പഴയങ്ങാടി: പിച്ചവെക്കുംമുമ്പേ ചക്രക്കസേരകളിൽ ജീവിതം തളച്ചിടേണ്ടിവന്ന മൂന്ന്‌ സഹോദരങ്ങൾ. നിയാസും നിഹാലും നിസാലും. മൂവരും ഒരുപോലെ മസ്കുലാർ ഡിസ്‌ട്രോഫി (ഡി.എം.ഡി.) എന്ന അപൂർവ ജനിതകരോഗ ബാധിതർ. ഓട്ടോ ഡ്രൈവറായ യു.കെ.പി.മൻസൂറിന്റെയും ഇ.എൻ.പി.സമീറയുടെയും മക്കളാണ് മൂന്നുപേരും. മൂത്തകുട്ടിക്ക് 15 വയസ്സ്. രണ്ടാമത്തെ കുട്ടിക്ക് 12-ഉം ഇളയകുട്ടിക്ക് ഏഴും വയസ്സ്. പേശീബലം നഷ്ടപ്പെട്ട് കുഴഞ്ഞു നിൽക്കുന്ന ശരീരവുമായി നടക്കാനോ പ്രാഥമികകാര്യങ്ങൾ സ്വയം ചെയ്യാനോ മൂവർക്കും സാധിക്കില്ല. നിയാസിനെയും നിഹാലിനെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ വൈദ്യശാസ്ത്രത്തിൽ മരുന്നില്ല. കുഞ്ഞനുജൻ നിസാലിന്‌ പ്രതീക്ഷയുണ്ട്. ലക്ഷങ്ങൾ ചെലവ് വരുന്ന ഇവരുടെ തുടർചികിത്സയ്ക്കുമുന്നിൽ പകച്ചുനില്ക്കുകയാണ് കുടുംബം.

മൻസൂറിന് കുട്ടികളെ പരിചരിക്കുന്നതിനിടയിൽ പലപ്പോഴും ജോലിക്ക് പോകാനാകുന്നില്ല. മുട്ടത്തെ വാടകവീട്ടിൽ കഴിയുന്ന ഇവരുടെ ദൈനംദിന ചെലവുകൾ നടക്കുന്നത് കാരുണ്യമതികളുടെ സഹായത്താലാണ്.

കുട്ടികളുടെ ചികിത്സയും സ്വന്തമായി വീടെന്ന കുടുംബത്തിന്റെ സ്വപ്നവും സാക്ഷാത്കരിക്കാൻ നാട്ടുകാർ രംഗത്തിറങ്ങിയിട്ടുണ്ട്. പി.വി.അബ്ദുള്ള ചെയർമാനും എസ്.എൽ.പി.മൊയ്തീൻ കൺവീനറുമായി സഹായകമ്മിറ്റി രൂപവത്കരിച്ചു. കേരള ഗ്രാമീൺ ബാങ്ക് പഴയങ്ങാടി ശാഖയിലെ അക്കൗണ്ട് നമ്പർ: 40474100013001. ഐ.എഫ്.എസ്.സി.: KLGB0040474. ഗൂഗിൾപേ നമ്പർ: 9895159727. ഫോൺ: 9895866852, 9747432204.

Content Highlights: spinal muscular atrophy, spinal muscular atrophy treatment, spinal muscular atrophy reasons