Representative Image | Photo: Gettyimages.in
കിൻഷസ: കോംഗോയിൽ വീണ്ടും എബോള ബാധ മൂലം മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ എബോള ബാധിച്ച് കോംഗോയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. എബോള വൈറസ് കോംഗോയിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ടതായി ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയതിനു പിന്നാലെയാണ് രണ്ടു മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.
ബാൻഡകയിൽ തന്നെയാണ് രണ്ടാമത്തെ എബോള ബാധിച്ചുള്ള മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ചുകാരിയായ പെൺകുട്ടിക്ക് പന്ത്രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്. എബോള ബാധ മൂലം ആദ്യം മരണപ്പെട്ട രോഗിയുടെ അടുത്ത ബന്ധു ആണ് ഇപ്പോൾ മരണമടഞ്ഞത്.
എബോള ബാധ മൂലം കഴിഞ്ഞ ദിവസം ഒരു രോഗി മരിച്ചതിനു പിന്നാലെയാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എബോള പൊട്ടിപ്പുറപ്പെട്ടതായി പ്രഖ്യാപിച്ചത്. 2018-നു ശേഷം ആറാം തവണയാണ് കോംഗോയിൽ എബോള ബാധയുണ്ടാകുന്നത്.
ബാൻഡകയിൽനിന്നുള്ള മുപ്പത്തിയൊന്നുകാരനായ രോഗിയാണ് ഈയാഴ്ച ആദ്യം എബോള മൂലം മരണമടഞ്ഞത്. ഏപ്രിൽ അഞ്ചു മുതൽ രോഗലക്ഷണങ്ങൾ കണ്ടുവന്നിരുന്നു. ഒരാഴ്ചയോളം വീട്ടിൽ ചികിത്സിച്ചതിനു ശേഷം പ്രാദേശിക ആരോഗ്യ സംവിധാനത്തിന് കീഴിൽ ചികിത്സയ്ക്കെത്തിയിരുന്നു. ഏപ്രിൽ ഇരുപത്തിയൊന്നിനാണ് രോഗിയെ കൂടുതൽ ചികിത്സയ്ക്കായി എബോള ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയത്. അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗി തൊട്ടടുത്ത ദിവസം മരണത്തിനിരയാകുകായിരുന്നു.
രോഗിയുടെ ലക്ഷണങ്ങളിൽനിന്ന് എബോള ബാധിച്ചതായി സംശയം തോന്നിയ ആരോഗ്യപ്രവർത്തകർ ഉടൻതന്നെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നു വരികയാണെന്ന് ഗ്ലോബൽ ഹെൽത്ത് ഏജൻസി അറിയിച്ചു.
എബോള നിയന്ത്രണത്തിൽ കോംഗോയിലെ ആരോഗ്യ പ്രവർത്തകർ ലോകത്തിലെ മറ്റാരേക്കാളും പ്രവർത്തി പരിചയമുള്ളവരാണ് എന്നതാണ് പ്രതീക്ഷ പകരുന്ന വാർത്ത എന്ന് കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയിലെ റീജിയനൽ ഡയറക്ടർ ഡോ. മറ്റ്ഷിദിസു മൊയേറ്റി പറഞ്ഞു.
കോംഗോയിൽ എബോള വ്യാപനത്തെ തടയാനുള്ള പരിശോധനകളും സമ്പർക്ക പട്ടികകളും തയ്യാറാക്കി വരികയാണ്. ഒപ്പം വാക്സിനേഷൻ യജ്ഞങ്ങളും ഉടൻ ആരംഭിക്കും.
1976 മുതലുള്ള കണക്കെടുത്താൽ പതിനാലാം തവണയാണ് കോംഗോയിൽ എബോള പൊട്ടിപ്പുറപ്പെടുന്നത്. 2018-നു ശേഷം മാത്രമുള്ള ആറാമത്തേതാണ് ഇത്.
ബാൻഡകയിലുള്ള ഭൂരിപക്ഷം പേരും ഇതിനകം എബോളയ്ക്കെതിരായ വാക്സിൻ സ്വീകരിച്ചിട്ടുള്ളവരാണ്. ഇത് രോഗത്തിന്റെ ആഘാതം കുറയ്ക്കുമെന്നും മറ്റ്ഷിദിസു മൊയേറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കി. 2020-ൽ എബോള പൊട്ടിപ്പുറപ്പെട്ടപ്പോൾ വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കെല്ലാം വീണ്ടും വാക്സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എബോള നദിക്കരയിൽനിന്ന് ഉത്ഭവിച്ച എബോള വൈറസ് രോഗത്തെ കുറിച്ചറിയാം
1. വൈറസ് വ്യാപനം
വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗംകാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.
2. ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.
സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾ രോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.
3. മുൻകരുതൽ എന്തൊക്കെ?
രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യ രോഗമായതിനാൽ തന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയാ മുൻകരുതൽ രോഗംപകരുന്നത് തയാൻ കഴിയും.
രോഗബാധിതരുടെയോ, രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..