വ്യായാമം, സൗഹൃദങ്ങൾ; മറവിരോ​ഗത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ കണ്ടെത്തി ​ഗവേഷകർ


Representative Image

ലോകമെമ്പാടുമായി അഞ്ചരക്കോടിയിലേറെ പേർ മറവിരോ​ഗം മൂലം ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ‌ പറയുന്നത്. ഓരോ വർഷം കൂടുംതോറും മറവിരോ​ഗികളുടെ എണ്ണം കുത്തനെ വർധിക്കുന്നുമുണ്ട്. ഡയബറ്റിസ്, വിഷാദം, ഹൈപ്പർടെൻഷൻ, അമിത മദ്യോപയോ​ഗം, പുകവലി തുടങ്ങിയ ഏതാനും ചില കാര്യങ്ങൾ മറവിരോ​ഗത്തിന് ആക്കം കൂട്ടുന്നുവെന്ന് പലപഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ചില ശാരീരിക പ്രവർത്തനങ്ങൾ വഴി മറവിരോഗത്തെ ഒരു പരിധിവരെ തടയാനാവുമെന്ന് നേരത്തേ ചില പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഏതെല്ലാം ശാരീരിക പ്രവർത്തനങ്ങളാണ് മറവിരോ​ഗത്തെ പ്രതിരോധിക്കാൻ സഹായിക്കുക എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ അതിനും ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ​ഗവേഷകർ. ന്യൂറോളജി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്.

മാനസികവും ശാരീരികവുമായി സജീവമായിരിക്കുക വഴി മറവിരോ​ഗത്തെ ഒരുപരിധിവരെ തടയാനാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. വ്യായാമം ശീലമാക്കുക, വീട്ടുജോലികൾ, കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സമയം പങ്കിടൽ തുടങ്ങിയവ മറവിരോ​ഗ സാധ്യത കുറയ്ക്കുമെന്നാണ് ​ഗവേഷകർ കണ്ടെത്തിയത്. യു.കെയിൽ നിന്നുള്ള 501,376 പേരെ അടിസ്ഥാനമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. 56 വയസ്സ് പ്രായമുള്ളവരായിരുന്നു പഠനത്തിൽ പങ്കെടുത്തത്. പത്തുവർഷത്തോളം ഇവരുടെ പ്രവർത്തികൾ സസൂക്ഷ്മം നിരീക്ഷിച്ചാണ് വിലയിരുത്തലിലേക്ക് എത്തിയത്.

പഠനത്തിന്റെ തുടക്കത്തിൽ വ്യക്തികൾ ഓരോരുത്തർക്കും അവരുടെ ശാരീരിക പ്രവർത്തനങ്ങളും ഇലക്ട്രോണിക് ഉത്പന്നങ്ങളിലുള്ള സമയം ചെലവഴിക്കലും വീട്ടുജോലിയുമെല്ലാം സംബന്ധിച്ച് ചോദ്യങ്ങൾ നൽകി. പഠനത്തിൽ പങ്കെടുത്തവരുടെ കുടുംബചരിത്രം പരിശോധിച്ച് മറവിരോ​ഗത്തിനുള്ള സാധ്യതയും നിരീക്ഷിച്ചു. തുടർന്നുള്ള നിരീക്ഷണകാലത്ത് 5,185 പേരിൽ മറവിരോ​ഗലക്ഷണങ്ങൾ കണ്ടെത്തി. അവരിൽ ഭൂരിഭാ​ഗം പേരും പ്രായമേറിയവരും പുരുഷന്മാരും ഹൈപ്പർടെൻഷൻ, ഹൈപ്പർലിപിഡിമിയ എന്നീ ചരിത്രങ്ങൾ ഉള്ളവരാണെന്നും കണ്ടെത്തി. മാത്രമല്ല ഇക്കൂട്ടരിൽ സാമൂഹിക ഇടപെടലുകൾ കുറവായിരുന്നുവെന്നും ബോഡി മാസ് ഇൻഡെക്സ് കൂടുതലായും കണ്ടെത്തി.

ഡാറ്റ പരിശോധിച്ചതിനു പിന്നാലെ ശാരീരിക-മാനസിക പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ടവരിൽ വിഷാദരോ​ഗ സാധ്യത കുറവാണെന്നും ​ഗവേഷകർ കണ്ടെത്തി. തുടർച്ചയായി വ്യായാമം ചെയ്യുന്നവരിലും വീട്ടുജോലികളിൽ ഏർപ്പെടുന്നവരിലും സുഹൃത്തുക്കളെയും കുടുംബാം​ഗങ്ങളെയും നിരന്തരം കണ്ട് ഇടപഴകുകയുമൊക്കെ ചെയ്യുന്നവരിൽ ഇവയിലൊന്നും ഏർപ്പെടാത്തവരെ അപേക്ഷിച്ച് മറവിരോ​ഗസാധ്യത കുറവാണെന്നായിരുന്നു കണ്ടെത്തൽ.

കുടുംബാം​ഗങ്ങളിൽ മറവിരോ​ഗ ചരിത്രമുണ്ടെങ്കിലും ഇത്തരത്തിൽ മാനസിക ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരിലും മറവിരോ​ഗത്തെ പ്രതിരോധിക്കാനുള്ള ശേഷി കണ്ടെത്തിയതായി ​ഗവേഷകർ അഭിപ്രായപ്പെട്ടു. എപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുകയും പഠിക്കുകയും ശീലിക്കുകയും വഴി തലച്ചോറിനുണ്ടാകുന്ന ​ഗുണപരമായ മാറ്റങ്ങളാവാം ഇതിനു കാരണമെന്ന് സസെക്സ് സർവകലാശാലയിൽ സീനിയർ ലക്ചററും പഠനത്തിൽ പങ്കാളിയുമായ ഡോ. ഡോറിന കാഡർ പറഞ്ഞു. പുസ്തകമോ മാ​ഗസിനോ വായിക്കുകയോ പോഡ്കാസ്റ്റ് കേൾക്കുകയോ ഒക്കെ ചെയ്യുന്നതു പോലും മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം എന്നും അവർ പറഞ്ഞു. നാൽപതുകളോ അമ്പതുകളോ എഴുപതുകളോ ആയിക്കൊള്ളട്ടെ, വിവരങ്ങളും അറിവുകളും വികാരങ്ങളുമൊക്കെ കൂട്ടിച്ചേർക്കുക വഴി തലച്ചോറിലെ സെല്ലുകൾ സദാ വ്യാപൃതരാവുകയാണ് ചെയ്യുക എന്നും അവർ പറഞ്ഞു.

സാമൂഹിക ഇടപെടലുകളിൽ നിന്ന് വിട്ട് ഒറ്റയ്ക്ക് ജീവിക്കുന്നത് ഒരു വ്യക്തിയുടെ ആരോ​ഗ്യത്തെ പുകവലിശീലം പോലെതന്നെ നശിപ്പിക്കുമെന്നും അവർ പറഞ്ഞു. സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും മൂലം വിഷാദരോ​ഗം ഉൾപ്പെടെ നിരവധി മാനസിക പ്രശ്നങ്ങളിൽ ചെന്നെത്തുന്നവരുണ്ട്. ഇത് വ്യക്തികളുടെ മാനസിക നിലയെ ബാധിക്കുമെന്നും മറവിരോ​ഗ സാധ്യത വർധിപ്പിക്കുമെന്നും ഡോറിന പറഞ്ഞു.

Content Highlights: study investigates which activities are tied to a lower dementia risk


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented