Representative Image| Photo: Canva.com
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദര്‍- ന്യൂബോണ്‍ കെയര്‍ യൂണിറ്റ് (എം.എന്‍.സി.യു) കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ സജ്ജമായി. ഇതിന്റെ ഉദ്ഘാടനം ജനുവരി രണ്ടിന് ഉച്ചയ്ക്ക് 1.30ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
നവജാത ശിശുക്കളുടെ പരിചരണത്തില്‍ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കികൊണ്ടുള്ള ചികിത്സാ പദ്ധതിയാണ് എം.എന്‍.സി.യുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആഗോള തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു നൂതന ആശയമാണിത്. ഇതിലൂടെ മാതൃശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം, നവജാത ശിശു പരിചരണവും, കരുതലും, മുലയൂട്ടലും, കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്നു. കുഞ്ഞിന്റെ വേഗത്തിലുള്ള രോഗമുക്തിയും കുറഞ്ഞ ആശുപത്രിവാസവും ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയില്‍ വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളില്‍ മാത്രമേ ഈ സംവിധാനം നിലവിലുള്ളൂ. കുഞ്ഞുങ്ങളുടെ പരിചരണത്തില്‍ അമ്മമാരുടെ പങ്കാളിത്തം ഉറപ്പാക്കികൊണ്ടുള്ള ചികിത്സയാണിത്. ഈ ആശയത്തിന്റെ ചുവടു പിടിച്ചുകൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നവജാത ശിശു വിഭാഗത്തില്‍ ഈ പദ്ധതി ആരംഭിക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ എം.എന്‍.സി.യുവില്‍ എട്ട്
കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്.
കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തിനുള്ള പ്രധാന റഫറല്‍ സെന്ററാണ് മാതൃ ശിശു സംരക്ഷണ കേന്ദ്രം. ഇത് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഇവിടെ നിയോനാറ്റോളജി വിഭാഗം ആരംഭിച്ചത്. ലക്ഷ്യ സര്‍ട്ടിഫിക്കേഷനും മാതൃശിശുസൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവും നേടിയ ആശുപത്രിയാണിത്. കൂടാതെ മുലപ്പാല്‍ ബാങ്കും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ജനനം മുതല്‍ 28 ദിവസം വരെയുള്ള നവജാത ശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണവും ഇവിടെ ലഭ്യമാകും. മാസം തികയാതെ, തൂക്ക കുറവുള്ള ശിശുക്കളുടെ വെന്റിലേറ്റര്‍ അടക്കമുള്ള തീവ്ര പരിചരണവും ഇവിടെ സജ്ജമാണ്. പീഡിയാട്രിക് സര്‍ജറി വിഭാഗത്തിന്റെ സഹകരണത്തോടു കൂടി സങ്കീര്‍ണമായ ശസ്ത്രക്രിയ ആവശ്യമായ ശിശുക്കളുടെ ചികിത്സയും ലഭ്യമാണ്.
Content Highlights: state's first mother newborn care unit at kozhikode medical college starts functioning from jan 2nd
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..