അമിത രക്തസമ്മര്‍ദം ഉള്ളവരുടെ  മസ്തിഷ്കത്തിന് വേഗത്തില്‍ പ്രായമേറുന്നതായി പുതിയ പഠനം. എന്നാല്‍,  സാധാരണനിലയില്‍(normal) രക്തസമ്മര്‍ദമുള്ളവരുടെ മസ്തിഷ്കം യഥാര്‍ത്ഥ പ്രായത്തേക്കാള്‍ കുറഞ്ഞത് ആറുമാസത്തെ പ്രായക്കുറവ് അനുഭവപ്പെടുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഫ്രണ്ടിയേഴ്‌സ് ഇന്‍ ഏജിങ് ന്യൂറോസയന്‍സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

44-നും 76-നും ഇടയില്‍ പ്രായമുള്ള 686 പേരിലാണ് പഠനം നടത്തിയത്. 

പഠനത്തില്‍ പങ്കെടുത്ത അമിത രക്തസമ്മര്‍ദം അനുഭവിക്കുന്നവരില്‍ താരതമ്യേന ആരോഗ്യം കുറഞ്ഞ മസ്തിഷകമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക്, മറവിരോഗം എന്നിവ പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. 

ഓരോരുത്തരും തങ്ങളുടെ രക്തസമ്മര്‍ദം സാധാരണനിലയിൽ നിലനിര്‍ത്താന്‍ ശ്രമിച്ചാല്‍ അവരുടെ മസ്തിഷ്‌കം കൂടുതല്‍ ചെറുപ്പമായി തോന്നുമെന്നും ആരോഗ്യമുള്ളതുമായിരിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ വാള്‍ട്ടര്‍ അഭയരത്‌ന പറഞ്ഞു. രക്തസമ്മര്‍ദം ഉയരാതെ കാക്കുന്നതിന് ആരോഗ്യപ്രദമായ ജീവിതശൈലിയും ഭക്ഷണരീതികളും ചെറുപ്രായത്തിലേ ശീലമാക്കണമെന്നും പിന്നീട് പ്രശ്‌നം വഷളാകാന്‍ കാത്തുനില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content highlights: study reveals optimal blood pressure keeps brain younger