ണുപ്പുള്ളത് കഴിക്കുമ്പോൾ പല്ല് വേദന ഉണ്ടാകാറില്ലേ? ഇതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. പല്ലിന്റെ ഡെന്റിൻ ഭാ​ഗത്തുള്ള ഒഡോന്റോബ്ലാസ്റ്റുകൾ എന്ന കോശങ്ങളാണ് പല്ലുവേദനയ്ക്ക് കാരണം. സയൻസ് അഡ്വാൻസസ് എന്ന ​ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

ചെറിയ രക്തക്കുഴലുകളും നാഡികളും ഉൾപ്പെടുന്ന  ഇനാമലിനെ പൊതിയുന്ന ഡെന്റൽ പൾപ്പ് എന്ന കവചത്തെ രൂപപ്പെടുത്തുന്നത് ഒഡോന്റോബ്ലാസ്റ്റുകളാണ്. ഇവയാണ് പല്ലിന്റെ ആകൃതിയെ രൂപപ്പെടുത്തുന്നതും തണുപ്പ് തിരിച്ചറിയാൻ സഹായിക്കുന്നതുമെന്നും മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ സെന്റർ ഫോർ ഇന്റ​ഗ്രേറ്റഡ് ഡയ​ഗ്നോസ്റ്റിക്സ് മെഡിക്കൽ ഡയറക്ടറും ​ഗവേഷണ റിപ്പോർട്ട് തയ്യാറാക്കിയ സംഘത്തിലെ മുതിർന്ന അം​ഗവുമായ ജോചെൻ ലെന്നേഴ്സ് പറഞ്ഞു. ഒഡോന്റോബ്ലാസ്റ്റുകളുടെ പുതിയ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉണ്ടായ ഈ പുതിയ കണ്ടെത്തലുകൾ ശാസ്ത്രലോകത്തിന് കൗതുകകരമായ ഒന്നാണ്. പല്ലുവേദന തടയുന്നതിനായി ഈ കോശങ്ങളിൽ ചെലുത്തേണ്ട കാര്യങ്ങൾ എന്തെന്നും ഇപ്പോൾ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പല കാരണങ്ങൾ കൊണ്ടും തണുപ്പ് മൂലമുള്ള പല്ലുവേദന ഉണ്ടാകാം. തണുപ്പ് മൂലം പല്ലിലെ ദ്വാരത്തിൽ പലർക്കും കഠിനമായി വേദന അനുഭവപ്പെടാറുണ്ട്. പ്രായമാകുമ്പോൾ മോണയിൽ ദ്രവിക്കൽ ഉണ്ടാകുന്നതും ഇതിന് ഇടയാക്കാം. 

പല്ലുവേദനയെക്കുറിച്ച് പഠിക്കുക എന്നത് കഠിനമായ ഒരു കാര്യമായിരുന്നു. പല്ലിന്റെ കാഠിന്യമാണ് ഇതിന് കാരണം. ​​ഗവേഷണത്തിന്റെ ഭാ​ഗമായി കൃത്രിമമായി പല്ലുവേദന സൃഷ്ടിക്കണമെങ്കിൽ പല്ല് തുറക്കണം. അതിനാൽ എലികളിലാണ് പഠനം നടത്തിയത്. 

ഒഡോന്റോബ്ലാസ്റ്റുകളിലൂടെ തണുപ്പിനെ കടത്തിവിട്ട് നാഡികളിൽ പ്രതികരണം സൃഷ്ടിക്കുന്നതിന് കാരണം ടി.ആർ.സി.പി. 5 എന്ന പ്രോട്ടീനാണ്. വേദനയും ഹെെപ്പർ സെൻസിറ്റിവിറ്റിയുമാണ് ഇത്തരത്തിൽ ഉണ്ടാവുക. പല്ലിനെ അപകടത്തിൽ നിന്ന് സംരക്ഷിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായിരിക്കും തണുപ്പിനോടുള്ള ഈ പ്രതികരണം എന്നും അദ്ദേഹം പറഞ്ഞു. 

​ഗ്രാമ്പൂവിന്റെ എണ്ണ പല്ലവേദനയ്ക്കുള്ള പരിഹാരമായി ഉപയോ​ഗിക്കാറുണ്ട്. ഈ എണ്ണയിൽ അടങ്ങിയ യൂജനോൾ എന്ന ഘടകത്തിന് ടി.ആർ.സി.പി. 5 പ്രോട്ടീന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ കഴിയും. 

പല്ലുവേദനയുടെ ചികിത്സയ്ക്ക് പരിഹാരമാകാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് ​ഗവേഷകർ അഭിപ്രായപ്പെടുന്നത്. 

Content Highlights: Cold induces toothache, hypersensitivity and how to stop it, Health