കൊച്ചി: ലോക്ഡൗൺ കോവിഡ് കാലഘട്ടത്തിൽ കുട്ടികൾ അമിതമായി സാങ്കേതിക വിദ്യയ്ക്ക് അടിമപ്പെടുന്നതായും ഇതുമൂലം കുഞ്ഞുങ്ങളിൽ മാനസിക സമ്മർദം കൂടുന്നതായും മാനസികാരോഗ്യ വിദഗ്ദ്ധർ. സ്ക്രീൻ അഡിക്ഷൻ, വിഷാദം, ആകുലത, അമിത ദേഷ്യം എന്നിവയാണ് കണ്ടുവരുന്നത്.

കൂടുതൽ സമയം മൊബൈൽ, ടി.വി., കംപ്യൂട്ടർ, ടാബ് തുടങ്ങിയവയുടെ ഉപയോഗമാണ് ഇതിന് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഓൺലൈൻ ക്ലാസുകൾക്കു ശേഷവും പഠനത്തിനായി ഇവ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. തുടർന്ന് കളിക്കുന്നതിനും മറ്റുമായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതും മാതാപിതാക്കൾക്ക് ഇവ നിയന്ത്രിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയുമാണ് നിലവിലുള്ളത്.

ലോക്ഡൗൺ കാലത്തിനു ശേഷം ഇത്തരം പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തുന്നവരിൽ ഏകദേശം 30 ശതമാനത്തോളം വർധനയുണ്ടായതായാണ് ചൂണ്ടിക്കാട്ടുന്നത്. പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരു ദിവസം ആകെ രണ്ട് മണിക്കൂർ ആണ് സ്ക്രീൻ സമയം ആയി അനുവദിക്കുന്നത്. എന്നാൽ, ഓൺലൈൻ ക്ലാസുകളുടെ സമയംതന്നെ ഇതിൽ കൂടുതലുണ്ട്. തുടർന്നും കുട്ടികൾ ഇവയുമായി സമയം ചെലവഴിക്കുന്നുണ്ട്. ഇതാണ് കുട്ടികളിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് കോഴിക്കോട് ഇംഹാൻസ് സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗം എച്ച്.ഒ.ഡി. ഡോ. സീമ പി. ഉത്തമൻ പറഞ്ഞു.

പാഠഭാഗങ്ങൾ തീർക്കാനുള്ള മാതാപിതാക്കളുടെ അമിത ഉത്‌കണ്ഠയും ഏറെ നേരം സാങ്കേതിക വിദ്യയുമായുള്ള കുഞ്ഞുങ്ങളുടെ ഇടപഴകലിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

ഫോൺ കിട്ടാതെ വരുമ്പോൾ മാതാപിതാക്കളെ ഉപദ്രവിക്കുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണം കൂടുന്നുണ്ട്. മദ്യപന് മദ്യം കിട്ടാതെ വരുമ്പോഴുള്ള ആസക്തിയാണ് കുട്ടികൾ ഇവിടെ പ്രകടമാക്കുന്നതെന്ന് കൊച്ചി ലിസി ആശുപത്രി സീനിയർ സൈക്യാട്രിസ്റ്റ് ഡോ. സഞ്ജു ജോർജ് പറഞ്ഞു.

സ്ക്രീൻ അഡിക്ഷനു പുറമേ ഗെയിം അഡിക്ഷനും ഇന്ന് കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത് കുട്ടികളിൽ ശ്രദ്ധക്കുറവ്, അസ്വസ്ഥത, ഏകാഗ്രതക്കുറവ് എന്നിവയ്ക്ക് കാരണമാകും.

ഫോൺ കുട്ടികളിൽനിന്ന് മാറ്റാൻ ശ്രമിക്കുമ്പോൾ അതിനു പകരം എന്ത് ചെയ്യാമെന്ന് അവരെ മാതാപിതാക്കൾ ബോധ്യപ്പെടുത്തുകയും വേണം. സുഹൃത്തുക്കളായ വരുടെ കൂടെ സമയം ചെലവഴിക്കുമ്പോൾ ഇത്തരം പ്രവണതകളിൽനിന്ന് അവരെ മാറ്റാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

Content Highlights:Smartphone addiction of kids, Health