വെള്ളം ആര്‍ത്തലച്ചു കയറി വന്നപ്പോള്‍ തലചായ്ക്കാന്‍ ഒരിടത്തിനായി വീടുവിട്ടിറങ്ങിയ ലക്ഷക്കണക്കിന് ആളുകളാണ് കേരളത്തിലുള്ളത്. മഴയൊന്നു ശമിച്ചു വീട്ടിലേക്കു തിരിച്ചു കയറുമ്പോള്‍ അടിഞ്ഞു കിടക്കുന്ന മണ്ണും ചെളിയും മാലിന്യങ്ങളും മാത്രമല്ല ഉഗ്രവിഷമുള്ള പാമ്പുകള്‍ വരെ പതിയിരിപ്പുണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ആശങ്കപ്പെടാതെ സംയമനത്തോടെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്. വെള്ളമൊഴിഞ്ഞ വീടുകള്‍ വൃത്തിയാക്കുമ്പോള്‍ കാണപ്പെടുന്ന പാമ്പുകളില്‍ നിന്ന് കടിയേറ്റാല്‍ സ്വീകരിക്കേണ്ട രക്ഷാമാര്‍ഗങ്ങള്‍ താഴെ നല്‍കുന്നു. 

* വെള്ളമൊഴിഞ്ഞുപോയ വീടുകള്‍ വൃത്തിയാക്കുമ്പോള്‍ കരുതലെടുക്കണം. വെള്ളക്കെട്ടുകളിലും വെള്ളം കയറിയ കെട്ടിടങ്ങള്‍ക്കുള്ളിലും പാമ്പുകള്‍ ധാരാളമുണ്ടാവും.

* എല്ലാ പാമ്പുകളും വിഷമുള്ളവയല്ല. വിഷമുള്ള പാമ്പുകള്‍ക്ക് ത്രികോണാകൃതിയിലുള്ള തലയാണ്.

* പാമ്പുകടിയേറ്റാല്‍ ആ വ്യക്തിയെ സമാധാനിപ്പിക്കണം. ഭയപ്പെടുത്തരുത്. ഭയപ്പെട്ടാല്‍ വിഷം ശരീരത്തില്‍ എളുപ്പം വ്യാപിക്കും.

* പാമ്പുകടിയേറ്റ വ്യക്തിയെ നടക്കാനോ ഓടാനോ അനുവദിക്കരുത്.

* കടിയേറ്റ വ്യക്തിയെ നിരപ്പായ പ്രതലത്തില്‍ കിടത്തുക.

* മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.

* അണുവിമുക്തമാക്കിയ ബാന്‍ഡേജോ തുണിയോ ഉപയോഗിച്ച് മുറിവ് കെട്ടണം. മുറുക്കിക്കെട്ടരുത്. ഒരു വിരല്‍ ഇറങ്ങാവുന്ന അയവില്‍ മാത്രം തുണി കെട്ടുക.

* മുറിവുള്ള ഭാഗം കത്തിയോ മറ്റോ ഉപയോഗിച്ച് വലുതാക്കരുത്.

* മുറിവിലെ വിഷം വായ ഉപയോഗിച്ച് വലിച്ചെടുക്കാന്‍ ശ്രമിക്കരുത്.

* പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം എത്രയുംവേഗം ആശുപത്രിയില്‍ എത്തിക്കുക.

* വിഷചികിത്സയുള്ള ആശുപത്രികള്‍ക്ക് മുന്‍ഗണന നല്‍കുക.

* കഴിയുമെങ്കില്‍ ഏതിനം പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിയിക്കാന്‍ ശ്രമിക്കുക.

* പാമ്പിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുക. ഇതുകണ്ടാല്‍ അനുയോജ്യമായ ചികിത്സ നല്‍കാനാവും.

* ഇതു സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന വ്യാജസന്ദേശങ്ങളെ അവഗണിക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. വേണുഗോപാലന്‍ പി.പി.

ഹെഡ്, എമര്‍ജന്‍സി മെഡിസിന്‍

ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍

ഫോണ്‍: 9847054747.

Content Highlights: snake threat in flood affected area