Representative Image | Photo: Gettyimages.in
കാഞ്ഞങ്ങാട്: ചൊവ്വാഴ്ച ലോക ആസ്ത്മദിനം. എല്ലാ വർഷവും മേയിലെ ആദ്യ ചൊവ്വാഴ്ചയാണ് ലോക ആസ്ത്മദിനമായി കൊണ്ടാടുന്നത്. കോവിഡിനുശേഷം ശ്വാസംമുട്ടൽ കൂടിവരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
കോവിഡ് ബാധിച്ചവരിൽ പൊതുവേ അലർജി രോഗം കണ്ടുവരുന്നുണ്ടെന്നും ഇതിൽ കൂടുതലും ശ്വാസംമുട്ടാണെന്നും ഡോക്ടർമാർ പറയുന്നു. ആസ്ത്മ രോഗനിയന്ത്രണത്തിനായി ജില്ലയിൽ ശ്വാസ് പ്രോഗ്രാം എന്ന പദ്ധതിതന്നെ നിലവിലുണ്ട്. കോവിഡിനുശേഷം ഈ പദ്ധതി അത്രയും കാര്യക്ഷമമല്ല. ജില്ലാ ആസ്പത്രിയിലും ജനറൽ ആസ്പത്രിയിലും ജില്ലയിലെ എല്ലാ കുടുംബാരോഗ്യകേന്ദ്രങ്ങളിലും ഈ പദ്ധതി വഴി സ്ഥാപിതമായ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഓരോ ആരോഗ്യസ്ഥാപനത്തിലും ഡോക്ടറുൾപ്പെടെയുള്ളവരുടെ ഒരു ടീം പ്രവർത്തിക്കുന്നു. ശ്വാസംമുട്ടലുള്ളവർ ഇൻഹേലർ ഉപയോഗത്തോട് മുഖം തിരിക്കരുതെന്നാണ് ശ്വാസ് പ്രോഗ്രാം ടീമിലെ ഡോക്ടർമാർ പറയുന്നത്.
ചികിത്സ കൃത്യമാണെന്ന് ഉറപ്പുവരുത്തലാണ് മറ്റൊരു മുഖ്യഘടകം. പൊതുവെ കുട്ടികൾക്കിടയിലാണ് ശ്വാസംമുട്ടൽ കൂടുതലായി കണ്ടുവരുന്നത്.
പുകവലിക്കുന്നവർക്ക് 60 വയസ്സുകഴിയുന്നതോടെ ശ്വാസംമുട്ടൽ ഉണ്ടാകുന്നു. പെട്ടെന്നുള്ള കിതപ്പ് ഒരു മുന്നറിയിപ്പാണ്. ഇടയ്ക്കിടെയുണ്ടാകുന്ന തുമ്മലാണ് മറ്റൊരു ലക്ഷണം.
കോവിഡിനുശേഷം ശ്വാസംമുട്ടൽ കൂടുന്നത് ക്ഷയരോഗബാധയുടെ സൂചനയാകാമെന്നും അതിനാൽ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഒട്ടും താമസിയാതെ ചികിത്സ നടത്തണമെന്നും ഡോക്ടർമാർ പറയുന്നു.
നേരത്തേതന്നെ അലർജി രോഗ ഒ.പി.യിലെത്തുന്നവരിൽ 40-നും 50 ശതമാനത്തിനുമിടയിൽ ശ്വാസംമുട്ടലുള്ളവരാണ്.
കോവിഡിനുശേഷം അലർജി രോഗവുമായി ഒ.പി.യിലെത്തുന്നവരിൽ ശ്വാസംമുട്ടലുള്ളത് 60 ശതമാനത്തിനു മുകളിലാണെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്.
കൃത്യമായ ചികിത്സ ഉറപ്പാക്കണം
കൃത്യമായ ചികിത്സയിലൂടെ പൂർണ നിയന്ത്രണത്തിലാക്കാവുന്ന അസുഖമാണ് ആസ്ത്മ. ഇൻഹേലർ മരുന്നുകളുടെ ശരിയായ ഉപയോഗം ആസ്ത്മ വഷളാവുന്നത് തടയുന്നു. പുകവലിശീലം, തണുപ്പിച്ചത് കഴിക്കുന്ന ശീലം, പൊടിപടലങ്ങൾ അമിതമായി ശ്വസിക്കുന്നത് എന്നിവ ഒഴിവാക്കണം
ഡോ.കെ.സി പ്രവീൺ
ജൂനിയർ കൺസൽട്ടന്റ്
(ശ്വാസകോശരോഗ വിഭാഗം)
ജില്ലാ ആസ്പത്രി, കാഞ്ഞങ്ങാട്
Content Highlights: shortness of breath after covid, asthma after covid, world asthma day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..