തിരുവനന്തപുരം: കേരളത്തിന് പുറത്തുനിന്നുള്ള കുട്ടികൾക്ക് ശ്രീചിത്രയിൽ നൽകിവരുന്ന സൗജന്യചികിത്സ നിർത്തലാക്കുന്നു. കേന്ദ്രപദ്ധതിയായ രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർ.ബി.എസ്.കെ.) വഴി സൗജന്യമായി നൽകി വരുന്ന ചികിത്സയാണ് ബുധനാഴ്ച മുതൽ നിർത്തലാക്കുന്നത്. തിരഞ്ഞെടുത്ത ഹൃദ്രോഗങ്ങൾക്ക് അല്ലാതെയുള്ള കുട്ടികളുടെ രോഗങ്ങൾക്ക് കേരളത്തിലെ എ.പി.എൽ. വിഭാഗക്കാരും പണംനൽകണം. ആർ.ബി.എസ്.കെ. പദ്ധതി വഴി നേരത്തേ ലഭിച്ചിരുന്ന ഒ.പി. ചികിത്സയും ബുധനാഴ്ച മുതൽ സൗജന്യമല്ലാതാകും.

സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽത്ത് മിഷൻ കേരളയും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയും തമ്മിൽ ആർ.ബി.എസ്.കെ. പദ്ധതിയിൽ ഒപ്പിട്ട കരാർ പ്രകാരമാണ് സൗജന്യ ചികിത്സ നിർത്തലാക്കുന്നത്.

ആർ.ബി.എസ്.കെ. പദ്ധതിയിലൂടെ കേരളത്തിൽനിന്നുള്ള രോഗികൾക്ക് മാത്രമേ ഇനി ചികിത്സാ ആനുകൂല്യം ലഭ്യമാകൂ. തിരഞ്ഞെടുത്ത 23 ഇനം ഹൃദ്രോഗങ്ങൾക്കുള്ള കിടത്തിചികിത്സയ്ക്ക് മാത്രമായി സാമ്പത്തിക സഹായം പരിമിതപ്പെടുത്തുമെന്നും ശ്രീചിത്രാ അധികൃതർ പറഞ്ഞു.

സംസ്ഥാനത്ത് നിന്നുള്ള കുട്ടികൾക്കും കാർഡിയോളജി, കാർഡിയാക് സർജറി കേസുകൾക്ക് മാത്രമെ ഇനി സൗജന്യ ചികിത്സ നൽകു. റേഡിയോളജി, ന്യൂറോളജി, ന്യൂറോ സർജറി തുടങ്ങിയ കേസുകളിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കേരളത്തിൽനിന്നുള്ള കുട്ടികൾക്ക് സംസ്ഥാന സർക്കാരിന്റെ ‘താലോലം’ പദ്ധതിപ്രകാരം കിടത്തിചികിത്സ ലഭ്യമാക്കും.

ഒട്ടേറെ കുട്ടികൾക്ക് സഹായമായ പദ്ധതികളാണ് പുതിയ കരാർ പ്രകാരം ഇല്ലാതാകുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്ന്‌ 954 കുട്ടികളാണ് ഹൃദ്രോഗമടക്കമുള്ള രോഗങ്ങളുമായി കഴിഞ്ഞവർഷം ശ്രീചിത്രയിൽ ചികിത്സ തേടിയത്.

ആർ.ബി.എസ്.കെ. പദ്ധതി വഴി പുറമേനിന്നുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ തുടരണമെന്ന് ശ്രീചിത്ര അധികൃതർ ആവശ്യപ്പെട്ടെങ്കിലും കരാർ അവസാനിപ്പിക്കുകയാണെന്ന് നാഷണൽ ഹെൽത്ത് മിഷൻ കേരള അറിയിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന, കേന്ദ്ര ആരോഗ്യ മന്ത്രാലയങ്ങൾക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ശ്രീചിത്ര സ്വന്തമായി നൽകിവരുന്ന ‘പേഷ്യന്റ് സബ്‌സിഡി സ്‌കീം’ പ്രകാരം എല്ലാ വിഭാഗത്തിലും നൽകിവരുന്ന സൗജന്യ ചികിത്സകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.