കൊച്ചി: സംസ്ഥാനത്ത്‌ കോവിഡ് മൂലം മാനസിക പിരിമുറുക്കവും ഉറക്കമില്ലായ്മയും അനുഭവിക്കുന്നവരിൽ കൂടുതൽ പേർ എറണാകുളം ജില്ലയിൽ. നിരീക്ഷണത്തിലുള്ളവരും കോവിഡ് ബാധിതർക്കുമായി സംസ്ഥാന സർക്കാർ നടത്തുന്ന ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ പദ്ധതിയിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

ജില്ലയിൽ ഇതുവരെ 3,19,154 പേർക്ക്‌ മാനസിക പിന്തുണ നൽകി. പിന്തുണ നൽകിയവരിൽ 18,862 പേർക്ക്‌ കൗൺസലിങ് വേണ്ടിവന്നു. മാനസിക പിന്തുണ ആവശ്യപ്പെട്ട് 1921 പേർ അധികൃതരെ വിളിച്ചു. മാനസിക പിരിമുറുക്കം നേരിടുന്നവരിൽ 24 പേർക്ക്‌ മരുന്നു നൽകിയുള്ള ചികിത്സ ആരംഭിച്ചു.

ജില്ലയിൽ ഇതുവരെ 3384 പേർക്ക്‌ മാനസിക പിരിമുറുക്കം ഉള്ളതായി കണ്ടെത്തി. ഇതു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കണക്കാണ്. 2113 പേരുമായി പാലക്കാടും 1464 പേരുമായി കൊല്ലവുമാണ് പിന്നിലുള്ളത്. അതോടൊപ്പം ഉറക്കമില്ലായ്മ ഏറെ അലട്ടുന്നതും ജില്ലയിലാണ്. ഇതുവരെ 877 പേർക്ക്‌ കോവിഡ് മൂലം ഉറക്കം നഷ്ടപ്പെട്ടു.

രോഗം വന്നതിനാൽ സമൂഹം മോശമായി ചിന്തിക്കുമോ, അകലം പാലിക്കുമോ തുടങ്ങിയുള്ള ചിന്തകളാണു പിരിമുറുക്കത്തിനു കാരണമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ബന്ധുക്കളിൽനിന്ന്‌ അകന്നു കഴിയുന്നതുമൂലമുള്ള വിഷമവും താൻ മൂലം കുടുംബാംഗങ്ങൾ രോഗബാധിതരാകുമോ എന്ന വ്യാകുലതയുമെല്ലാം ഒരാളെ പിരിമുറുക്കത്തിലാഴ്ത്തുന്നുണ്ട്.

വൈകാരിക പിന്തുണയില്ലാത്തതിന്റെ തെളിവ്

കോവിഡ് മാത്രമല്ല, കോവിഡ് മൂലം സമൂഹത്തിലുണ്ടായ മാറ്റങ്ങളും അതിൽനിന്നു കരകയറാൻ ഒരു വൈകാരിക പിന്തുണ ലഭിക്കാത്തതുമൂലവുമാണ് മാനസിക പിരിമുറുക്കങ്ങൾ ഏറുന്നത്. വരുമാനം നിലച്ചതും പ്രിയപ്പെട്ടവർ അടുത്തില്ലാത്തതുമെല്ലാം ഇതിന് കാരണമാണ്. മാനസിക സഹായം തേടിയെത്തുന്ന വനിതകളും കൂടുതലാണ്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കുന്ന പങ്കാളികളും വർക്ക് അറ്റ് ഹോം നൽകുന്ന പിരിമുറുക്കവും ഇതിനോടു ചേർത്തുവായിക്കാം. ലോക്ഡൗണിലും തുടർന്നുള്ള നാളുകളിലും ചെറിയ കാര്യങ്ങളിൽ പോലും മനസ്സ് ഉറയ്ക്കാതെ ആത്മഹത്യ ചെയ്യാനൊരുങ്ങിയ കൗമാരക്കാർ കൂടുതലാണ്. സുഹൃത്തുക്കളുമായുള്ള തുറന്നുപറച്ചിലുകൾ ഇല്ലാത്തതും വീട്ടിൽനിന്നുള്ള പിന്തുണയില്ലാത്തുമായിരുന്നു കാരണം. ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ സാമ്പത്തിക പിന്തുണയ്ക്കൊപ്പം മാനസിക പിന്തുണയും ആവശ്യമാണ്.

-ഡോ. എലിസബത്ത് ആന്റണി,
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, എറണാകുളം ജനറൽ ആശുപത്രി

Content Highlights: Stress and insomnia caused by Covid19, Health, Covid19, Corona Virus