സെലിന ഗോമസ് | Photos: instagram.com/selenagomez/
ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് അമേരിക്കൻ നടിയും ഗായികയുമായ സെലിന ഗോമസ്. വിഷാദരോഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും ലൂപസ് രോഗത്തെ നേരിട്ടതിനെക്കുറിച്ചുമൊക്കെ സെലിന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ട്വിറ്ററിൽ സെലിന പങ്കുവെച്ച ഒരു വീഡിയോക്ക് കീഴെ ഒരാൾ ഇട്ട കമന്റും അതിന് സെലിന നൽകിയ മറുപടിയുമാണ് ശ്രദ്ധിക്കപ്പെടുന്നത്.
തന്റെ ചർമപരിപാലനത്തെക്കുറിച്ച് സെലിന പങ്കുവെച്ച വീഡിയോക്കു കീഴെയാണ് ചോദ്യം വന്നത്. എന്തുകൊണ്ടാണ് സെലിനയുടെ കൈകൾ ഇങ്ങനെ വിറയ്ക്കുന്നത് എന്നായിരുന്നു ചോദ്യം. തന്റെ രോഗത്തെക്കുറിച്ച് നിരന്തരം തുറന്നുപറയാറുള്ള സെലിന ഇക്കുറിയും മറച്ചുവെച്ചില്ല. ലൂപസ് രോഗത്തിനുള്ള മരുന്നു കഴിക്കുന്നതുകൊണ്ടാണ് തനിക്ക് വിറയൽ അനുഭവപ്പെടുന്നത് എന്നാണ് സെലിന പറഞ്ഞത്.
ഈ മാസമാദ്യമാണ് മുഖത്തെ മേക്അപ് നീക്കം ചെയ്യുന്ന വിധത്തെക്കുറിച്ച് സെലിന വീഡിയോ പങ്കുവെച്ചത്. ഇതിനിടയിൽ സെലിനയുടെ കൈകൾ വിറയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടവരാണ് കമന്റുകളും ചോദ്യങ്ങളുമായി എത്തിയത്.
2014ലാണ് സെലിനയ്ക്ക് ലൂപസ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യത്തിന്റെ ഓരോ പുരോഗതിയെക്കുറിച്ചും സെലിന പങ്കുവെച്ചിരുന്നു. 2017ൽ രോഗത്തിന്റെ ഫലമായി വൃക്കയ്ക്ക് തകരാർ വന്നതോടെ സെലിനയുടെ ആത്മാർഥ സുഹൃത്തായ ഫ്രാൻസിയ റെയ്സാണ് തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്തത്.
എന്താണ് ലൂപസ് രോഗം?
രോഗപ്രതിരോധ സംവിധാനത്തിന് തകരാർ സംഭവിക്കുന്നതാണ് ലൂപസ് വരാനുള്ള കാരണം. സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂൺ അസുഖത്തിന്റെ ചുരുക്കപ്പേരാണ് SLE അഥവാ 'ലൂപസ്'. രോഗപ്രതിരോധ സംവിധാനം ശരീരത്തിനെതിരെ തിരിഞ്ഞ് ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ത്വക്ക്, സന്ധികൾ, ശ്വാസകോശം, മസ്തിഷ്‌കം, കണ്ണ്, നാഡികൾ മുതലായ ഒട്ടുമിക്ക അവയവങ്ങളെയും രോഗം ബാധിക്കാം.
രോഗലക്ഷണങ്ങൾ
- രോഗത്തിന്റെ തുടക്കത്തിൽ ത്വക്കിലുണ്ടാകുന്ന ചുവന്ന ഫോട്ടോസെൻസിറ്റീവ് പാടുകളായോ കവിൾത്താടങ്ങളിലെ ചുവന്ന പുള്ളികളായോ (Butterfly rash) കാണാം.
- അടിക്കടി വായിലുണ്ടാകുന്ന പുണ്ണുകൾ, സന്ധികളിൽ ഉണ്ടാകുന്ന വേദന, നീർക്കെട്ട്
- വിട്ടുമാറാത്ത പനി
- അതിയായ ക്ഷീണം
- തലയോട്ടി കാണും വിധമുള്ള മുടികൊഴിച്ചിൽ
Content Highlights: selena gomezs about hands trembling in new video, lupus disease symptoms and causes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..