Representative Image| Photo: Canva.com
കൊച്ചി: സമയത്ത് മരുന്ന് കുത്തിവെക്കാനാകാതെ, ഒരു വര്‍ഷത്തിനിടെ മരിച്ചത് പത്ത് ഹീമോഫീലിയ രോഗബാധിതര്‍. ഹീമോഫീലിയ ബാധിതര്‍ക്ക് ഹോം തെറാപ്പി സംവിധാനം ആരംഭിക്കുമെന്ന് കഴിഞ്ഞ ഹീമോഫീലിയ ദിനത്തില്‍ ആരോഗ്യമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, അത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. ഫലമോ - പല രോഗികളും മരണത്തിന് കീഴടങ്ങേണ്ടി വന്നു. ഹീമോഫീലിയ അടക്കമുള്ള രക്തസ്രാവ രോഗികള്‍ക്ക് ഏതു സമയത്തും രക്തസ്രാവം ഉണ്ടാകാം. കൃത്യസമയത്ത് രക്തഘടകങ്ങള്‍ കുത്തിവെച്ചില്ലെങ്കില്‍ മരണംപോലും സംഭവിക്കാം. ഇത് ഒഴിവാക്കാന്‍ രണ്ട് ഡോസ് മരുന്നെങ്കിലും വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതി വേണമെന്നാണ് രോഗികളുടെ ആവശ്യം. വീടുകളില്‍ രക്തഘടകങ്ങള്‍ സൂക്ഷിച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ഹോം തെറാപ്പി. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നതാണിത്.
കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ രക്തത്തില്‍ ഇല്ലാത്തതുകൊണ്ട്, മുറിവുണ്ടായാല്‍ രക്തസ്രാവം നിലയ്ക്കാതെ വരുന്ന രോഗാവസ്ഥയാണ് ഹീമോഫീലിയ. രക്തഘടകങ്ങള്‍ കുത്തിവെക്കേണ്ടി വരും. സമയത്ത് മരുന്ന് കുത്തിവെച്ചില്ലെങ്കില്‍ മരണമോ അംഗവൈകല്യമോ സംഭവിക്കാം. നേരത്തേ കാരുണ്യ ഫാര്‍മസിയില്‍നിന്ന് രക്തഘടകങ്ങളായ ഏഴ്, എട്ട്, ഒമ്പത്, വോണ്‍വില്ലിബ്രാന്‍ഡ് എന്നിവ ലഭിച്ചിരുന്നു. കാരുണ്യ നിര്‍ത്തലാക്കി ആശാധാര പദ്ധതിയിലേക്ക് വന്നതോടെ ഇതു പലതും കിട്ടാതായി.
കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം മരുന്ന് കുത്തിവെക്കുന്ന പ്രോഫിലാക്സിസ് ചികിത്സാ രീതിയുണ്ട്. ജില്ലയിലെ ഹീമോഫീലിയ കേന്ദ്രത്തില്‍ ബുധന്‍, ശനി ദിവസങ്ങളിലാണ് കുത്തിവെപ്പ്. അതിനാല്‍, കൃത്യമായി സ്കൂളില്‍ പോകാന്‍ സാധിക്കില്ല. ഇത് പഠനത്തെ ബാധിക്കും. മരുന്ന് കുത്തിവെക്കാന്‍ അമ്പതിലേറെ കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വരുന്നവരുണ്ട്. ദീര്‍ഘദൂര യാത്രകള്‍ ഇവര്‍ക്ക് ആന്തരിക രക്തസ്രാവം ഉണ്ടാക്കാന്‍ സാധ്യതയേറെയാണ്. ഇത് ആരോഗ്യനില സങ്കീര്‍ണമാക്കും.
ഹോം തെറാപ്പി സംവിധാനം ഒരുക്കണമെന്ന് ഹീമോഫീലിയ നോഡല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ഹീമോഫീലിയ സൊസൈറ്റി കൊച്ചി ചാപ്റ്റര്‍ സെക്രട്ടറി വിനോദ് അരവിന്ദാക്ഷന് പറഞ്ഞു. സര്‍ക്കാരിന്റെ ആരോഗ്യ ചികിത്സാ പദ്ധതിയെ ഹീമോഫീലിയ കേന്ദ്രം നോഡല്‍ ഓഫീസിലെ ചിലര്‍ അട്ടിമറിക്കുകയാണെന്നും ആരോപണമുണ്ട്.
Content Highlights: shortage of haemophilia drugs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..