ഷിക്കാഗോ: പ്ലേറ്റ്ലെറ്റുകളില്‍ വിഷാദരോഗത്തിന്റെ തീവ്രത മനസ്സിലാക്കാനാവുന്ന ഘടകം കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍.

രോഗിയുടെ രക്തപരിശോധനയിലൂടെ വിഷാദരോഗത്തിനു കാരണമാകുന്ന ഘടകവും അതിനുള്ള ചികിത്സയും മരുന്നുകളും ഫലം ചെയ്യുന്നുണ്ടോ എന്നും മനസ്സിലാക്കാമെന്നും പറയുന്നു. അഡ്നൈലില്‍ സൈക്ലേസിന്റെ അളവ് കുറയുമ്പോഴാണ് വിഷാദം അധികരിക്കുന്നത് എന്ന മുന്‍കാല പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പഠനം. യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിലെ പ്രൊഫസര്‍ മാര്‍ക് റാസ്നെക്കിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പഠനത്തിനു പിന്നില്‍. പഠനം മോളിക്യുലാര്‍ സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ചു.

നാഡീകോശങ്ങള്‍ തമ്മില്‍ ആശയവിനിമയത്തിനു സഹായിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളായ സെറാറ്റോനിന്റെയും എപിനെഫ്രിന്റെയും പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോശത്തിനുള്ളില്‍ ഉണ്ടാകുന്ന ചെറിയ തന്മാത്രയാണ് അഡ്നൈലില്‍ സൈക്ലേസ്.

ഈ തന്മാത്ര ഉണ്ടാക്കാന്‍ ന്യൂറോ ട്രാന്‍സ്മിറ്ററുകളെ സഹായിക്കുന്നത് ജി. പ്രോട്ടീനാണ്.

ജി.പ്രോട്ടീനിന്റെ ഭാഗമായ ജി. എസ്. ആല്‍ഫ ചര്‍മത്തിലെ കൊളസ്ട്രോള്‍ പാളിയില്‍ കുടുങ്ങിപ്പോകുന്നതാണ് അഡ്നൈലില്‍ സൈക്ലേസ് കുറയാന്‍ കാരണം.

ജി.എസ്. ആല്‍ഫയുടെ ലിപിഡ് കൂടില്‍നിന്നുള്ള സ്ഥാനചലനം കണ്ടെത്തുന്നതാണ് പുതിയ പഠനം. ഈ ഘടകം രക്തപരിശോധനയിലൂടെ കണ്ടെത്താനാവുമെന്നും റാസ്നെക്ക് പറഞ്ഞു.

Content Highlights: Scientists develop new blood test that could diagnose Depression