ന്യൂഡല്‍ഹി: മന്ദഗതിയിലുള്ള വാക്‌സിന്‍വിതരണവും സാര്‍സ് കോവി-2 വൈറസിനുണ്ടായ ജനിതകമാറ്റവും രോഗപ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലെ അശ്രദ്ധയും രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായതായി ആരോഗ്യവിദഗ്ധര്‍.

വാക്‌സിനെടുത്തുകഴിഞ്ഞാലും ആളകലം പാലിക്കലും മാസ്‌ക് ധരിക്കലും കൈകഴുകലുംപോലുള്ള കാര്യങ്ങള്‍ നിര്‍ത്തരുതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചവന്നെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ വൈറോളജി പ്രൊഫസര്‍ ടി. ജേക്കബ് ജോണും ഹരിയാണയിലെ അശോക സര്‍വകലാശാലാ ത്രിവേദി സ്‌കൂള്‍ ഓഫ് ബയോസയന്‍സസിന്റെ ഡയറക്ടര്‍ ഷാഹിദ് ജമീലും പറഞ്ഞു.

സര്‍ക്കാരാണ് പ്രതിരോധത്തില്‍ ആദ്യം വിട്ടുവീഴ്ചചെയ്തത്. രാഷ്ട്രീയപ്പാര്‍ട്ടികളും മതസംഘങ്ങളും പൊതുജനവും അതു പിന്തുടര്‍ന്നു. ജീവനക്കാര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കാതെ സ്‌കൂളും കോളേജും തുറന്നു. ഇതുകൊണ്ടുകൂടിയാണ് കോവിഡിന്റെ രണ്ടാംതരംഗമുണ്ടായത്. തിരഞ്ഞെടുപ്പുകാലമായതിനാല്‍ നേതാക്കള്‍ കര്‍ശനനിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുമില്ല -ഡോ. ജോണ്‍ പറഞ്ഞു.

ഇതുവരെ 0.7 ശതമാനം പേര്‍ക്കുമാത്രമാണ് ഇന്ത്യയില്‍ വാക്‌സിന്റെ രണ്ടുഡോസും ലഭിച്ചത്. അഞ്ചുശതമാനത്തോളം പേര്‍ക്ക് ആദ്യ ഡോസും കിട്ടി. കോവിഡിനെ തടയുന്നതില്‍ ഇത് കാര്യമായ ചലനമുണ്ടാക്കില്ല. രണ്ടാംവരവില്‍ യുവാക്കളെയും കോവിഡ് പിടികൂടിയേക്കാം. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ 18 വയസ്സുകഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണം. അല്ലാത്ത സംസ്ഥാനങ്ങളില്‍ 45 കഴിഞ്ഞ എല്ലാവരും വാക്‌സിനെടുക്കണം. വാക്‌സിന്‍ വിതരണവും കുത്തിവെപ്പും സന്തുലനമായിപ്പോകണം -ജമീല്‍ പറഞ്ഞു. കോവിഡിന്റെ രണ്ടാംവ്യാപനം ഏപ്രില്‍ മധ്യത്തോടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുെമന്ന് കാണ്‍പുറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐ.ഐ.ടി.) ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനം തെളിയിക്കുന്നു. എന്നാല്‍, മേയ് അവസാനത്തോടെ രോഗബാധയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും പഠനം വ്യക്തമാക്കുന്നു.

Content Highlights: Slow pace of vaccine delivery has led to the spread of Covid19, Corona Virus, Covid Vaccine