Photo: AP
ജൊഹാനാസ്‌ബെര്‍ഗ്: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കാന്‍ തുടങ്ങിയശേഷം ദക്ഷിണാഫ്രിക്കയില്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കോവിഡിനുപുറമെ മറ്റെന്തെങ്കിലുമാണോ ഇതിനു കാരണമെന്ന് ഇനിയും അന്വേഷിക്കേണ്ടതുണ്ടെന്നും രാജ്യത്തെ ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് ആശുപത്രിവാസം കൂടുതലായി കണ്ടുവരുന്നത്.
പത്തിനും 14-നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ രോഗവ്യാപനം കൂടിയിട്ടുണ്ടെന്നും രാജ്യത്തെ നാഷണല്‍ കമ്യൂണിക്കബിള്‍ ഡിസീസിലെ വാസ്സില ജസ്സാത് പറഞ്ഞു. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാത്തതാവാം കേസുയരാന്‍ കാരണമെന്നാണ് നിഗമനം. വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് കൂടുതല്‍ കോവിഡ് സ്ഥിരീകരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ച ഗൗട്ടെങ്ങില്‍ മുമ്പെങ്ങുമില്ലാത്ത വിധമാണ് രോഗം വ്യാപിക്കുന്നത്. ഡെല്‍റ്റയെക്കാളും ബീറ്റയേക്കാളും മൂന്നിരട്ടിവേഗത്തിലാണ് രോഗവ്യാപനം.
* ന്യൂയോര്‍ക്കില്‍ അഞ്ചുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അടുത്തയാഴ്ചമുതല്‍ രാജ്യത്തെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി
* ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങില്‍ ലോകാരോഗ്യസംഘടനയുടെ വിദഗ്ധസംഘമെത്തി.
വാക്‌സിനുകളുടെ 'രണ്ടാം തലമുറ'യ്ക്ക് സമയമായി
ന്യൂയോര്‍ക്ക്: ലോകം ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണിയിലായതോടെ കൂടുതല്‍ ശേഷിയുള്ള കോവിഡിന്റെ രണ്ടാംതലമുറ വാക്‌സിനുകള്‍ക്ക് സമയമായെന്ന് നിരീക്ഷണം.
ഇപ്പോഴുള്ള വാക്‌സിനുകള്‍ ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിച്ചാലും ഇല്ലെങ്കിലും ഭാവിയില്‍ പുതിയ വകഭേദങ്ങളെ മുന്‍കൂട്ടി കണ്ടുവേണം മുന്നോട്ടുപോവാനെന്ന് കൊലിഷന്‍ ഫോര്‍ എപ്പിഡെമിക് പ്രിപ്പേഡ്‌നസ് ഇന്നവേഷന്‍സ് (സി.ഇ.പി.ഐ.) എന്ന സംഘടന ആവശ്യപ്പെട്ടു. വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പിന്തുണയോടെ 2017-ല്‍ നിലവില്‍വന്ന സംഘടനയാണിത്.
പുതിയ മരുന്നുകള്‍ വികസിപ്പിക്കുന്നതിന് കൂടുതല്‍ ധനസമാഹരണം നടത്തണമെന്ന് സി.ഇ.പി.ഐ. ആവശ്യപ്പെട്ടു.
Content Highlights: South Africa Reports Rise in Number of Kids Hospitalized With COVID-19 Omicron Variant
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..