ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതിഗുരുതരം. ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 24,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും വലിയ രോഗബാധയാണിത്. പോസിറ്റിവിറ്റി നിരക്ക് 24 ശതമാനവുമായി.

സ്ഥിതി ഗുരുതരവും ആശങ്ക ജനിപ്പിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. വന്‍തോതില്‍ കുതിച്ചുയരുകയാണ് കോവിഡ്. ഏതാനും ദിവസംവരെ എല്ലാം നിയന്ത്രണവിധേയമായിരുന്നു. ഇപ്പോഴത്തെ വൈറസ് വ്യാപനം എന്ന് അവസാനിക്കുമെന്ന് പറയാനാവില്ല. ഓക്‌സിജന്‍ സംവിധാനമുള്ള ചികിത്സാസൗകര്യത്തിന് ക്ഷാമമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ കിടക്കകള്‍ ലഭ്യമാക്കാനുള്ള ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച 19,486 പേര്‍ക്കായിരുന്നു രോഗബാധ. കോവിഡ് കിടക്കകളുടെ എണ്ണം കൂട്ടാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനുമായി ചര്‍ച്ചനടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Situation in Delhi critical; 24,000 new Covid patients