വാഷിങ്ടണ്‍: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച അമ്മമാരുടെ മുലപ്പാലില്‍ ആന്റിബോഡികളുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം. ഈ മുലപ്പാല്‍ കുടിക്കുന്നത് നവജാതശിശുക്കളെ രോഗത്തില്‍നിന്നു സംരക്ഷിക്കാന്‍ സഹായിക്കുമെന്നും യു.എസിലെ ഫ്‌ളോറിഡ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. കണ്ടെത്തലുകള്‍ 'ബ്രെസ്റ്റ്ഫീഡിങ് മെഡിസിന്‍' എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

''വാക്‌സിനെടുത്ത അമ്മമാരുടെ മുലപ്പാലില്‍ ആന്റിബോഡികളുടെ ഗണ്യമായ വര്‍ധന കണ്ടെത്തി. ഈ പ്രതിരോധശേഷി കുഞ്ഞുങ്ങള്‍ക്ക് കൈമാറാന്‍ കഴിയും.'' -സര്‍വകലാശാലയിലെ മുതിര്‍ന്ന ഗവേഷകന്‍ ജോസഫ് ലാര്‍ക്കിന്‍ പറഞ്ഞു. 2020 ഡിസംബറിനും 2021 മാര്‍ച്ചിനുമിടയിലാണ് പഠനം നടത്തിയത്. മൊഡേണ, ഫൈസര്‍ വാക്‌സിനുകള്‍ സ്വീകരിച്ച കോവിഡ് ബാധിക്കാത്ത 21 മുലയൂട്ടുന്ന ആരോഗ്യപ്രവര്‍ത്തകരെയാണ് പരീക്ഷണത്തില്‍ പങ്കെടുപ്പിച്ചത്.

കുത്തിവെപ്പിനുമുമ്പ്, ആദ്യ ഡോസിനുശേഷം, രണ്ടാമത്തെ ഡോസിനുശേഷം എന്നിങ്ങനെ ഇവരുടെ മുലപ്പാല്‍, രക്തം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി. രണ്ടാമത്തെ ഡോസിനുശേഷം രക്തത്തിലും മുലപ്പാലിലും ആന്റിബോഡികള്‍ പഴയതിനേക്കാള്‍ ഏകദേശം നൂറുമടങ്ങ് വര്‍ധിക്കുന്നതായി കണ്ടെത്തി. മുലപ്പാല്‍ കുടിക്കുന്ന ശിശുക്കള്‍ക്ക് കോവിഡിനെതിരേ സ്വയം സംരക്ഷണം ഉണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം.

Content Highlights: Studies says mothers who take Covid vaccine have higher levels of antibodies in their breast milk, Health, Covid19, Covid Vaccination