Representative Image| Photo: Canva.com
അഗളി: അട്ടപ്പാടിയിൽ അരിവാൾരോഗം പൂർണമായി നിർണയിക്കാനുള്ള പരിശോധന നിലച്ചു. ബുധനാഴ്ച അട്ടപ്പാടിയിൽ വിവിധ ഊരുകളിൽനിന്ന് എത്തിയവർ പരിശോധനയില്ലാതെ മടങ്ങേണ്ടിവന്നു.
ലാബ് ടെക്നീഷ്യനും പരിശോധനാകിറ്റുമില്ലാത്തതിനാലാണ് പരിശോധന നടത്താൻ കഴിയാത്തതെന്ന് അട്ടപ്പാടി മെഡിക്കൽ ഓഫീസറും അഗളി സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ടുമായ ജോജോ ജോൺ പറഞ്ഞു. അരിവാൾരോഗത്തിന്റെ പ്രാഥമിക രക്തപരിശോധന നടത്തുന്നതാണ് സോലിബിലിറ്റി ടെസ്റ്റ്. പൂർണ സ്ഥിരീകരണത്തിന് ഇലക്‌ട്രോ ഫോസസ് എന്ന പരിശോധനയും നടത്തണം.
രണ്ടാഴ്ചമുൻപാണ് രോഗം സ്ഥിരീകരിക്കാനുള്ള ഇലക്‌ട്രാ ഫോസസ് യന്ത്രം സ്ഥാപിച്ചത്. ഇതിനുശേഷം രണ്ട് ബുധനാഴ്ചകളിൽ പരിശോധന നടത്തി. ഇതിൽ പ്രാഥമികപരിശോധന നടത്തിയവർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഈ കണക്കുകൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.
ക്യാമ്പുകളുണ്ട്, പരിശോധനകളില്ല
എല്ലാ ബുധനാഴ്ചയും മൊബൈൽ മെഡിക്കൽ യൂണിറ്റ് അരിവാൾരോഗ ക്യാമ്പ് സംഘടിപ്പിക്കാറുണ്ടെങ്കിലും പരിശോധനകൾ നടത്താറില്ല.
നാലുമാസംമുൻപ് അട്ടപ്പാടിയിൽ 591 പേരെ പ്രാഥമികമായി പരിശോധിച്ചതിൽ 106 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ പരിശോധന പൂർണമല്ലെന്നുപറഞ്ഞ് ആരോഗ്യവകുപ്പ് തള്ളുകയുംചെയ്തു. ഇവരുടെ തുടർപരിശോധനയും നടത്തിയിട്ടില്ല.
ഇതിനുമുമ്പ് അട്ടപ്പാടിയിൽ 2013-ലാണ് അവസാനമായി അരിവാൾരോഗ സ്ഥിരീകരണ പരിശോധന നടത്തിയത്. ഈ കണക്കുപ്രകാരം 150 പേർക്ക് മാത്രമാണ് അരിവാൾ രോഗമുള്ളത്. വയനാട്ടിൽ ആദിവാസികൾക്കും മറ്റുള്ളവർക്കും പരിശോധന നടത്തി പെൻഷനും പോഷകാഹാരക്കിറ്റും വിതരണംചെയ്യുന്നുണ്ട്. 2013-ൽ അട്ടപ്പാടിയിൽ ആദിവാസിസമൂഹത്തിലുള്ളവർക്കു പരിശോധന മാത്രമാണ് നടത്തിയത്. അതും പൂർണമല്ല.
Content Highlights: sickle cell disease testing has stopped in Attappadi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..