മുലപ്പാലിന്റെ ഗുണങ്ങളെക്കുറിച്ച് എത്ര വര്‍ണിച്ചാലും മതിവരില്ല. അത്രയേറെ പോഷകങ്ങളാല്‍ സമ്പന്നമാണ് മുലപ്പാല്‍. ഇപ്പോഴിതാ മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു മുലപ്പാല്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ആര്‍.സി.എസ്.ഐ. യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. കുഞ്ഞുങ്ങളുടെ ഹൃദയാരോഗ്യത്തെയും ഹൃദയത്തിന്റെ വികാസത്തിനും മുലപ്പാല്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. 

ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍(JAMA Network Open) എന്ന ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാസം തികയാതെ പ്രസവിച്ച 80 കുഞ്ഞുങ്ങളിലാണ് പഠനം നടത്തിയത്. മുലപ്പാല്‍ കുടിച്ചുവളര്‍ന്ന കുഞ്ഞുങ്ങളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഒരു വര്‍ഷത്തിനുള്ളില്‍ ഏറെ മെച്ചപ്പെട്ടതായി പഠനത്തില്‍ കണ്ടെത്തി. ഇത് മാസം തികഞ്ഞ് പ്രസവിച്ച കുഞ്ഞുങ്ങളുടെ ഹൃദയാരോഗ്യവുമായി ഏറെക്കുറെ അടുത്തുനില്‍ക്കുന്നതായും കണ്ടെത്താന്‍ കഴിഞ്ഞു. 

മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത് പതിവാണ്. ഹൃദയധമനികളുടെ വണ്ണം കുറയല്‍, ഹൃദയസ്തംഭനം, ശ്വാസകോശങ്ങളിലെ രക്തസമ്മര്‍ദം സാധാരണയുള്ളതിനേക്കാള്‍ കൂടുതല്‍ എന്നിവയാണ് മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന രോഗങ്ങള്‍. 

മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ ജനിച്ച് ആദ്യമാസങ്ങളില്‍ മുലപ്പാല്‍ മാത്രം കുടിക്കുന്നത് ഇത്തരം അസുഖങ്ങള്‍ സുഖപ്പെട്ട് സാധാരണനിലയിലേക്ക് വരുന്നതായി പഠനത്തില്‍ കണ്ടെത്തി. ഫോര്‍മുല മില്‍ക്ക് കുടിച്ച കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്തപ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് വരുന്നതിന്റെ നിരക്ക് ഇവരില്‍ കൂടുതലാണെന്നും കണ്ടെത്താന്‍ കഴിഞ്ഞു.

'മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഹൃദയപ്രവര്‍ത്തനം സാധാരണയുള്ളതിനേക്കാള്‍ വ്യത്യസ്തമാണ്. എന്നാല്‍, സ്വന്തം അമ്മയുടെ മുലപ്പാല്‍ കുടിച്ചുവളരുന്ന ഇത്തരം കുഞ്ഞുങ്ങളുടെ ഹൃദയാരോഗ്യത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വലിയതോതിലുള്ള മാറ്റം പ്രകടമായി. എന്നാല്‍, ഫോര്‍മുല മില്‍ക്ക് കുടിക്കുന്ന കുഞ്ഞുങ്ങളില്‍ ഈ മാറ്റം കണ്ടെത്താന്‍ കഴിഞ്ഞില്ല'-പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ ഇ.എല്‍.-ഖുഫാഷ് പറഞ്ഞു.

Content highlights: study finds breast milk enhances heart performance in premature babies