കൊറോണ വൈറസിന്റെ യു.കെ. വകഭേദം അവിടെ വലിയതോതിൽ വ്യാപിക്കുകയാണ്. ഇതിനിടയിലാണ് ദക്ഷിണാഫ്രിക്കൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞിരിക്കുന്നത്. ക്വാസുലു നാറ്റൽ റിസർച്ച് ഇന്നൊവേഷൻ ആൻഡ് സീക്വൻസിങ് പ്ലാറ്റ്ഫോമും നെറ്റ്വർക്ക് ഓഫ് ജീനോമിക് സർവെയിലൻസ് ഇൻ സൗത്ത് ആഫ്രിക്കയും ചേർന്നാണ് 501Y.V2 എന്ന വകഭേദത്തെ തിരിച്ചറിഞ്ഞത്.

തുടർച്ചയായി മാറ്റങ്ങളുണ്ടാവുക എന്നത് വൈറസുകളുടെ ശൈലിയാണ്. ഇത്തരത്തിൽ വൈറസുകൾക്കുണ്ടാകുന്ന ഒരു മാറ്റത്തെയാണ് യഥാർഥ വൈറസിന്റെ 'വേരിയന്റ്' അല്ലെങ്കിൽ വകഭേദം സംഭവിച്ചവ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ യഥാർഥ വൈറസ് അതുപോലെ നിലനിൽക്കുകയും ചെയ്യും. വൈറസിന്റെ ജനിതക കോഡിലുണ്ടാകുന്ന മാറ്റങ്ങളെയാണ് മ്യൂട്ടേഷനുകൾ അഥവ ജനിതകവ്യതിയാനം എന്ന് പറയുന്നത്. ദക്ഷിണാഫ്രിക്കയിൽ തിരിച്ചറിഞ്ഞ വൈറസിന്റെ പുതിയ വകഭേദത്തിന് 501 Y.V2 എന്നാണ് പേര്. യഥാർഥ സാർസ് കോവ് 2 വൈറസുമായി നോക്കിയാൽ ഇതിന് 23 ജനിതകവ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടത് എന്തെന്നാൽ, 20 ജനിതക വ്യതിയാനങ്ങളും അമിനോ ആസിഡ് മാറ്റങ്ങൾക്കും എട്ടെണ്ണത്തിൽ സാർസ് കോവ് 2 വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലുമാണ് സംഭവിച്ചിരിക്കുന്നത്.

ഇത്തരം ജനിതകമാറ്റങ്ങൾ വൈറസിന് അനുകൂലമാവുന്നതോടെ അവ സുസ്ഥിരമായി നിലനിൽക്കുന്നു. ഇത് പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാൻ വൈറസിനെ സഹായിക്കുന്നു. കൂടുതൽ വേഗത്തിൽ പരക്കാനും സഹായിക്കുന്നു.

എന്തുകൊണ്ട് ഭയക്കണം

സാർസ് കോവ് 2 വൈറസിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് 501 Y.V2 വൈറസ് വളരെ പെട്ടെന്ന് വ്യാപിക്കും. ജനിതകവ്യതിയാനം സംഭവിച്ച ഈ വൈറസിന് സ്പൈക്ക് പ്രോട്ടീനിൽ ഉൾപ്പടെ മാറ്റങ്ങൾ വന്നിട്ടുണ്ട്. മനുഷ്യകോശങ്ങളിൽ കൊളുത്തിപ്പിടിക്കാൻ സഹായിക്കുന്ന വൈറസിന്റെ ഭാഗമാണ് സ്പൈക്ക് പ്രോട്ടീൻ. ഈ റിസപ്റ്റർ വഴിയാണ് കോശത്തിനകത്തേക്ക് കയറി അണുബാധയുണ്ടാക്കുന്നത്. ഇതിനെത്തുടർന്ന് മറ്റ് കോശങ്ങളിലേക്കും പടർന്ന് കയറുന്നു.

സ്പൈക്ക് പ്രോട്ടീനിൽ വന്ന ഈ മാറ്റങ്ങൾ മനുഷ്യരിൽ വളരെ എളുപ്പത്തിൽ അണുബാധയുണ്ടാകാനും വൈറസ് പെറ്റുപെരുകാനും കാരണമാകുന്നു. ഇത് പെട്ടെന്ന് രോഗബാധയ്ക്ക് ഇടയാക്കുന്നു. ദക്ഷിണാഫ്രിക്കയിൽ വളരെ പെട്ടെന്ന് ഇത് വ്യാപിക്കുന്നുണ്ട്.

ദക്ഷിണാഫിക്കയിൽ നടന്ന പഠനത്തിൽ വ്യക്തമാവുന്നത് നേരത്തെ കോവിഡ് ബാധിച്ചതിനെത്തുടർന്ന് ശരീരത്തിൽ തയ്യാറായ ആന്റിബോഡികളെ മറികടക്കാൻ ഈ പുതിയ വകഭേദത്തിന് സാധിക്കുന്നുണ്ട് എന്നാണ്. അതായത് നേരത്തെ രോഗം ബാധിച്ചവരിൽ കോവിഡിനെതിരെ തയ്യാറായ ആന്റിബോഡികൾക്ക് പുതിയ വകഭേദം വന്ന വൈറസിനെ പ്രതിരോധിക്കാനാവുന്നില്ല എന്നാണ്.

നേരത്തെ കോവിഡ് 19 ബാധിച്ചവരുടെ ബ്ലഡ് പ്ലാസ്മ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയത് നേരത്തെ അവരുടെ ശരീരത്തിലുണ്ടായ ആന്റിബോഡികൾ വൈറസിന്റെ പുതിയ വകഭേദത്തിനോട് പൊരുതുമ്പോൾ ന്യൂട്രലാവുകയോ കാര്യക്ഷമതയില്ലാത്തതാവുകയോ ചെയ്യുന്നു എന്നാണ്. ഈ ആന്റിബോഡികൾക്ക് പുതിയ വകഭേദത്തെ ചെറുക്കാനുള്ള കഴിവില്ല എന്നാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മറ്റൊരു പഠനത്തിലും ഇതേ കണ്ടെത്തലുണ്ടായിട്ടുണ്ട്. അതിനാൽ തന്നെ ഇക്കാര്യത്തിൽ ആശങ്ക ഏറെയാണ്.

ആശങ്ക ഉയർത്തുന്ന കണ്ടെത്തലാണെങ്കിലും മനുഷ്യരിലെ പ്രതിരോധ ശേഷി ഈ പുതിയ വകഭേദത്തിനെതിരെ എങ്ങനെ പ്രവർത്തിക്കുമെന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. നേരത്തെ തയ്യാറാക്കിയ വാക്സിനുകൾക്ക് ഈ പുതിയ വകഭേദത്തെ നേരിടാനാവുമോയെന്നും കൂടുതൽ പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു.

നിലവിലുള്ള വാക്സിനുകൾക്ക് പുതിയ വകഭേദത്തെ പ്രതിരോധിക്കാനാവുമോ?

ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വൈറസിന്റെ സ്പൈക്ക് പ്രോട്ടീന് എതിരെ ഇമ്മ്യൂൺ റെസ്പോൺസ് സൃഷ്ടിച്ച് സംരക്ഷണം നൽകുകയാണ് വാക്സിനുകൾ ചെയ്യുന്നത്. വാക്സിനിൽ അടങ്ങിയിരിക്കുന്ന സ്പൈക്ക് പ്രോട്ടീൻ പ്രതിരോധ സംവിധാനത്തിന് ഒരു അന്യവസ്തുവായിട്ടാണ് കാണുക. അത് പ്രോട്ടീന് ഒരു ഇമ്മ്യൂൺ റെസ്പോൺസ് നൽകും. പിന്നീട് എപ്പോഴെങ്കിലും യഥാർഥ വൈറസ് ശരീരത്തിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചാൽ അപ്പോൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പ്രതികരിക്കുകയും രോഗബാധയുണ്ടാകുന്നതിന് മുൻപ് അതിനെ നശിപ്പിക്കുകയും ചെയ്യും.

എന്നാൽ വൈറസിന് വകഭേദം സംഭവിക്കുമ്പോൾ അതിന്റെ സ്പൈക്ക് പ്രോട്ടീനിൽ വ്യത്യാസം വരും. അപ്പോൾ മുൻപ് വാക്സിൻ ലഭിച്ചപ്പോൾ ശരീരം അന്യവസ്തുവിനെ തിരിച്ചറിഞ്ഞതുപോലെ തിരിച്ചറിയണമെന്നില്ല. ഇത് രോഗബാധയ്ക്ക് ഇടയാക്കും.

വകഭേദം വന്ന വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ നിരവധി വ്യതിയാനങ്ങൾ വന്ന സാഹചര്യത്തിൽ വൈറസിന്റെ പുതിയ വകഭേദത്തിനെതിരെ വാക്സിൻ പ്രവർത്തിക്കുമോ എന്ന് കണ്ടെത്താനുള്ള കൂടുതൽ ഗവേഷണത്തിലാണ് ശാസ്ത്രജ്ഞർ.

Content Highlights:South african scientists discovered new Covid 19 variant, Health, Covid19