Representative Image
സാമൂഹിക മാധ്യമത്തിന് അടിമപ്പെടുന്നതും മാനസിക സമ്മർദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരന്തരം ചർച്ചകൾ നടക്കാറുണ്ട്. ഉറങ്ങുന്നതിന് തൊട്ടുമുമ്പുവരെയും ഉണർന്നെഴുന്നേറ്റാൽ ഉടനുമൊക്കെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ കയറി സമയം കളയുന്നവരുണ്ട്. എന്നാൽ ഇതത്ര നല്ലതല്ല എന്നുമാത്രമല്ല ഇടയ്ക്കൊക്കെ ഇവയിൽ നിന്ന് ബോധപൂർവം ഇടവേള എടുക്കുന്നത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പറയുകയാണ് ഗവേഷകർ.
സൈബർ സൈക്കോളജി, ബിഹേവിയർ ആൻഡ് സോഷ്യൽ നെറ്റ് വർക്കിങ് എന്ന സയന്റിഫിക് ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. പതിനെട്ടിനും എഴുപത്തിരണ്ടിനും ഇടയിൽ പ്രായമുള്ള 154 പേരെയാണ് പഠനത്തിന് ആധാരമാക്കിയത്. ഇവരുടെ സാമൂഹിക മാധ്യമ ഉപയോഗവും ശീലവുമൊക്കെയാണ് പഠനത്തിന് ആസ്പദമാക്കിയത്.
ഇവരെ രണ്ടുവിഭാഗമായി തിരിക്കുകയാണ് ആദ്യം ചെയ്തത്. ഒരുവിഭാഗം സാധാരണത്തേതു പോലെ സാമൂഹിക മാധ്യമം ഉപയോഗിച്ചു വന്നു. രണ്ടാമത്തെ വിഭാഗം അവയിൽ നിന്ന് ഒരാഴ്ചത്തെ ഇടവേള എടുത്തു. ഇതിൽ സാമൂഹിക മാധ്യമം ഒരാഴ്ചത്തേക്ക് ഉപയോഗിക്കാതെ ഇരുന്നവരുടെ മാനസികാരോഗ്യം കൂടുതൽ മെച്ചപ്പെട്ടതായി പഠനത്തിൽ കണ്ടെത്തി. വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളെല്ലാം കുറഞ്ഞതായി കണ്ടെത്തി. എന്നാൽ ഇതേസമയം സോഷ്യൽ മീഡിയയിൽ സജീവമായി ഇരുന്നവരുടെ മാനസികാരോഗ്യനിലയിൽ ഒരു പുരോഗതിയും കണ്ടതുമില്ല.
സോഷ്യൽ മീഡിയയിൽ നിന്നെടുക്കുന്ന ചെറിയ ഇടവേള പോലും വലിയ മാറ്റം ഉണ്ടാക്കുന്നു എന്നാണ് പഠനത്തിൽ നിന്ന് വ്യക്തമായതെന്ന് ഗവേഷണത്തിൽ പങ്കാളിയും ബാസ് സർവകലാശാലയിൽ ലക്ചററുമായ ജെഫ്രി ലാംബെർട് പറഞ്ഞു. സാമൂഹിക ഇടപഴകലിനും ബന്ധങ്ങൾ നിലനിർത്തുന്നതിനും മികച്ച ഇടമാണ് സാമൂഹിക മാധ്യമം എങ്കിലും പലപ്പോഴും അവ യാഥാർഥ്യത്തെരക്കുറിച്ച് തെറ്റിദ്ധരിപ്പിക്കാൻ ഇടവരുത്തുന്നുണ്ടെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
സാമൂഹിക മാധ്യമം എങ്ങനെയാണ് മാനസികാരോഗ്യത്തെ ബാധിക്കുന്നത് എന്നത് സംബന്ധിച്ചും പഠനത്തിൽ പറയുന്നുണ്ട്. ജനങ്ങൾ അവരുടെ ജീവിതം എത്രത്തോളം വിജയകരവും സുന്ദരവും ആണെന്നും ആത്മവിശ്വാസം നിറഞ്ഞതാണെന്നുമൊക്കെ തെളിയിക്കാനുള്ള ഇടമായാണ് സോഷ്യൽ മീഡിയയെ കാണുന്നത്. ഇതിനു ലഭിക്കുന്ന ലൈക്കുകളുടെയും കാഴ്ചക്കാരുടെയും കമന്റുകളുടെയുമൊക്കെ കാര്യത്തിൽ മത്സരബുദ്ധി ഉണ്ടാവുന്നു. തൽഫലമായി തുടർച്ചയായി പോസ്റ്റുകൾ പങ്കുവെക്കുകയും ഇടയ്ക്കിടെ പരിശോധിക്കുകയും ആശങ്കപ്പെടുകയുമൊക്കെ ചെയ്യുന്നു. അതിനാൽ ഇവയിൽ നിന്ന് ഒരിടവേള എടുക്കുന്നത് മാനസിക പിരിമുറുക്കം കുറച്ച് സമാധാനം നൽകുമെന്നും ഈ ടോക്സിക് സൈക്കിൾ ഇടയ്ക്ക് തകർക്കണമെന്നും പഠനത്തിൽ പറയുന്നു.
സാമൂഹിക മാധ്യമത്തിൽ നിന്ന് ഇടവേള എടുത്തതു വഴി ആ സമയം ഫലപ്രദമായ മറ്റുപല കാര്യങ്ങൾക്കും വേണ്ടി മാറ്റിവെക്കാൻ കഴിഞ്ഞെന്ന് പഠനത്തിൽ പങ്കെടുത്ത പലരും പങ്കുവെച്ചു. പലരും സമയത്തിന് ജോലികൾ ചെയ്തു തീർക്കുകയും ഹോബികൾക്കായി സമയം കണ്ടെത്തുകയും ചെയ്തത് മാനസികാരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്തി എന്നും പങ്കെടുത്തവർ അഭിപ്രായപ്പെടുകയുണ്ടായി.
Content Highlights: social media detox, break from social media to reduce anxiety and depression, mental health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..