്യുന്നവരാണ് പ്രൈവറ്റ് ഓഫീസുകളിലോ പ്രത്യേകം ക്യാബിനുകളിലോ ഇരുന്ന് ജോലിചെയ്യുന്നവരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് എന്നാണ്. ജോലിസ്ഥലത്തെ ശബ്ദം 50 ഡെസിബെലില്‍ കൂടുമ്പോള്‍ ജീവനക്കാരുടെ സ്വസ്ഥത അതിനനുസരിച്ച് കുറയുന്നു എന്നാണ് ഇപ്പോഴത്തെ പഠനം സൂചിപ്പിക്കുന്നത്. ഓരോ 10 ഡെസിബലിന്റെ വര്‍ദ്ധനയ്ക്കുമൊപ്പം 1.9 ശതമാനമായി ജീവനക്കാരുടെ സ്വസ്ഥതയുടെ തോത് കുറയുകയാണ്. എന്നാല്‍, ശബ്ദം 50 ഡെസിബലില്‍ താഴെയുള്ളപ്പോള്‍ ഓരോ 10 ഡെസിബലിന്റെ വര്‍ദ്ധനവിനുമൊപ്പം ശാരീരിക സുസ്ഥിതി 5.4 ശതമാനമായി ഉയരുന്നതായാണ് കണ്ടെത്തിയത്.
കൂടുതലാളുകളും നിശ്ശബ്ദമായ ലൈബ്രറിയേക്കാള്‍ കോഫീഷോപ്പുകളിലിരുന്ന് ജോലിചെയ്യാന്‍ ഇഷ്ടപ്പെടുന്നത് അവിടെയുള്ള പശ്ചാത്തലശബ്ദം ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കുന്നതുകൊണ്ടാണ്. തികച്ചും നിശ്ശബ്ദമായിരിക്കുമ്പോള്‍ ഒരു മൊട്ടുസൂചി താഴെവീണാല്‍ക്കൂടി ശബ്ദമുണ്ടാവുകയും അത് ചെയ്യുന്ന ജോലിയില്‍നിന്ന് ശ്രദ്ധതിരിക്കുകയും ചെയ്യും. ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സുസ്ഥിതിയുമാണ് കമ്പനികളുടെ മുന്‍ഗണനയെങ്കില്‍ അവരുടെ ജോലിസ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ചെറിയ സംവിധാനങ്ങള്‍ ചെയ്യണമെന്നാണ് പ്രൊഫ. എസ്തറിന്റെ നിര്‍ദേശം.
Content Highlights: study says a completely silent office won't increase work performance of the employees
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..